ചേലക്കര: പൂരവും വെടിക്കെട്ടുമെല്ലാം ഒരു സംസ്കാരത്തിന്റെ ഭാഗമാണെന്ന് രമ്യ ഹരിദാസ്. അതിനെ ഇല്ലാതാക്കുന്ന പല കാര്യങ്ങളും നടക്കുന്നുവെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ അതെല്ലാം വോട്ടായി പ്രതിഫലിക്കുമെന്നും രമ്യ ഹരിദാസ് മാതൃഭൂമിയോട് പറഞ്ഞു.
ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയായി പ്രചരണം നടത്തുന്നതിനിടയിലാണ് പൂരവും ജനങ്ങളുടെ വികാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നതിനെക്കുറിച്ചും രമ്യ പറഞ്ഞത്. ചേലക്കരയിലെ ജനങ്ങള്‍ ഐക്യജനാധിപത്യമുന്നണിക്ക് നല്‍കിവരുന്ന വലിയൊരു പിന്തുണയുണ്ടെന്നും ആ പിന്തുണ ഈ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നതില്‍ യാതൊരു സംശയവും വേണ്ടെന്നും രമ്യ ഹരിദാസ് പറഞ്ഞു.
‘പൂരങ്ങളെയും വേലകളെയുമൊക്കെ സ്നേഹിക്കുന്ന ആളുകളാണ് ചേലക്കരക്കാര്‍. ചേരക്കരയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അന്തിമാളം കാവിലെ ആഘോഷവും വെടിക്കെട്ടുമൊക്കെ കഴിഞ്ഞ രണ്ടുവര്‍ഷമായി നടത്തിയിട്ടില്ല. ഞാനുമൊരു വിശ്വാസിയാണ്. ആചാരങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകണമെന്ന് വിശ്വസിക്കുന്ന എത്രയോ ആളുകള്‍ അന്നും നമ്മളോടൊപ്പമുണ്ട്. അതിനെയെല്ലാം ഇല്ലായ്മ ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകുന്നു എന്നതിന്റെ പ്രകടമായ ഉദാഹരമാണ് അന്തിമാളം കാവില്‍ സംഭവിച്ചത്. അത് പൂരം കലക്കലിലേക്കുമൊക്കെ പോകുമ്പോള്‍ സ്വാഭാവികമായിട്ടും നമുക്ക് മനസ്സിലാവും. ആലത്തൂര്‍ പാര്‍ലമെന്റിന്റെ പരിധിയിലാണ് ഉത്രാളിക്കാവ്. അവിടെ വെടിക്കെട്ടും ദേശങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദപരമായ മത്സരങ്ങളുമെല്ലാം നടക്കുന്നുണ്ട്. ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ തരൂര്‍ കാവിശ്ശേരി പൂരത്തിലും വെടിക്കെട്ടുകള്‍ നടക്കുന്നു. നമ്മളെ സംബന്ധിച്ച് ഈ പ്രദേശത്തുള്ള ആളുകള്‍ ജീവിച്ചുവന്ന ഒരു രീതിയുണ്ട്. അതിനെ ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് വളരെയധികം വേദന തന്നെയാണ്. തൃശൂര്‍ പൂരമാണെങ്കിലും അന്തിമാളം കാവിലെ വെടിക്കെട്ടാണെങ്കിലും ഞങ്ങളെ സംബന്ധിച്ചിടത്തോളം വിഷമം തന്നെയാണ്’- രമ്യ ഹരിദാസ് പറഞ്ഞു.
കെ. രാധാകൃഷ്ണന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ചേലക്കര നിയോജക മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ചേലക്കര മുന്‍ എം.എല്‍.എ ആയിരുന്ന യു.ആര് പ്രദീപ് എല്‍ഡി എഫ് സ്ഥാനാര്‍ഥിയായും കെ ബാലകൃഷ്ണന് ബി.ജെ.പി സ്ഥാനാര്‍ഥിയായും കളത്തിലിറങ്ങുമ്പോള്‍ കടുത്ത മത്സരത്തിനാണ് ചേലക്കര സാക്ഷിയാവാന്‍ പോകുന്നത്.
ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കെ. രാധാകൃഷ്ണനോട്് മത്സരിച്ച് രമ്യ ഹരിദാസ് പരാജയപ്പെട്ടിരുന്നു.