തൃശ്ശൂർ: സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് ഒതുക്കാൻ അധ്യാപകൻ ശ്രമിച്ചെന്ന് ആരോപണം. കേസിലെ പരാതിക്കാരി അധ്യാപകന്റെ പേരുൾപ്പെടെ വിവരങ്ങൾ സാമൂഹികമാധ്യമത്തിലെഴുതി. 2023 മേയിൽ കോളേജ് അവധിക്കാലത്ത് ഡിസോൺ മത്സരങ്ങളുടെ തയാറെടുപ്പിന്റെ സമയത്താണ് കേരളവർമ കോളേജിൽ സഹപാഠിയെ എസ്.എഫ്.ഐ. മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ സനേഷ് ക്ലാസ് മുറിയിൽ ഉപദ്രവിച്ചത്. അതോടെ വിദ്യാർഥിനി പഠനം അവസാനിപ്പിച്ചു.
പിന്നീട് പ്രതിയെ സംരക്ഷിക്കുന്ന രീതിയിൽ അധ്യാപകൻ പെരുമാറിയപ്പോഴാണ് വിദ്യാർഥിനി പോലീസിൽ പരാതിപ്പെട്ടത്. 2024 ഓഗസ്റ്റ് 12-ന് പെൺകുട്ടിയുടെ മൊഴിയെടുത്ത് പ്രതിയായ വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. വിയ്യൂർ ജയിലിൽ റിമാൻഡിലാണ് പ്രതി. ബിരുദം അഞ്ചാം സെമസ്റ്റർ പഠിക്കുന്ന പ്രതിയെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തു.
പ്രതിക്കുവേണ്ടി ഈ അധ്യാപകൻ പലതവണ പോലീസ്സ്റ്റേഷനിൽ പോകുകയും കേസ് ഒതുക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പോലീസിന്റെ പരാതിയിൽ അധ്യാപകനോട് വിശദീകരണം തേടാൻ കോളേജ് കൗൺസിൽ തീരുമാനിച്ചിരുന്നു. ഇതിനിടെ എ.കെ.പി.സി.ടി.എ. അധ്യാപകന്റെ അംഗത്വം പുതുക്കിയില്ല.
ആരോപണവിധേയനായ അധ്യാപകൻ ഒരു വിദ്യാർഥിയുടെ ഇന്റേണൽമാർക്ക് മനഃപൂർവം കുറച്ചതിന് സർവകലാശാലയുടെ നടപടി നേരിട്ട വ്യക്തിയുമാണ്.വിദ്യാർഥിയുടെ പരാതി ശരിയാണെന്ന് കണ്ടെത്തിയാണ് അധ്യാപകനോട് പിഴയൊടുക്കാൻ കലിക്കറ്റ് സർവകലാശാല നിർദേശിച്ചത്.
ഈ വിദ്യാർഥിയോടുള്ള പക കാരണം 14 എന്നുള്ള മാർക്ക് നാലാക്കി മാറ്റുകയായിരുന്നു. എല്ലാ വിഷയത്തിലും മികവ് പുലർത്തിയ വിദ്യാർഥി േതാറ്റു.
പരാതി പരിഗണിച്ച സർവകലാശാല വിദ്യാർഥിയെ ജയിപ്പിക്കുകയും അധ്യാപകനോട് പിഴയൊടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
അന്വേഷണമാവശ്യപ്പെട്ട് കത്ത് നൽകി
ഗൗരവമേറിയ വിഷയം നടന്നിട്ടും കോളേജ് മാനേജ്മെന്റോ പ്രിൻസിപ്പലോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നത് ഗൗരവപ്രശ്നമാണെന്ന് കെ.പി.സി.സി. സെക്രട്ടറി എ. പ്രസാദ് പറഞ്ഞു.
ഈ വിഷയം സംബന്ധിച്ച് കോളേജ് മാനേജ്മെന്റ് അടിയന്തരമായ അന്വേഷണം നടത്തണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ കൈക്കൊള്ളണമെന്നുമാവശ്യപ്പെട്ട് കോളേജ് മാനേജർകൂടിയായ കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറിക്ക് പരാതി നൽകി.