കണ്ണൂർ: നേതൃത്വത്തിന്റെ അനുനയശ്രമങ്ങളെല്ലാം വിഫലമായതോടെ പയ്യന്നൂരിൽ സി.പി.എമ്മിലെ വിഭാഗീയത പൊട്ടിത്തെറിയിലേക്ക്. തങ്ങളുടെ പരാതി മുഖവിലയ്ക്കെടുക്കാത്ത നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് നാനൂറോളം പേർ പാർട്ടി വിടാനൊരുങ്ങുന്നതായാണ് വിവരം. പുതുവത്സരാഘോഷത്തിനിടെ കാരപ്രദേശത്തെ പാർട്ടി പ്രവർത്തകരെ മറ്റൊരു പ്രദേശത്തെ പ്രവർത്തകർ അക്രമിച്ച സംഭവമാണ് പ്രതിഷേധത്തിന് കാരണം. ആക്രമണം നടത്തിയവർക്കൊപ്പം ലോക്കൽ കമ്മിറ്റി നിന്നു എന്നാരോപിച്ച് മൂന്ന് ബ്രാഞ്ചുകളിലെ പ്രവർത്തകരും അനുഭാവികളും എട്ടുമാസത്തോളമായി പാർട്ടിയുമായി സഹകരിക്കുന്നില്ല.
ശക്തികേന്ദ്രത്തിൽ മാസങ്ങളായി പ്രവർത്തനം മുടങ്ങിയതോടെ പ്രശ്നം പരിഹരിക്കാൻ നേതൃത്വം ഇടപെട്ടെങ്കിലും വിജയം കണ്ടില്ല. കാര വെസ്റ്റ്, കാര സൗത്ത്, കാര നോർത്ത് എന്നീ ബ്രാഞ്ചുകളിലെ സമ്മേളനവും നീട്ടിവെക്കേണ്ടി വന്നു.
എട്ടുമാസത്തിലേറെയായി തുടരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം വരെ ഇടപെട്ടിട്ടും ഇരുവിഭാഗവും നിലപാടിൽ ഉറച്ചുനിന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. രണ്ടു തവണ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ നേരിട്ടെത്തി ചർച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല.
സെപ്റ്റംബർ ആദ്യം എം.വി. ജയരാജൻ, സംസ്ഥാനസമിതി അംഗങ്ങളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. കഴിഞ്ഞ വെള്ളിയാഴ്ച മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരുമായി എം.വി. ജയരാജൻ അർധരാത്രി വരെ നടത്തിയ ചർച്ചയും ഫലം കണ്ടില്ല.
കാരയിലെ പാർട്ടി പ്രവർത്തകരെ ആക്രമിച്ചവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് അംഗങ്ങളും അനുഭാവികളും ഉൾപ്പെടെ 340 പേർ ഒപ്പിട്ട പരാതി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറി എം.വി. ജയരാജനും നൽകിയിരുന്നു. നടപടിയുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി ഉറപ്പു നൽകിയെങ്കിലും ശാസനയിലും താക്കീതിലും ഒതുക്കാനുള്ള നീക്കമാണ് പ്രതിഷേധം കടുപ്പിച്ചത്.
സംസ്ഥാന നേതൃത്വത്തെ വരെ തങ്ങളുടെ വികാരം അറിയിച്ചിട്ടും നടപടിയുണ്ടാവാത്തത് പയ്യന്നൂർ ലോക്കൽ കമ്മിറ്റിയുടെ സമ്മർദം കാരണമാണെന്നാണ് കാരയിലെ പ്രവർത്തകരുടെ പരാതി. ഈ സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിനായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് ഇടപെടണമെന്നാണ് അവരുടെ ആവശ്യം. ഇല്ലെങ്കിൽ പാർട്ടി വിടാനാണ് നീക്കം. സമ്മേളന കാലത്ത് ശക്തികേന്ദ്രമായ പയ്യന്നൂരിലെ പ്രതിസന്ധി പരിഹരിക്കാൻ നേതൃത്വം ശ്രമം തുടരുന്നുണ്ട്.