കോഴിക്കോട്: പോലീസിന്റെ ആശയവിനിമയ സംവിധാനം മെച്ചപ്പെടുത്താന്‍ കൊണ്ടുവന്ന തൃശൂര്‍ ജില്ലയിലെ പൈലറ്റ് പ്രോജക്ട് പരാജയപ്പെട്ടു. നിലവിലുള്ള അനലോഗ് സംവിധാനത്തില്‍ നിന്നും ഡിജിറ്റല്‍ ടെലികമ്മ്യൂണിക്കേഷനിലേക്ക് മാറുന്ന പദ്ധതിയാണ് പാതിവഴിയില്‍ നിലച്ചുപോയത്. ഡിജിറ്റല്‍ മോഡ് റേഡിയോ(ഡി.എം.ആര് ടയര്‍ ത്രീ) അടിസ്ഥാനമാക്കിയുള്ള ട്രങ്ക്ഡ് വയര്‍ലസ് കമ്മ്യൂണിക്കേഷന്‍ സംവിധാനം നടപ്പിലാക്കാനായിരുന്നു ലക്ഷ്യമിട്ടത്. ശബ്ദസന്ദേശത്തിന് പുറമേ എസ്.എം.എസ്., ജി.പി.എസ് തുടങ്ങിയ വിവിധോദ്ദേശ്യ ആശയവിനിമയോപാധിയായിരുന്നു ഈ പദ്ധതി.
മൊത്തം 14,72,80,000 രൂപയായിരുന്നു (14.73 കോടി രൂപ) പദ്ധതിക്ക് ആഭ്യന്തരവകുപ്പ് നീക്കിവച്ചത്. ഇതില്‍ 7,36,40,000 രൂപ (7.36 കോടി രൂപ) ടെണ്ടറെടുത്ത പശ്ചിമബംഗാളിലെ സ്വകാര്യ കമ്പനിക്ക് 2021-ല്‍ നല്‍കിയിരുന്നു. 40 ശതമാനത്തില്‍ കൂടുതല്‍ പണം പദ്ധതി കമ്മീഷന് ചെയ്യും മുമ്പ് കൊടുക്കരുതെന്നാണ് ടെണ്ടര്‍ നിബന്ധന. എന്നാല്‍ ഫണ്ടിന്റെ 50 ശതമാനവും കമ്പനിക്ക് മുന്‍കൂട്ടി നല്‍കുകയായിരുന്നു.
2019 മാര്‍ച്ച് 21-നാണ് പദ്ധതി നടപ്പിലാക്കാന്‍ കമ്പനിയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കുന്നത്. ആഭ്യന്തരവകുപ്പ് 22-ന് കമ്പനിക്ക് വര്‍ക്ക് ഓര്‍ഡറും നല്കി. അന്നത്തെ സ്റ്റേറ്റ് ക്രൈം റിക്കോര്‍ഡ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറലായിരുന്ന എ.ഡി.ജി.പിക്കായിരുന്നു പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ് (ബെല്‍), ടെലികമ്മ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യന്‍ ലിമിറ്റഡ് (ടി.സി.ഐ.എല്‍) എന്നീ കമ്പനികളും ടെണ്ടര്‍ നല്‍കിയിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ രണ്ട് കമ്പനികളെയും ഒഴിവാക്കുകയായിരുന്നു.
