ഭോപ്പാല്‍: മധ്യപ്രദേശിലെ രത്ലാമില് ഗണേശചതുര്‍ത്ഥി ഘോഷയാത്രയ്ക്കിടെ സംഘര്‍ഷമുണ്ടായതായി പൊലീസ്. ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായെന്നാരോപിച്ച് ജനങ്ങള്‍ അക്രമകാരികളാവുകയായിരുന്നെന്നാണ് പൊലീസ് അറിയിച്ചത്.
പത്ത് ദിവസത്തെ ഉത്സവത്തിന്റെ ഭാഗമായി വിഗ്രഹം പ്രതിഷ്ഠിക്കുന്നതിന് വേണ്ടി കൊണ്ടുപോവുന്ന ഘോഷയാത്രയ്ക്ക് നേരെയാണ് കല്ലേറുണ്ടായെന്ന ആരോപണം.
ശനിയാഴ്ച രാത്രി രത്ലാം നഗരത്തിലെ മോച്ചിപുര മേഖലയില്‍ വെച്ചാണ് ആദ്യം സംഘര്‍ഷത്തിന് തുടക്കമിട്ടതെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.
പന്തല്‍ എന്ന പ്രദേശത്തിന് സമീപത്തുനിന്നും കല്ലേറുണ്ടായതിനെ തുടര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റതായി പൊലീസ് സൂപ്രണ്ട് രാഹുല്‍ കുമാര്‍ ലോധ പറഞ്ഞു. പിന്നാലെ കേസുമായി ബന്ധപ്പെട്ട് അജ്ഞാതരായ വ്യക്തികള്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഗണേശ ചതുര്‍ത്ഥി ഘോഷയാത്രയ്ക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് അഞ്ഞൂറോളം പേര് പൊലീസ് സ്റ്റേഷന് ഉപരോധിക്കുകയും അജ്ഞാതരായ പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതിഷേധത്തില്‍ പൊലീസ് വാഹനങ്ങള്‍ക്കുനേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ പൊലീസ് ബലംപ്രയോഗിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രത്ലാമിലെ എല്ലാ പ്രധാന നഗരങ്ങളിലും കനത്ത സുരക്ഷ ഉറപ്പാക്കിയതായും പൊലീസ് പറഞ്ഞു.