മംഗളൂരു: കർണാടകയിൽ കഴിഞ്ഞദിവസം കാണാതായ പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ ഉൾപ്പെട്ട ഏഴംഗ സ്ക്യൂബ ടീമും എൻ.ഡി.ആർ.എഫും ചേർന്നു നടത്തിയ തിരച്ചിലിൽ കുളൂർ പാലത്തിന് അടിയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കൊച്ചി-പനവേൽ ദേശീയ പാത 66-ൽ കുളൂർ പാലത്തിന് സമീപം മുംതാസ് അലിയുടെ ബി.എം.ഡബ്ല്യൂ കാർ തകർന്ന നിലയിൽ ഞായറാഴ്ച കണ്ടെത്തിയിരുന്നു. സമീപത്ത് അദ്ദേഹത്തിന്റെ മൊബൈലും കാറിന്റെ താക്കോലും ഉണ്ടായിരുന്നു. തുടർന്ന് അലിയ്ക്കായി വ്യാപകമായ തിരച്ചിലാണ് നടന്നത്. സംഭവം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. മുംതാസ് അലി പാലത്തിൽനിന്ന് നദിയിലേയ്ക്ക് ചാടിയതാവാം എന്നായിരുന്നു മംഗളൂരു പോലീസ് കമ്മീഷണർ അനുപം അഗർവാൾ കഴിഞ്ഞദിവസം പറഞ്ഞത്.
പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ നിന്ന് കാറിൽ പുറപ്പെട്ട മുംതാസ് അലി നഗരത്തിൽ ചുറ്റിത്തിരിയുകയായിരുന്നുവെന്നും പുലർച്ചെ അഞ്ച് മണിയോടെ മംഗളൂരുവിലെ കുളൂർ പാലത്തിന് സമീപം കാർ നിർത്തിയെന്നും പോലീസ് അറിയിച്ചു. കാർ അപകടത്തിൽപ്പെട്ടതായി മനസ്സിലാക്കിയ മുംതാസ് അലിയുടെ മകളാണ് പോലീസിൽ വിവരമറിയിച്ചത്. ജനതാദൾ (സെക്യുലർ) നേതാവ് ബി.എം ഫറൂഖിൻ്റേയും മുൻ കോൺഗ്രസ് എം.എൽ.എ മൊഹിയുദ്ദീൻ ബാവയുടേയും സഹോദരനാണ് മരിച്ച മുംതാസ് അലി.