കമ്പനി തൃശൂരില്‍ എട്ടിടങ്ങളില്‍ ടവര്‍ സ്ഥാപിച്ചു. ഈ ടവറുകള്‍ മുഖേന ആശയവിനിമയം നടപ്പിലാക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞില്ല. ഡി.എം.ആര്. നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ പോലീസ് സേനയെന്ന പ്രഖ്യാപനത്തോടെയാണ് പദ്ധതി കൊണ്ടുവന്നത്. ഇത്തരം ബൃഹത്തായ പദ്ധതി നടപ്പിലാക്കാന്‍ ഉയര്‍ന്ന സാങ്കേതിക മികവുള്ള വിദഗ്ദ്ധരില്ലാത്തതും ഗുണനിലവാരമില്ലാത്ത സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ചതും പദ്ധതി പാളിപ്പോകാന്‍ ഇടയാക്കിയെന്നാണ് പോലീസ് ടെലികമ്മ്യൂണിക്കേഷനിലെ വിദഗ്ദ്ധര്‍ പറയുന്നത്. കമ്പനി ടവറുകളുടെ എണ്ണം കുറച്ചു. എന്നാല്‍ ടവറിന് സര്‍ക്കാര്‍ കൂടുതല്‍ സ്ഥലം അനുവദിച്ചില്ലെന്നാണ് കമ്പനിയുടെ മറുവാദം.
അനലോഗ് കമ്മ്യൂണിക്കേഷന്റെ ന്യൂനതകള്‍
നിലവിലുള്ള അനലോഗ് കമ്മ്യൂണിക്കേഷനില്‍ അനധികൃതമായി മൂന്നാം കക്ഷിക്ക് പ്രവേശനം എളുപ്പമാണ്. പോലീസിന്റെ വയര്‍ലസ് ഫ്രീക്വന്‍സി അറിയുന്നവര്‍ക്ക് അനലോഗ് റേഡിയോ ട്യൂണ്‍ ചെയ്താല്‍ സന്ദേശങ്ങള്‍ ലഭിക്കും. സിഗ്നലുകള്‍ ജാം ചെയ്യാനും കഴിയും.
ഉത്പാദകരില്‍ ഭൂരിഭാഗവും അനലോഗ് റേഡിയോ നിര്‍മ്മാണം അവസാനിപ്പിച്ചു. കമ്പനികള്‍ ലൈസന്‍സ് ഫീസും അടയ്ക്കണമെന്ന നിബന്ധന വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കി.
പഴയ സംവിധാനത്തില്‍ ജി.പി.എസ്. ട്രാക്കിങ് സംവിധാനമില്ല. അതിനാല്‍ സ്ഥാനം കണ്ടുപിടിക്കുക എളുപ്പമല്ല. സിഗ്നല്‍ അയയ്ക്കാത്ത സമയത്ത് സംവിധാനം ഓണ്‍ ആണോ ഓഫ് ആണോയെന്ന് കണ്ടെത്താനും വിഷമമാണ്.
ഡാറ്റ, ഫോട്ടോ, ശബ്ദം, ദൃശ്യം എന്നിവ ഒരേ സമയം അയയ്ക്കാനും അനലോഗ് സംവിധാനത്തിന് കഴിയില്ല. ഓട്ടോമാറ്റിക് റോമിംഗ് സംവിധാനവുമില്ല.
ഡി.എം.ആര്. ടയര്‍ ത്രീ സംവിധാനം കൂടുതല്‍ സൗകര്യം
ഡി.എം.ആര്. ടയര്‍ ത്രീ സംവിധാനം ഒരേ സമയം കൂടുതല്‍ പേര്‍ക്ക് ഉപയോഗിക്കാം. ശബ്ദവും ഡാറ്റയും അയയ്ക്കാം. ഒരേ സമയം ഗ്രൂപ്പ് കോള്‍ വിളിക്കാനും ബ്രോഡ് കാസ്റ്റ് ചെയ്യാനും പോയിന്റ് ടു പോയിന്റ് ആശയവിനിമയം നടത്താനും ഇതിലൂടെ സാധിക്കും. ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിച്ച് ലാപ്ടോപ്പ്, കമ്പ്യൂട്ടര്‍, ഹാന്‍ഡ് സെറ്റ് എന്നിവ വഴി വിവരം കൈമാറാനും ഡിജിറ്റല്‍ മോഡില്‍ എളുപ്പമാണ്. റേഡിയോ ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ (ആര്.ഒ.ഐ.പി) മുഖേനയാണ് ഇത് സാധ്യമാകുന്നത്.