ബെംഗളൂരുവിലെ നിരത്തുകളില്‍ നിര്‍മിതബുദ്ധിയധിഷ്ഠിത (എ.ഐ.) ക്യാമറകള്‍ സ്ഥാപിച്ചതോടെ കൂടുതല്‍ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നതായി ട്രാഫിക് പോലീസ്. കഴിഞ്ഞ മേയ്മുതല്‍ സെപ്റ്റംബര്‍വരെ ഓരോമണിക്കൂറിലും 5,687 ഗതാഗത നിയമലംഘനങ്ങള്‍ സംഭവിച്ചതായാണ് കണക്ക്. നിര്‍മിതബുദ്ധിയധിഷ്ഠിത ക്യാമറകള്‍വഴിയാണ് ഇത്രയും ലംഘനങ്ങള്‍ കണ്ടെത്തിയതെന്ന് ട്രാഫിക് ഡി.സി.പി. കുല്‍ദീപ് കുമാര്‍ ജെയിന് പറഞ്ഞു.
മേയ് ഒന്നുമുതല്‍ 80 ലക്ഷത്തിലേറെ ഗതാഗത നിയമലംഘനങ്ങളാണ് ക്യാമറകള്‍ കണ്ടെത്തിയത്. ഓരോ ജങ്ഷനിലും 780 ലംഘനംവീതം നടന്നെന്നും ട്രാഫിക് പോലീസ് അറിയിച്ചു. രാവിലെ എട്ടിനും ഒന്‍പതിനുമിടയിലാണ് കൂടുതല്‍ നിയമലംഘനങ്ങളും നടന്നത്. തെറ്റായദിശയില് വാഹനമോടിച്ചുള്ള ലംഘനമാണ് ഏറ്റവുംകൂടുതല്‍. ചുവപ്പ് സിഗ്നല്‍ തെറ്റിച്ചതും സ്റ്റോപ്പ് ലൈന്‍ തെറ്റിച്ചതും ഹെല്‍മറ്റില്ലാതെയും സീറ്റ് ബെല്‍റ്റിടാതെയും യാത്രചെയ്തതും പിന്നാലെവരും.
ബസവനഗുഡി, ഹലസൂരു, ആഡുഗോടി, ജയനഗര്‍, മൈക്കോ ലേഔട്ട്, ആര്.ടി. നഗര്‍, വി.വി. പുരം, സദാശിവനഗര്‍, മല്ലേശ്വരം, ബനശങ്കരി എന്നീ പോലീസ് സ്റ്റേഷന് പരിധികളിലാണ് ഏറ്റവുംകൂടുതല്‍ ലംഘനങ്ങള്‍ നടന്നത്. നിലവില്‍ നഗരത്തിലെ 50-ലധികം ജങ്ഷനുകളിലായി മൂന്നൂറോളം എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് സ്മാര്‍ട്ട് എന്‍ഫോഴ്സ്മെന്റ് സെന്റര്‍വഴി ചലാന്‍ നല്‍കുകയാണ് ചെയ്യുന്നത്. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഫീല്‍ഡ് ട്രാഫിക് വയലേഷന്‍സ് റിപ്പോര്‍ട്ട് യന്ത്രങ്ങളും ബെംഗളൂരു ട്രാഫിക് പോലീസ് ഉപയോഗിക്കുന്നുണ്ട്.
കാര്യക്ഷമമാക്കും- ട്രാഫിക് പോലീസ്
എ.ഐ. ക്യാമറവഴിയുള്ള ഗതാഗത നിയമലംഘനനിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ട്രാഫിക് പോലീസിന്റെ തീരുമാനം. ഇനിമുതല്‍ 13 വിവിധതരത്തിലുള്ള ലംഘനങ്ങള്‍ എ.ഐ. ക്യാമറകള്‍ പരിശോധിച്ച് പിഴയീടാക്കും. നിലവില്‍ അമിതവേഗം, മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടുള്ള ഡ്രൈവിങ്, ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതിരിക്കല്‍, സിഗ്നല്‍ തെറ്റിക്കല്‍, ഇരുചക്രവാഹനത്തില്‍ മൂന്നുപേര്‍ യാത്രചെയ്യല്‍ തുടങ്ങിയ ലംഘനങ്ങളാണ് എ.ഐ. ക്യാമറകള്‍ പിടികൂടുന്നത്.
ഇനിമുതല്‍ അനധികൃത നമ്പര്‍പ്ലേറ്റ്, തെറ്റായദിശയില് വാഹനമോടിക്കല്‍, ചരക്കുവാഹനങ്ങളിലെ അമിത ലോഡ്, പൊട്ടിയ കണ്ണാടികള്‍, അനധികൃത പാര്‍ക്കിങ് തുടങ്ങിയവയും നിരീക്ഷിക്കും. ബെംഗളൂരു-മൈസൂരു പാതയിലും പോലീസ് 60 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി അമിതവേഗക്കാരെ കണ്ടെത്തി ഉടന്‍തന്നെ ഓണ്‍ലൈനായി പിഴയടയ്ക്കാനുള്ള നിര്‍ദേശം നല്കുന്നു.