കൊയിലാണ്ടി: കാട്ടിലപ്പീടികയിൽ യുവാവിനെ കാറിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, സാമ്പത്തികബാധ്യതകളിൽനിന്ന് രക്ഷപ്പെടാനാണ് ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയ തട്ടിപ്പ് നാടകം പ്രതികൾ ആസൂത്രണം ചെയ്തത്. ഇന്ത്യാ വൺ എ.ടി.എമ്മിൽ പണം നിറയ്ക്കാൻ കരാറെടുത്ത ഏജൻസിയിലെ ജീവനക്കാരനാണ് സുഹൈൽ. മറ്റ് പ്രതികൾ സുഹൈലിന്റെ സുഹൃത്തുക്കളും. സാധാരണ തോക്കുധാരികളായ സുരക്ഷാ ജീവനക്കാരോടൊപ്പമാണ് ബാങ്ക് ജീവനക്കാർ എ.ടി.എമ്മുകളിൽ പണം നിറയ്ക്കാൻ പോകുക. എന്നാൽ, ചില ബാങ്കുകൾ സ്വകാര്യ ഏജൻസിയെ ഇതിനായി നിയോഗിക്കും. ഇത്തരമൊരു ഏജൻസിയാണ് ഇന്ത്യാ വൺ എ.ടി.എമ്മുകളിൽ പണംനിറയ്ക്കാൻ കരാറെടുത്തത്. രണ്ടോ മൂന്നോ ജീവനക്കാർ ചേർന്നാണ് തുകയുമായി പോകുക.
കഴിഞ്ഞ ശനിയാഴ്ച 72,40,000 രൂപയുമായി കാറിൽ താനൊറ്റയ്ക്ക് പോയെന്നാണ് സുഹൈൽ പോലീസിനോട് പറഞ്ഞത്. കൊയിലാണ്ടിയിൽനിന്ന് അരിക്കുളം കുരുടിമുക്കിലെ എ.ടി.എമ്മിൽ പണം നിറയ്ക്കാൻ പോകുമ്പോൾ, അരിക്കുളം പഞ്ചായത്തോഫീസ് കഴിഞ്ഞുള്ള കയറ്റം കയറുമ്പോൾ പർദ ധരിച്ച രണ്ടുപേർ എതിരേ വരുന്നുണ്ടായിരുന്നെന്നും അതിലൊരാൾ കാറിന്റെ ബോണറ്റിലേക്ക് വന്നു വീഴുകയായിരുന്നെന്നുമാണ് സുഹൈൽ പറയുന്നത്. കാർ നിർത്തി ഇവരുമായി സംസാരിക്കുന്നതിനിടയിൽ പർദധാരികളായ ഇരുവരും മുളകുപൊടി വിതറിയശേഷം കാറിൽ കയറി തന്നെ ബന്ദിയാക്കുകയായിരുന്നെന്നുമായിരുന്നു സുഹൈലിന്റെ മൊഴി. കാറിന്റെ നിയന്ത്രണം ഏറ്റെടുത്ത ഇവർ പണം കൈക്കലാക്കുകയും തന്നെ ദേശീയപാതയിൽ ഇറക്കിവിടുകയുമായിരുന്നെന്നും സുഹൈൽ പറഞ്ഞു. സുഹൈലിന്റെ മൊഴികളിലെ വൈരുധ്യം പോലീസ് കൃത്യമായി പരിശോധിച്ചപ്പോൾത്തന്നെ ഇത് തട്ടിപ്പാണെന്ന് മനസ്സിലായിരുന്നു. എളുപ്പത്തിൽ അഴിക്കാൻ കഴിയുന്ന തരത്തിലുള്ള കെട്ടായിരുന്നു സുഹൈലിന്റെ കാലിൽ ഉണ്ടായിരുന്നത്.
മൽപ്പിടിത്തത്തിന്റെയോ ബല പ്രയോഗത്തിന്റെയോ ലക്ഷണങ്ങളും കാറിൽ കണ്ടെത്താനായിട്ടില്ല. സുഹൈലിന്റെ മുഖത്തോ, കണ്ണിലോ കാര്യമായി മുളകുപൊടി പ്രയോഗം ഏറ്റിരുന്നില്ല. ഒട്ടേറെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. അരിക്കുളം റോഡിൽ നിന്നുതന്നെ താഹയും കൂട്ടാളികളും പണം കൈക്കലാക്കിയിരുന്നെന്നാണ് പോലീസ് പറയുന്നത്. അതിനുശേഷം ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് കാറിലും സുഹൈലിന്റെ ദേഹത്തും മുളകുപൊടി വിതറി. ശേഷം സുഹൈലിനെ കാട്ടിലപ്പീടികയിൽ ഉപേക്ഷിച്ച് സംഘം താഹ ഓടിച്ച മറ്റൊരു കാറിൽ പണവുമായി പോകുകയായിരുന്നു. യുവാവിനെ കാറിൽ കെട്ടിയിട്ട് പണം കവർന്ന സംഭവം പടച്ചുണ്ടാക്കിയതിനുപിന്നിൽ സുഹൈലും സുഹൃത്ത് താഹയുമാണെന്ന് പോലീസ്. ഏതാനും ദിവസംമുൻപേ ഇവർ തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നു.
ദിവസങ്ങളോളം കൂടിയിരുന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. സുഹൈൽ പറയുന്നത് എല്ലാവരും വിശ്വസിച്ചുകൊള്ളുമെന്നായിരുന്നു ഇരുവരും കരുതിയത്. അറസ്റ്റിലായ സുഹൈൽ, താഹ, യാസർ എന്നിവരെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി.