തിരുവനന്തപുരം: ഇ.പി. ജയരാജനെ എൽ.ഡി.എഫ്. കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ മുഖ്യമന്ത്രി അടക്കമുള്ളവര്ക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള ജയരാജന്റെ കൂടിക്കാഴ്ചയെ അന്ന് മുഖ്യമന്ത്രി ന്യായീകരിച്ചുവെന്നും എന്നാൽ ഇപ്പോൾ ഇ.പിയ്ക്ക് കുഴപ്പം എന്താണെന്ന് മനസിലാകുന്നില്ലെന്നും സതീശന് പറഞ്ഞു. മുഖ്യമന്ത്രിക്ക് കൂടി വേണ്ടിയാണ് ഇ.പി. ജാവഡേക്കറെ കണ്ടത് എന്ന ആരോപണം വീണ്ടും ഉന്നയിച്ച പ്രതിപക്ഷ നേതാവ്, കേന്ദ്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ കേസുകൾ ദുർബലപ്പെടുത്താനായിരുന്നു കൂടിക്കാഴ്ചയെന്നും ആരോപിച്ചു.
ദല്ലാൾ നന്ദകുമാറുമായിട്ടുള്ള ഇ.പിയുടെ ബന്ധത്തെ മാത്രമാണ് മുഖ്യമന്ത്രി തള്ളിയിട്ടുള്ളത്. പ്രകാശ് ജാവഡേക്കറെ കണ്ടാൽ എന്താ പ്രശ്നം, ഞാനും നിരവധി തവണ കണ്ടിട്ടുണ്ട് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്തിനാണ് മുഖ്യമന്ത്രി പ്രകാശ് ജാവഡേക്കറെ കാണുന്നത്? ഇപ്പോൾ അദ്ദേഹം കേന്ദ്രമന്ത്രിയൊന്നുമല്ലാല്ലോ. കേരളത്തിലെ ബി.ജെ.പിയുടെ ചുമതലയുള്ള ആളാണ്. പോളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ എന്തിനാണ് അദ്ദേഹത്തെ കാണുന്നത്. ഇപി ജയരാജൻ എന്തിനാണ് അദ്ദേഹത്തെ കാണുന്നത്? പോയ വഴിക്ക് വീട്ടിൽ കയറിയതാണെന്നാണ് പറഞ്ഞത്. പോയ വഴിക്ക് ഇവരാരും ഞങ്ങളുടെ വീട്ടിൽ കയറിയില്ലാല്ലോ എന്നും വി.ഡി. സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇ.പി. ജാവഡേക്കറെ കണ്ടത്. കേന്ദ്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ കേസുകൾ ദുർബലപ്പെടുത്താനാണ് കണ്ടത്. തിരഞ്ഞെടുപ്പ് കാലത്ത് ഇ.പിയെ സംരക്ഷിക്കുകയായിരുന്നു ചെയ്തത്. ഇപ്പോൾ എന്താണ് ജയരാജന്റെ കുഴപ്പമെന്നാണ് മനസ്സിലാകാത്തത്. കേരളത്തിലെ സി.പി.എമ്മിനും നേതാക്കൾക്കും ബി.ജെ.പിയുമായി ബന്ധമുണ്ട് എന്ന കാര്യം ഉറപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.