തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ കവരപ്പേട്ടയിൽ വെള്ളിയാഴ്ചയുണ്ടായ തീവണ്ടിയപകടസ്ഥലത്ത് എൻ.ഡി.ആർ.എഫ്. സംഘം പരിശോധന നടത്തുന്നു |ഫോട്ടോ: എ.എഫ്.പി.
കണ്ണൂർ:ഒന്നരവർഷത്തിനിടെ റെയിൽപ്പാളത്തിൽ സംഭവിച്ചത് അഞ്ച് വൻ അപകടം. ചെന്നൈയിൽ വെള്ളിയാഴ്ച തീവണ്ടിയപകടംനടന്ന ദിവസംതന്നെയാണ് കഴിഞ്ഞവർഷം ബിഹാറിൽ നോർത്ത് ഈസ്റ്റ് എക്സ്പ്രസ് (12506) പാളംതെറ്റിയത്.
വൈദ്യുതീകരണം, പാളം നവീകരണം അടക്കം റെയിൽവേ മുന്നേറിയെങ്കിലും സിഗ്നലിങ് സംവിധാനത്തിലെ പിഴവിനാണ് വലിയ വിലനൽകേണ്ടി വരുന്നത്.
2013-14ൽ 118 തീവണ്ടിയപകടങ്ങളാണ് നടന്നത്. നാലു തീവണ്ടി കൂട്ടിയിടി, 53 പാളംതെറ്റൽ ഉൾപ്പെടെയാണിത്. 2017-18ൽ 73 അപകടം. 2022-23ൽ 48. 2023 ഏപ്രിൽ-ഒക്ടോബർ 31 വരെ 25 അപകടവുമുണ്ടായി.
ബാലസോർ അപകടത്തിന് ഉത്തരവാദിത്വം സിഗ്നലിങ് ആൻഡ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിനായിരുന്നു. ബിഹാറിലെ അപകടത്തിന് കാരണം റെയിൽപ്പാളത്തിലെ തകരാർ ആണെന്ന് റെയിൽവേ കണ്ടെത്തിയിരുന്നു.
ഒന്നരവർഷത്തിനിടെ സംഭവിച്ച അഞ്ചു പ്രധാന തീവണ്ടിയപകടം
2023 ജൂണ്‍ 3- ഒഡിഷ ബാലസോര്‍-കോറമണ്ഡല്‍ എക്സ്പ്രസ്-ചരക്കുവണ്ടി-ഹൗറ-ബെംഗളൂരു എക്സ്പ്രസ് കൂട്ടിയിടി. 296 മരണം, 900 പേര്‍ക്ക് പരിക്ക്
2023 ഒക്ടോബര്‍ 11- 2023- (ബിഹാര്‍)- നോര്‍ത്ത് ഈസ്റ്റ് എക്സ്പ്രസ് ആറു കോച്ചുകള്‍ പാളം തെറ്റി 70 പേര്‍ക്ക് പരിക്ക്
2023 ഒക്ടോബര്‍ 29- (ആന്ധാപ്രദേശ്) വിശാഖപട്ടണം-പലസാ പാസഞ്ചര്‍, വിശാഖപട്ടണം-റായ്ഗാഡ പാസഞ്ചര്‍-കൂട്ടിയിടി. 15 മരണം.
2024 ജൂണ്‍ 17 -(പശ്ചിമ ബംഗാള്‍)-ജയ്പായ്ഗുഡി-കാഞ്ചന്‍ജംഗ എക്സ്പ്രസ്-ചരക്കുവണ്ടി കൂട്ടിയിടി. 15 മരണം, 41 പേര്‍ക്ക് പരിക്ക്
2024 ഒക്ടോബര്‍ 11- (ചെന്നൈ ഡിവിഷന്-തിരുവള്ളൂര്‍ കവരപ്പേട്ട) മൈസൂരു-ദര്‍ഭംഗ ബാഗ്മതി എക്സ്പ്രസ് ചരക്കുതീവണ്ടിയില്‍ ഇടിച്ചു. 19 പേര്‍ക്ക് പരിക്ക്
ലൂപ്പ് ലൈൻ അപകടം വീണ്ടും
കഴിഞ്ഞവർഷം ജൂൺ രണ്ടിന് ഒഡിഷയിലെ ബാലസോറിൽ നടന്ന അപകടത്തിന് സമാനമായ കാരണങ്ങളാണ് ചെന്നൈയിലും നടന്നതെന്നാണ് നിഗമനം. മെയിൻലൈനിൽ സിഗ്നൽ കൊടുത്തു. പക്ഷേ, ട്രാക്കിലെ പോയിന്റ്, ലൂപ്പ്ലൈനിലേക്കാണ് ഉണ്ടായിരുന്നത്. മെയിൻലൈനിലൂടെ പോകേണ്ട മൈസൂരു-ദർഭംഗ ബാഗ്മതി എക്സ്പ്രസ്, ലൂപ്പ്ലൈനിൽ നിർത്തിയിട്ട ചരക്കുതീവണ്ടിയിൽ കൂട്ടിയിടിച്ചു.
2023 ജൂൺ രണ്ടിന് ബാലസോറിൽ മെയിൻലൈനിലൂടെ വന്ന ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് (12841) പാളംമാറി ലൂപ്പ് ലൈനിൽ നിർത്തിയിട്ട ഗുഡ്സ് വണ്ടിയിൽ ഇടിക്കുകയായിരുന്നു. അതേസമയം, ഡൗൺലൈനിലൂടെ വന്ന എസ്.എം.വി.ടി. ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റിലും ഇടിച്ചു.