ന്യൂഡൽഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആത്മകഥയൊരുങ്ങുന്നു. പുസ്തക പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സുമായി കരാര്‍ ഒപ്പുവെച്ചെന്ന് റിപ്പോര്‍ട്ട്. പുസ്തകവുമായി ബന്ധപ്പെട്ട ജോലികള്‍ കുറച്ചു വര്‍ഷങ്ങളായി നടന്നുവരികയായിരുന്നു.
അതേസമയം, ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല. സോണിയാ ഗാന്ധിയും ഇതേക്കുറിച്ച് പ്രതികരണം നടത്തിയിട്ടില്ല. ഹാര്‍പ്പര്‍ കോളിന്‍സിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ അനന്തപത്മനാഭനാണ് വിഷയത്തെക്കുറിച്ച് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചത്. ഇന്ത്യയില്‍ പെന്ഗ്വിന് റാന്‍ഡം ഹൗസാണ് സോണിയാ ഗാന്ധിയുടെ ആത്മകഥ പ്രസിദ്ധീകരിക്കുക. കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക പ്രഖ്യാപനത്തില്‍ അറിയിക്കുമെന്നാണ് വിവരം.
നെഹ്റു കുടുംബത്തില്‍നിന്നുള്ള ആദ്യത്തെ സമഗ്ര ആത്മകഥയായിരിക്കും ഇത്. അപ്രതീക്ഷിതമായി കൊല്ലപ്പെട്ടതിനാല്‍ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സമ്പൂര്‍ണ ജീവിതചരിത്രങ്ങള്‍ എഴുതാന്‍ സാധിച്ചിരുന്നില്ല. സാംസ്കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ പുപുല്‍ ജയശങ്കര്‍ എഴുതിയ ‘ഇന്ദിരാ ഗാന്ധി: എ ബയോഗ്രഫി’, സോണിയാ ഗാന്ധി എഴുതിയ ‘രാജീവ്’, നെഹ്റുവിന്റെ ‘ഓട്ടോബയോഗ്രഫി ടുവാഡ് ഫ്രീഡം’ എന്നിവയാണ് നെഹ്റു-ഗാന്ധി കുടുംബാംഗങ്ങളെ കുറിച്ച് മുമ്പ് പുറത്തിറങ്ങിയ പുസ്തകങ്ങള്‍.
ഈ ഡിസംബറില്‍ 78-ാം വയസ്സിലേക്ക് കടക്കുന്ന വേളയിലാണ് സോണിയ ഗാന്ധിയുടെ ആത്മകഥ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.