ആഭ്യന്തരവകുപ്പിനെതിരേ പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് ബി.ജെ.പി. ആരോപണങ്ങൾ ഗുരുതരമാണെന്നും മുഖ്യമന്ത്രിയുടെ രാജി വെക്കണമെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
‘മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പ്രധാനപ്പെട്ട വിശ്വസ്തർക്കെതിരെയാണ് സി.പി.എമ്മിന്റെ സിറ്റിങ് എം.എൽ.എ ഈ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ചത് വെറും പ്രഹസനം മാത്രമാണ്. എഡിജിപിക്കെതിരെ ഡിജിപിയെ തലവനാക്കി കീഴുദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കുമെന്നാണ് പറയുന്നത്. അദ്ദേഹത്തെ സ്ഥാനത്ത് നിന്നും മാറ്റിയിട്ടില്ല. പി. ശശിക്കെതിരെ ഉയർന്ന ഗൗരവകരമായ ആരോപണങ്ങളിൽ ഒരു നടപടിയുമില്ല. ഈ രണ്ട് പേർക്കെതിരെ നടപടിയെടുത്താൽ മുഖ്യമന്ത്രിയുടെ കസേര തെറിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പാണ്. കഴിഞ്ഞ എട്ടുകൊല്ലമായി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തികൊണ്ടിരിക്കുന്ന എല്ലാ ഇടപാടുകളെ പറ്റിയും ശരിയായി മനസിലാക്കിയാണ് അൻവർ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള അന്വേഷണ നാടകമാണ് ഇപ്പോൾ നടക്കുന്നത്. സത്യം തെളിയാൻ പോകുന്നില്ല. ഗോവിന്ദൻ മാഷ് പാർട്ടി പണി അവസാനിച്ച് കാശിയിൽ പോയി ഭജന ഇരിക്കുന്നതാണ് നല്ലത്’ -കെ.സുരേന്ദ്രൻ പറഞ്ഞു