വൈക്കം(കോട്ടയം): അന്തഃസംസ്ഥാന ബസുകളില്‍ രേഖകളില്ലാതെ പണം കടത്തുന്നത് വ്യാപകമാകുന്നു. ഓണത്തോടനുബന്ധിച്ച് എക്സൈസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവ് പരിശോധനയില്‍ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ തലയോലപ്പറമ്പ്, പാലാ, പൊന്‍കുന്നം എന്നിവിടങ്ങളില്‍നിന്നും 1.77 കോടി രൂപയാണ് പിടിച്ചെടുത്തത്. ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത് തലയോലപ്പറമ്പില്‍നിന്നാണ്. 1.12 കോടി രൂപയും 12,000 രൂപയുടെ ബ്രിട്ടീഷ് കറന്‍സിയും ഇവിടെനിന്നും പിടികൂടി. പാലായില്‍നിന്നും 42.48 ലക്ഷവും പൊന്‍കുന്നത്തുനിന്നും 23 ലക്ഷവും പിടിച്ചെടുത്തു. പണം കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ കൊല്ലം പത്തനാപുരം മഞ്ചല്ലൂര്‍ കുണ്ടയം ജസീറ മന്‍സിലില്‍ ഷാഹുല്‍ ഹമീദ് (56), കട്ടപ്പന വെള്ളയാംകുടി സ്വദേശി മനോജ് മണി എന്നിവരെ എക്സൈസ് പിടികൂടിയിരുന്നു.
എക്സൈസ് പിടികൂടും, പോലീസിന് കൈമാറും
ബസുകളുടെ പിന്‍സീറ്റിനടിയില്‍ ബാഗിനുള്ളില്‍ കെട്ടുകളാക്കിയാണ് കടത്തുന്നവര് പണം സൂക്ഷിക്കുന്നത്. ഒറ്റനോട്ടത്തില്‍ കഞ്ചാവിന്റെ പൊതിയാണെന്നെ തോന്നുകയുള്ളൂ. തൊട്ടുസമീപത്തെ സീറ്റില്‍ പണം കടത്തുന്നയാളും ഉണ്ടാകും. പിടിച്ചെടുക്കുന്ന പണം ആദ്യം എണ്ണിതിട്ടപ്പെടുത്തും. തുടര്‍ന്ന് പ്രതിയെയും ചേര്‍ത്ത് സ്പോട്ട് മഹസര്‍ തയ്യാറാക്കി പോലീസിന് കൈമാറുകയാണ് എക്സൈസ് ചെയ്യുന്നത്.
പോലീസും ആദായനികുതിവകുപ്പും ഇ.ഡിയും
ബി.എന്‍.എസ്.എസ്. (ഭാരതീയ നഗരിക് സുരക്ഷ സന്ഹിത) സെക്ഷന്‍ 106 പ്രകാരം പ്രതിക്കെതിരേ പോലീസ് കേസെടുക്കും. തുടര്‍ന്ന് പ്രതിയില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കും. എക്സൈസിന്റെ മഹസര്‍ റിപ്പോര്‍ട്ടും പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും ചേര്‍ത്ത് പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കും. പണത്തിനുള്ളില്‍ കള്ളനോട്ട് ഉണ്ടോ എന്ന് ആദ്യം പരിശോധിക്കാന്‍ കോടതി നിര്ദേശംനല്കും. ഈ നടപടി പൂര്‍ത്തിയായ ശേഷം ട്രഷറിയില്‍ പണം അടയ്ക്കും. തുടര്‍ന്ന് കേസ് ആദായനികുതി വകുപ്പിന് കൈമാറും. മതിയായ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയാല്‍ പ്രതിക്ക് പണം ട്രഷറിയില്‍നിന്നും വാങ്ങാം.
ആദായനികുതി വകുപ്പിന്റെ അന്വേഷണത്തില്‍ പണം രാജ്യദ്രോഹകുറ്റകൃത്യങ്ങള്ക്ക് കൊണ്ടുവന്നതാണെന്ന് സൂചന ലഭിച്ചാല്‍ കോടതി നിര്‍ദേശപ്രകാരം ഇ.ഡി.(എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്), സെന്‍ട്രല്‍ ഇന്റലിജെന്‍സ് എന്നിവര്‍ക്ക് കേസ് കൈമാറും.