ന്യൂഡൽഹി: അയോധ്യ ഉൾപ്പെട്ട ഫൈസാബാദ് മണ്ഡലത്തിലെ തോൽവിക്കുപിന്നാലെ ബി.ജെ.പി. പ്രാദേശിക ഘടകത്തിനുള്ളിലെ കലാപം മറനീക്കി പുറത്തേക്ക്. സമാജ്വാദി പാർട്ടി എം.പി. അവധേഷ് പ്രസാദിനോട് പരാജയപ്പെട്ട ബി.ജെ.പി. മുൻ എം.പി. ലല്ലുസിങ് കഴിഞ്ഞ ദിവസം ജില്ലാനേതാവിനോട് കലഹിച്ച് പത്രസമ്മേളനവേദിയിൽനിന്ന് ഇറങ്ങിപ്പോയി.
ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിലുൾപ്പെട്ട മിൽകിപുരിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പി.യിലെ പുതിയ പ്രതിസന്ധി. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ ക്ഷീണം മറികടക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലയാണ് അയോധ്യ.
ക്രിമിനൽ മാഫിയകൾക്കൊപ്പം വേദി പങ്കിടാനില്ലെന്ന് പറഞ്ഞാണ് ലല്ലുസിങ് വേദി വിട്ടത്. പത്രസമ്മേളനത്തിന് വളരെമുമ്പേ എത്തിയ താൻ മാധ്യമപ്രവർത്തകരോട് സംസാരിച്ചിരിക്കവേയാണ് ക്രിമിനൽ പശ്ചാത്തലമുള്ള ചില നേതാക്കൾ വേദിയിലേക്ക് കടന്നുവന്നതെന്നും അവർക്കൊപ്പമിരിക്കാനാവാത്തതിനാൽ താൻ വേദി വിട്ടെന്നും ലല്ലുസിങ് പറഞ്ഞു.
‘‘പാർട്ടിയിൽ അച്ചടക്കവും മര്യാദയും പ്രധാനമാണ്. അതില്ലാതായാൽ വലിയ വില നൽകേണ്ടി വരും’’ -ലല്ലുസിങ് പറഞ്ഞു.എന്നാൽ, ദീർഘകാലമായി ലല്ലുസിങ്ങിനുവേണ്ടി തിരഞ്ഞെടുപ്പിലടക്കം സഹകരിച്ചുവരുന്നയാളാണ് താനെന്നും ഇപ്പോഴെങ്ങനെ അദ്ദേഹത്തിന് താൻ വിലക്കപ്പെട്ടവനായി എന്നും ശിവേന്ദ്രസിങ് ചോദിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ, ഭരണഘടന തിരുത്തുമെന്ന ലല്ലുസിങ്ങിന്റെ പരാമർശമാണ് അദ്ദേഹത്തിന്റെ തോൽവിയിലേക്ക് നയിച്ചത്. വിദ്യാർഥിനേതാവായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ ആളാണ് താനെന്നും ശിവേന്ദ്രസിങ് പറഞ്ഞു