ബെംഗളൂരു: നഗരത്തിലെ അപ്പാര്‍ട്ട്മെന്റില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തിലെ പ്രതിയെ ഒഡീഷയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഒഡീഷ ധുസുരി സ്വദേശിയായ മുക്തി രഞ്ജന്‍ റോയി(30)യെ ആണ് ഗ്രാമത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അറസ്റ്റ് ഭയന്നാണ് പ്രതി ജീവനൊടുക്കിയതെന്നും ഇയാളുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട മഹാലക്ഷ്മി(29)യും പ്രതി മുക്തി രഞ്ജന്‍ റോയിയും ബെംഗളൂരുവിലെ വ്യാപാരസ്ഥാപനത്തില്‍ സഹപ്രവര്‍ത്തകരായിരുന്നു. മഹാലക്ഷ്മിയെ അപ്പാര്‍ട്ട്മെന്റില്‍വെച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി ബെംഗളൂരുവില്‍നിന്ന് രക്ഷപ്പെട്ടു. പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് പ്രതിയെ സ്വന്തം ഗ്രാമത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ചയാണ് മുക്തി രഞ്ജന്‍ റോയ് ഒഡീഷയിലെ ഗ്രാമത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു. പിന്നീട് വീട്ടില്‍നിന്ന് കാണാതായ ഇയാളെ ഗ്രാമത്തിലെ പ്രാന്തപ്രദേശത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മഹാലക്ഷ്മിയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചുള്ള ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിനുപുറമേ പ്രതി ഉപയോഗിച്ചിരുന്ന സ്കൂട്ടറും ബാഗും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. ബാഗിലെ നോട്ട്ബുക്കിലാണ് പ്രതിയുടെ ആത്മഹത്യാക്കുറിപ്പുണ്ടായിരുന്നത്.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്ന മഹാലക്ഷ്മിയും സഹപ്രവര്‍ത്തകനായ മുക്തി രഞ്ജന്‍ റോയിയും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. ഇതിനിടെ മറ്റൊരാളുമായി യുവതി അടുപ്പത്തിലായതാണ് കൊടുംക്രൂരതയ്ക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.
സെപ്റ്റംബര്‍ 21-നാണ് വ്യാളിക്കാവലിലെ അപ്പാര്‍ട്ട്മെന്റില്‍ മഹാലക്ഷ്മിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വെട്ടിനുറുക്കി 59 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചനിലയിലായിരുന്നു മൃതദേഹം. അപ്പാര്‍ട്ട്മെന്റില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ മഹാലക്ഷ്മിയുടെ അമ്മയെയും സഹോദരിയെയും കെട്ടിട ഉടമ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയിലാണ് ഫ്രിഡ്ജിനുള്ളില് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഭര്‍ത്താവുമായി വേര്പിരിഞ്ഞിരുന്ന മഹാലക്ഷ്മി മാസങ്ങളായി വ്യാളിക്കാവലിലെ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഷോപ്പിങ് മാളിലെ വ്യാപാര സ്ഥാപനത്തിലായിരുന്നു യുവതിക്ക് ജോലി. രാവിലെ ജോലിക്ക് പോയാല്‍ രാത്രി മടങ്ങിയെത്താറായിരുന്നു പതിവ്. എന്നാല്‍, സെപ്റ്റംബര്‍ ഒന്നാംതീയതിക്ക് ശേഷം മഹാലക്ഷ്മി ജോലിക്കെത്തിയിരുന്നില്ല. രണ്ടാംതീയതി മുതല്‍ യുവതിയുടെ മൊബൈല്‍ഫോണും സ്വിച്ച് ഓഫായിരുന്നു. ഇതിനിടെയാണ് അടച്ചിട്ട അപ്പാര്‍ട്ട്മെന്റിലെ ഫ്രിഡ്ജില്‍നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.