മണ്ണഞ്ചേരി(ആലപ്പുഴ): നാട്ടുകാരനായിട്ടും ജയിലിൽ പരിഗണന നൽകിയില്ലെന്നാരോപിച്ച് ജയിൽവകുപ്പു ജീവനക്കാരനെ ക്രിമിനൽ കേസ് പ്രതികൾ മർദിച്ചു. വിയ്യൂർ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ പാതിരപ്പള്ളി അനുഭവപ്പറമ്പ് വീട്ടിൽ ടി.പി. ശ്യാംകുമാറിനാ(36)ണ് മർദനമേറ്റത്.
പാതിരപ്പള്ളി പാട്ടുകളം റെയിൽവേഗേറ്റിനു സമീപം കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. രണ്ടുവർഷം മുൻപ് ശ്യാംകുമാർ ആലപ്പുഴ ജില്ലാ ജയിലിൽ ജോലിചെയ്തിരുന്നു. അക്കാലത്ത് കേസിൽപ്പെട്ട് പാതിരപ്പള്ളി സ്വദേശികളായ അനന്തകൃഷ്ണൻ, വിനു എന്നിവർ ജയിലിലായി. ഇരുവരും വിവിധ കേസുകളിൽ പ്രതികളും ശ്യാംകുമാറിന്റെ അയൽവാസികളുമാണ്.
അയൽവാസികളെന്ന പരിഗണന അന്നു നൽകിയില്ലെന്നാരോപിച്ചാണ് മർദിച്ചതെന്ന് ശ്യാംകുമാർ പോലീസിൽ മൊഴി നൽകി. ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്കു മടങ്ങുമ്പോൾ പാതിരപ്പള്ളി പാട്ടുകളം ഭാഗത്ത് പ്രതികൾ ബൈക്ക് തടഞ്ഞ് മർദിക്കുകയായിരുന്നു.വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് പ്രിൻസിപ്പൽ എസ്.ഐ. കെ.ആർ. ബിജു പറഞ്ഞു.