എഡിന്‍ബറോ: അന്താരാഷ്ട്ര ടി20-യിലെ പവര്‍ ഹിറ്റിങ്ങിന്റെ എല്ലാ ഭാവവും പുറത്തെടുത്ത ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ മികവില്‍ പുതിയ റെക്കോഡിട്ട് ഓസ്ട്രേലിയ. ടി20-യില്‍ പവര്‍പ്ലേയില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറെന്ന റെക്കോഡാണ് ഓസീസ് തകര്‍ത്തെറിഞ്ഞത്. സ്കോട്ട്ലന്‍ഡിനെതിരായ ഒന്നാം ടി20 മത്സരത്തില്‍ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് പവര്‍പ്ലേയില്‍ (ആദ്യ 6 ഓവറുകള്‍) അടിച്ചുകൂട്ടിയത് 113 റണ്‍സ്. ഉഗ്രരൂപിയായി മാറിയ ഹെഡും റെക്കോഡ് ബുക്കിലിടംനേടി. പവര്‍പ്ലേയില്‍ വെറും 22 പന്തുകളില്‍ 73 റണ്‍സടിച്ച താരം, പവര്‍പ്ലേയില്‍ ഒരു താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന റെക്കോഡാണ് സ്വന്തമാക്കിയത്.
2020-ല്‍ സെന്റ് ജോര്‍ജില്‍ വെസ്റ്റിന്‍ഡീസിനെതിരേ 25 പന്തില്‍നിന്ന് 67 റണ്‍സടിച്ച അയര്‍ലന്‍ഡിന്റെ പോള്‍ സ്റ്റെര്‍ലിങ്ങിന്റെ റെക്കോഡാണ് ഹെഡ് തിരുത്തിയെഴുതിയത്. 2018-ല്‍ മൗണ്ട് മൗംഗനൂയിയില്‍ വെസ്റ്റിന്‍ഡീസിനെതിരേ തന്നെ 23 പന്തില്‍ നിന്ന് 66 റണ്‍സടിച്ച ന്യൂസീലന്‍ഡിന്റെ കോളിന് മണ്‍റോയാണ് മൂന്നാം സ്ഥാനത്ത്. അതേസമയം, 2023-ല്‍ സെഞ്ചൂറിയനില്‍ വെസ്റ്റിന്‍ഡീസിനെതിരേ വിക്കറ്റ് നഷ്ടമില്ലാതെ 102 റണ്‍സടിച്ച ദക്ഷിണാഫ്രിക്ക സ്ഥാപിച്ച പവര്‍പ്ലേ റെക്കോഡാണ് ഓസീസ് മറികടന്നത്.
മറുപടി ബാറ്റിങ്ങില്‍ ഇന്നിങ്സിന്റെ മൂന്നാം പന്തില്‍തന്നെ ജെയ്ക് ഫ്രേസര്‍ മക്ഗുര്‍ക്കിനെ (0) നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഹെഡ് – ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് സഖ്യമാണ് സ്കോട്ടിഷ് ബൗളര്‍മാരെ നിലംതൊടാതെ പറത്തിയത്. ഹെഡ് 25 പന്തില്‍ നിന്ന് അഞ്ചു സിക്സും 12 ഫോറുമടക്കം 80 റണ്‍സെടുത്തപ്പോള്‍ മാര്‍ഷ് 12 പന്തില്‍ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 39 റണ്‍സെടുത്തു. ഇതോടെ വെറും 9.4 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഓസീസ് ലക്ഷ്യത്തിലെത്തി.
അതേസമയം, ടി20-യുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്കോര്‍ 2024 ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദ് നേടിയ 125/0 റണ്‍സാണ്. ട്രാവിസ് ഹെഡ് തന്നെയായിരുന്നു അന്നും ആ വെടിക്കെട്ടിന് തിരികൊളുത്തിയത്.