ന്യൂഡല്‍ഹി: ഇന്‍ഡിഗോ ബഹിഷ്കരണം അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി ജയരാജന്. സീതാറാം യെച്ചൂരി മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തുവരാന്‍ തന്റെ തീരുമാനം തടസമാകാന്‍ പാടില്ല എന്നതുകൊണ്ടാണ് അതില്‍ മാറ്റംവരുത്തിയതെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് വിശദീകരിച്ചു. ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ ഇ.പി തള്ളിയിട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് വിമാനക്കമ്പനി യാത്രാവലിക്ക് ഏര്‍പ്പെടുത്തുകയും പിന്നാലെ അദ്ദേഹം ഇന്‍ഡിഗോ ബഹിഷ്കരണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യെച്ചൂരി മരിച്ചതിന് പിന്നാലെ അദ്ദേഹം ബഹിഷ്കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോയി. ഇതിലാണ് വിശദീകരണം.
ഇന്‍ഡിഗോ ബഹിഷ്കരിക്കാന്‍ ചില കാരണങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതെല്ലാം അന്നുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ആ കമ്പനിയെടുത്ത നിലപാട് തികച്ചും തെറ്റായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ മുന്നിലുള്ള വിഷയം അതിനെക്കാള്‍ പ്രധാനപ്പെട്ടതാണ്. ഏറ്റവുമധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാവാണ് മരിച്ചത്. ഈ ഘട്ടത്തില്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത് അദ്ദേഹത്തെ കാണുന്നതിനാണ്.
താന്‍ നടത്തിയ ഒരു സമരമായി ഇന്‍ഡിഗോ ബഹിഷ്കരണത്തെ കണ്ടാല്‍മതി. എന്നാല്‍ സമര രീതിയെക്കാള്‍ വലുതാണ് തനിക്ക് സീതാറാം യെച്ചൂരി. അതുകൊണ്ടുതന്നെ മറ്റൊന്നും കണക്കിലെടുക്കുന്നില്ല. ആ വലിയ മനുഷ്യന്റെ, വിപ്ലവകാരിയുടെ, കമ്യൂണിസ്റ്റ് നേതാവിന്റെ മൃതദേഹം നേരില്‍ക്കണ്ട് അദ്ദേഹത്തോടുള്ള ബഹുമാനം കാണിക്കാനും ദുഃഖം രേഖപ്പെടുത്താനുമാണ് ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത്.
ചിലഘട്ടങ്ങളില്‍ ഒരു തീരുമാനമെടുത്തിട്ടുണ്ടാകും. അത് അന്നത്തെ സാഹചര്യത്തിലായിരിക്കും. ആ തീരുമാനം എല്ലാ കാലത്തേക്കുമുള്ളതാണെന്ന് ധരിക്കരുത്. എല്ലാ ഭൗതിക സാഹചര്യങ്ങളും വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ടുവേണം അടവുനയങ്ങളാവിഷ്കരിക്കാന്. അന്നത്തെ തീരുമാനം അന്നത്തെ സാഹചര്യത്തില്‍ തീര്‍ത്തും ശരിയായിരുന്നു. എന്നാല്‍ സീതാറാം യെച്ചൂരി മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തുവരാന്‍ ആ തീരുമാനം തടസമാകാന്‍ പാടില്ല. അതുകൊണ്ടാണ് തീരുമാനത്തില്‍ മാറ്റംവരുത്തിയതെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് വിശദീകരിച്ചു.
ഇ.പി-ഇൻഡിഗോ പിണക്കത്തിന്റെ കഥ
2022 മുതലാണ് ഇ.പി. ജയരാജന് ഇന്‍ഡിഗോ വിമാനക്കമ്പനിയുമായി പിണങ്ങുന്നത്. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ നടത്തിയ പ്രതിഷേധവും അവരെ ഇ.പി. ജയരാജന് തള്ളിയിട്ടതുമാണ് സംഭവങ്ങളുടെ തുടക്കം. വിമാനത്തിനുള്ളില്‍ നടന്ന സംഭവങ്ങളുടെ പേരില്‍ ഇന്‍ഡിഗോ കമ്പനി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇ.പി. ജയരാജനും വിലക്കേര്‍പ്പെടുത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രണ്ടാഴ്ചത്തെ വിലക്കും ജയരാജന് മൂന്നാഴ്ചത്തെ വിലക്കുമാണ് ഏര്‍പ്പെടുത്തിയത്.
ഇതില്‍ പ്രകോപിതനായാണ് ജയരാജന് ഇന്‍ഡിഗോ ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചത്. തനിക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നിയമവിരുദ്ധമാണെന്നും ഇന്‍ഡിഗോ നിലവാരമില്ലാത്ത കമ്പനിയാണെന്നും ജയരാജന് അന്ന് പറഞ്ഞു. നടന്നുപോയാലും ഇന്‍ഡിഗോയില്‍ കയറില്ല. വിമാനത്തിനുള്ളില്‍ അതിക്രമം കാട്ടിയവര്‍ക്ക് ഏര്‍പ്പെടുത്തിയതിനെക്കാള്‍ കൂടുതല്‍ കാലം ഇന്‍ഡിഗോ കമ്പനി തനിക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് തെറ്റാണെന്ന് ഇ.പി കുറ്റപ്പെടുത്തി. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഗുരുതരമായ തെറ്റാണ് ഇന്‍ഡിഗോ ചെയ്തതെന്നും പറ്റിയത് പിശകാണെന്ന് അവര്‍ സമ്മതിക്കണമെന്നും ഇ.പി ആവശ്യപ്പെട്ടിരുന്നു. ഇന്‍ഡിഗോ പരസ്യമായി മാപ്പ് പറയാതെ ബഹിഷ്കരണം തുടരുമെന്നാണ് അന്ന് അദ്ദേഹം സ്വീകരിച്ച പരസ്യമായ നിലപാട്.
അന്ന് എല്‍.ഡി.എഫ്. കണ്‍വീനറായിരുന്ന ഇ.പി. ജയരാജന് പിന്നീട് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രകള്‍ ട്രെയിനിലാക്കി. കണ്ണൂര്‍-തിരുവനന്തപുരം റൂട്ടില്‍ ഇന്‍ഡിഗോ മാത്രമാണ് വിമാനസര്‍വീസ് നടത്തിയിരുന്നത് എന്നതിനാല്‍ അദ്ദേഹത്തിന് മറ്റ് വിമാനക്കമ്പനികളെ ആശ്രയിക്കാന്‍ കഴിഞ്ഞില്ല.
പിന്നീട് 2023 നവംബറില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസ് ആരംഭിച്ചതോടെയാണ് ജയരാജന് വീണ്ടും കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ‘പറക്കാന്‍’ സാധിച്ചത്. ഏറെ നാളുകള്‍ക്ക് ശേഷം ജയരാജന് കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് വീണ്ടും വിമാനം കയറിയത് അന്ന് വലിയ വാര്‍ത്തയായിരുന്നു. ഒരു വര്‍ഷത്തിലേറെക്കാലമാണ് ജയരാജന് കണ്ണൂര്‍-തിരുവനന്തപുരം യാത്രകള്‍ക്ക് ട്രെയിനിനെ ആശ്രയിച്ചത്.