ആലപ്പുഴ: കലവൂരില്‍ വയോധികയെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ ദമ്പതിമാര്‍ക്കായി പോലീസ് തിരച്ചില്‍ വ്യാപിപ്പിച്ചു. ആലപ്പുഴ കാട്ടൂര്‍ സ്വദേശി മാത്യൂസ് (നിധിന്-38), ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശിനി ശര്‍മിള (36) എന്നിവര്‍ക്കായാണ് തിരച്ചില്‍ തുടരുന്നത്. കര്‍ണാടകയിലെ വിവിധയിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് സംഘം നിലവില്‍ അന്വേഷണം നടത്തുന്നത്. മംഗളൂരു, ഉഡുപ്പി മേഖലകളിലും ഊര്‍ജിതമായ അന്വേഷണം തുടരുകയാണ്. കൊലപാതകത്തിന് പിന്നില്‍ മാസങ്ങള്‍നീണ്ട ആസൂത്രണമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
എറണാകുളത്തുനിന്നു കാണാതായ കടവന്ത്ര ഹാര്‍മണി ഹോംസ് ചക്കാലമഠത്തില്‍ സുഭദ്ര(73)യുടെ മൃതദേഹമാണ് കഴിഞ്ഞദിവസം ആലപ്പുഴ കലവൂരിലെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. മാത്യൂസ്-ശര്‍മിള ദമ്പതിമാരാണ് ഈ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. കൊല്ലപ്പെട്ട സുഭദ്രയും ഇടയ്ക്കിടെ ഇവിടെ വരാറുണ്ടായിരുന്നു.
സുഭദ്രയെ കാണാനില്ലെന്നുകാട്ടി മകന് രാധാകൃഷ്ണന് ഓഗസ്റ്റ് നാലിന് കടവന്ത്ര പോലീസില്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍രേഖകള്‍ പരിശോധിച്ചപ്പോള്‍ സുഭദ്ര ഒടുവില്‍ വിളിച്ചത് മാത്യൂസിനെയാണെന്നു വ്യക്തമായി. അവസാന ഫോണ്‍ ലൊക്കേഷന്‍ കലവൂരിലാണെന്നതും സംശയത്തിനിടയാക്കി. ഇതു ചോദിച്ചറിയാന്‍ മാത്യൂസിനോട് ആലപ്പുഴ മണ്ണഞ്ചേരി സ്റ്റേഷനിലെത്താന്‍ പോലീസ് ഓഗസ്റ്റ് 10-ന് ആവശ്യപ്പെട്ടു. അതോടെ മാത്യൂസും ശര്‍മിളയും ഫോണ്‍ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ സാധാരണയായി സാരി ധരിക്കാറുള്ള സുഭദ്ര കാണാതായദിവസം ശര്‍മിളയ്ക്കൊപ്പം ചുരിദാര്‍ ധരിച്ച് നടന്നുപോകുന്നതിന്റെ സിസിടിവിദൃശ്യങ്ങളും ലഭിച്ചിരുന്നു.
മൃതദേഹം കണ്ടെത്തുന്നതില്‍ മികവുള്ള കഡാവര്‍ നായയെ തിങ്കളാഴ്ച വൈകീട്ട് പോലീസ് കലവൂരിലെ വീട്ടില്‍ കൊണ്ടുവന്നു. അതു കുഴിക്കു സമീപമെത്തി. മുന്‍പൊരുദിവസം കുഴിയെടുക്കുന്നതു കണ്ടതായി അയല്‍വാസി പറഞ്ഞതോടെയാണ് കുഴിച്ചുനോക്കാന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൃതദേഹം കണ്ടെത്തി.
സുഭദ്രയുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കാനാകാം കൊല നടത്തിയതെന്നു സംശയിക്കുന്നു. സ്വര്‍ണം വിറ്റത് മംഗളൂരുവിലും ആലപ്പുഴയിലുമുള്ള ജൂവലറികളിലാണ്. ആലപ്പുഴയിലെ ജൂവലറിയില്‍നിന്ന് 27,000 രൂപ മാത്യൂസിന്റെ ഗൂഗിള്‍ പേ നമ്പരിലേക്കു വന്നതായി പോലീസ് കണ്ടെത്തി.
അനാഥയായ ശര്‍മിള എറണാകുളത്ത് ഒരു കോണ്‍വെന്റില്‍ താമസിച്ചിരുന്നു. അപ്പോഴാണ് അടുത്തുള്ള സുഭദ്രയുമായി ബന്ധമായതെന്നു പറയുന്നു. ഇവര്‍ക്കൊപ്പം തീര്ഥയാത്രകളും നടത്തിയിരുന്നു.
കാല്‍വഴുതി വീണെന്ന് പറഞ്ഞ് സുഭദ്രയെ ആശുപത്രിയില്‍ കൊണ്ടുപോയി…
കലവൂരില്‍ ദമ്പതിമാര്‍ക്കൊപ്പം താമസിക്കുന്നതിനിടെ കാല്‍വഴുതി വീണെന്ന് പറഞ്ഞ് സുഭദ്രയെ ആശുപത്രിയില്‍ കൊണ്ടുപോയെന്ന് വെളിപ്പെടുത്തല്‍. മാത്യൂസും ശര്‍മിളയും താമസിച്ചിരുന്ന വീടിന് സമീപം സൈക്കിള്‍ വര്‍ക്ക്ഷോപ്പ് നടത്തുന്ന ജോയ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘സുഭദ്ര കാല്‍വഴുതി വീണെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും പറഞ്ഞ് അവര്‍ ഓട്ടോ തിരക്കിവന്നിരുന്നു. മാത്യൂസും ശര്‍മിളയും ഒരു കൂട്ടുകാരനും ഉണ്ടായിരുന്നു. സുഭദ്രയുടെ ദേഹത്ത് അന്ന് പരിക്കൊന്നും കണ്ടില്ല. അവര്‍ ഓട്ടോയില്‍ ഇരിക്കുകയായിരുന്നു. സുഭദ്രയെ അന്ന് ആശുപത്രിയില്‍നിന്ന് കൊണ്ടുവന്നതിന് ആരെയും ഇവിടെ കണ്ടിട്ടില്ല’ , ജോയ് പറഞ്ഞു.
കാട്ടൂര്‍ സ്വദേശിയായ മാത്യൂസ് രണ്ടുവര്‍ഷത്തോളമായി കലവൂരില്‍ വാടകയ്ക്ക് താമസിക്കുകയാണെന്നാണ് സമീപവാസികള്‍ പറയുന്നത്. കര്‍ണാടക സ്വദേശിയാണെങ്കിലും ശര്‍മിള തെറ്റില്ലാതെ മലയാളം സംസാരിക്കുമെന്നും സമീപത്തെ കടയിലൊക്കെ വരാറുണ്ടെന്നും സമീപവാസികള്‍ വെളിപ്പെടുത്തി. മാത്യൂസ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മാലപൊട്ടിക്കല്‍ കേസില്‍ ഉള്‍പ്പെട്ടിരുന്നതായും ഇവര്‍ പറഞ്ഞു.