കൊച്ചി: യാത്ര വിലക്കിയ സംഭവത്തിൽ 7.25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിമാനക്കമ്പനിക്ക് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷന്റെ നിർദേശം. മകന്റെ ഏഴാം ജന്മദിനം ആഘോഷിക്കാൻ സിങ്കപ്പൂരിലേക്ക് പുറപ്പെട്ട സംഘത്തെ പാതിവഴിയിൽ വിലക്കിയ സംഭവത്തിലാണ് മെലിൻഡോ എയർലൈൻസിനോട് നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചത്.
കൊച്ചിയിലെ അഭിഭാഷകനായ സി.എ. മജീദ്, ഭാര്യ, മക്കൾ, 70 വയസ്സുള്ള മാതാവ് എന്നിവർ ഉൾപ്പെടെയുള്ള ഏഴംഗ കുടുംബം ട്രാവൽ ഏജൻസി വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. കൊച്ചിയിൽനിന്ന് വിമാനത്തിൽ ക്വലാലംപുരിലെത്തിയപ്പോൾ പരാതിക്കാരന്റെ ഭാര്യക്ക് സിങ്കപ്പൂരിലേക്കുള്ള യാത്ര എയർലൈൻസ് വിലക്കി. പാസ്പോർട്ടിന്റെ കാലാവധി ആറുമാസം ബാക്കിയില്ല എന്നതാണ് കാരണം പറഞ്ഞത്. വിസയും നിലവിൽ സാധുവായ പാസ്പോർട്ടും ഉണ്ടെന്ന വസ്തുത ചൂണ്ടിക്കാണിച്ചെങ്കിലും പരിഗണിച്ചില്ല. തുടർന്ന് സംഘത്തിലെ മറ്റ് യാത്രക്കാരുടെ ടിക്കറ്റുകളും എയർലൈൻസ് റദ്ദാക്കി.
പരാതിക്കാരന്റെ ഭാര്യ കുഴഞ്ഞുവീണെങ്കിലും വിശ്രമിക്കാൻ ആവശ്യമായ സൗകര്യവും നൽകിയില്ല. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട നീണ്ട ചർച്ചകൾക്കൊടുവിൽ യാത്ര വിലക്കിയ നടപടി തെറ്റാണെന്ന് അധികൃതർ സമ്മതിച്ചു. ഏറെ വൈകി മറ്റൊരു വിമാനത്തിൽ സംഘത്തെ സിങ്കപ്പൂരിൽ എത്തിച്ചു. എന്നാൽ, ഇതിനിടെ ക്വലാലംപുരിൽ ഇറക്കിയ ലഗേജ് കാണാതായി. അവശ്യസാധനങ്ങൾ ഇല്ലാത്തതിനാൽ പുതിയവ അധികവിലയ്ക്ക് വാങ്ങാൻ നിർബന്ധിതരായി. സിങ്കപ്പൂരിൽ നാലുദിവസം ചെലവഴിക്കാനുള്ള പദ്ധതി രണ്ടുദിവസമായി ചുരുക്കേണ്ടി വന്നതായും പരാതിയിൽ പറയുന്നു.
യാത്ര വിലക്കിയതിൽ വീഴ്ച പറ്റിയതായി എയർലൈൻസ് രേഖാമൂലം സമ്മതിച്ചതായി ഡി.ബി. ബിനു പ്രസിഡന്റും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി. മുതിർന്ന പൗരന്മാരും കുട്ടികളും ഉൾക്കൊള്ളുന്ന കുടുംബം അനുഭവിച്ച മാനസിക സംഘർഷവും ശാരീരിക ബുദ്ധിമുട്ടുകളും അവഗണിക്കാനാകില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. ഏഴുപേർക്ക് ഓരോ ലക്ഷം രൂപ വീതം കണക്കാക്കി ഏഴുലക്ഷം രൂപയും കോടതിച്ചെലവായി 25,000 രൂപയും നൽകാനാണ് നിർദേശം.