റിയാദ്: എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുമായി 100 കോടി (1 ബില്ല്യണ്‍) ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയെന്ന നേട്ടവുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിച്ചത്. ഫേസ്ബുക്കില്‍ 17 കോടി, എക്സില്‍ 11.3 കോടി, ഇന്‍സ്റ്റാഗ്രാമില്‍ 63.8 കോടി, അടുത്തിടെ ആരംഭിച്ച യൂട്യൂബ് ചാനലില്‍ 6.06 കോടി സബ്സ്ക്രൈബേഴ്സ് എന്നിങ്ങനെയാണ് ക്രിസ്റ്റ്യാനോയെ പിന്തുടരുന്ന ആള്ക്കാര്.
ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ആഗോള ജനസംഖ്യയുടെ ഏകദേശം എട്ട് ശതമാനം പേര് ക്രിസ്റ്റ്യാനോയെ പിന്തുടരുന്നുവെന്നാണ് കണക്ക്. ഇവകൂടാതെ ചൈനീസ് പ്ലാറ്റ്ഫോമുകളായ വെയ്ബോയിലും കുഐഷൂവിലും താരത്തിന് മോശമല്ലാത്ത ഫോളോവേഴ്സുണ്ട്.
‘നൂറ് കോടി സ്വപ്നങ്ങള്‍, ഒരു യാത്ര’ എന്നാണ് താരം 100 കോടി ഫോളോവേഴ്സ് തികഞ്ഞ നിമിഷത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ‘എന്നില്‍ വിശ്വസിച്ചതിനും നിങ്ങളുടെ പിന്തുണയ്ക്കും എന്റെ ജീവിതത്തിന്റെ ഭാഗമായതിനും നന്ദി. മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ, നങ്ങള്‍ ഒരുമിച്ച് മുന്നേറുകയും വിജയിക്കുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്യും.’ – ക്രിസ്റ്റ്യാനോ കുറിച്ചു.
ഓഗസ്റ്റ് 21-നാണ് താരം യൂട്യൂബിലേക്ക് ചുവടുവെയ്ക്കുന്നത്. ചാനല്‍ ആരംഭിച്ച് 90 മിനിറ്റിനുള്ളില്‍ 10 ലക്ഷത്തിലധികം ആളുകള്‍ ചാനല്‍ സബ്സ്ക്രൈബ് ചെയ്തു. ഇതോടെ ഏറ്റവും വേഗത്തില്‍ 10 ലക്ഷം (ഒരു മില്യണ്‍) സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കുന്ന യൂട്യൂബ് ചാനലായി ഇത്. 24 മണിക്കൂറിനുള്ളില്‍ ഇത് ഒരു കോടി സബ്സ്ക്രൈബേഴ്സായി. യൂട്യൂബിന്റെ സില്‍വര്‍, ഗോള്‍ഡ്, ഡയമണ്ട് പ്ലേ ബട്ടണുകള്‍ അതിവേഗമാണ് താരത്തെ തേടിയെത്തിയത്.