ആർ.എസ്.എസ് നേതാക്കളായ രാം മാധവ്, എ. ജയകുമാർ, എ.ഡി.ജി.പി എം.ആർ അജിത്കുമാർ
തിരുവനന്തപുരം: ആർ.എസ്.എസ്. നേതാക്കളുമായി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ കൂടിക്കാഴ്ച നടത്തിയെന്നുറപ്പായതോടെ ബി.ജെ.പി. വെട്ടിലായി. കെ. സുരേന്ദ്രനുപകരം സംസ്ഥാനപ്രസിഡന്റാകാൻ ഒരുഘട്ടത്തിൽ ചർച്ചയിൽ ഇടംപിടിച്ച എ. ജയകുമാറാണ് കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കിയതെന്നാണ് പുറത്തുവന്ന വിവരം.
ആർ.എസ്.എസിന്റെ ശാസ്ത്രസാങ്കേതിക വിഭാഗമായ വിജ്ഞാൻ ഭാരതിയുടെ ജനറൽ സെക്രട്ടറിയാണ് ജയകുമാർ. സംഘപരിവാറിലേക്ക് വി.ഐ.പി.കളെ എത്തിക്കുന്നതിന്റെ നേതൃസ്ഥാനമാണ് ജയകുമാറിന്.
ഹൊസബാളെ-അജിത് കൂടിക്കാഴ്ചയുണ്ടായിട്ടില്ലെന്ന് ആർ.എസ്.എസ്. ഉത്തരകേരള പ്രാന്തകാര്യവാഹ് പി.എൻ. ഈശ്വരൻ പറഞ്ഞിരുന്നു. എന്നാൽ സന്ദർശിച്ചെന്ന് എ.ഡി.ജി.പി.തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇതോടെ ബി.ജെ.പി.യുടെയും ആർ.എസ്.എസിന്റെയും നിഷേധം പൊളിഞ്ഞു.
2023 മേയിൽ ആർ.എസ്.എസ്. നേതാവും എ.ഡി.ജി.പി.യും കൂടിക്കാഴ്ച നടത്തി 2024-ലെ പൂരം അലങ്കോലപ്പെടുത്തിയെന്ന് കോൺഗ്രസ് ആരോപിക്കുന്നതിൽ യുക്തിയില്ലാണ് ബി.ജെ.പി. പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രതിരോധം.
തിരുവനന്തപുരം കൈമനം സ്വദേശിയായ ജയകുമാർ എ.ഡി.ജി.പി.യുടെ സുഹൃത്തും സഹപാഠിയുമാണെന്നാണ് പറയുന്നത്. ഏറെക്കാലം ബെംഗളൂരുവായിരുന്നു പ്രവർത്തനമേഖല.
കേരളത്തിൽ സ്വദേശ് സയൻസ് മൂവ്മെന്റിന് തുടക്കമിട്ടത് അദ്ദേഹമാണ്. സി.ഇ.ടി.യിൽ എൻജിനിയറിങ് പഠനത്തിനിടെ എ.ബി.വി.പി.യിൽ ചേർന്നു. പിന്നീട് ആർ.എസ്.എസിന്റെ സജീവ പ്രചാരകനായി. പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കളുമായി ഏറെ അടുപ്പമുണ്ട്.