ആലപ്പുഴ: എറണാകുളത്തുനിന്നു കാണാതായി കലവൂര്‍ കോര്ത്തുശ്ശേരിയില് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സുഭ്രദയെ കൊന്നത് അതിക്രൂരമായി. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ഫൊറന്‍സിക് വിഭാഗം, അന്വേഷണസംഘത്തിനു കൈമാറിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
വാരിയെല്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. കൈയും കഴുത്തും ഒടിഞ്ഞു. മരണശേഷം ഇടതു കൈ പിന്നിലേക്കു വലിച്ചൊടിച്ചതുമാകാം. മൃതദേഹം ഒളിപ്പിക്കാനുള്ള ശ്രമത്തിനിടെ കൈ ഒടിയാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഇക്കാര്യങ്ങള്‍ പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
എറണാകുളം കടവന്ത്ര കര്‍ഷകറോഡ് ശിവകൃപയില്‍ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ സുഭദ്രയുടെ (73) മൃതദേഹമാണ് ചൊവ്വാഴ്ച കലവൂരിലെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഇവിടെ വാടകയ്ക്കു താമസിച്ചിരുന്ന കാട്ടൂര്‍ പള്ളിപ്പറമ്പില്‍ മാത്യൂസും (നിഥിന്-33) ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശിനി ശര്‍മിളയും(30) ഒളിവിലാണ്. ഇവരെ തേടി പോലീസ് അവിടെയെത്തിയിട്ടുണ്ട്. സ്വര്‍ണത്തിനായി സുഭദ്രയെ കൊന്നുവെന്നാണു പ്രാഥമിക നിഗമനം.
ശര്‍മിളയ്ക്ക് അഞ്ചു ഭാഷകള്‍ അറിയാമെന്നു പറയുന്നു. ധനിക കുടുംബത്തിലെ അംഗമാണെന്നാണ് ശര്‍മിള മാത്യൂസിന്റെ കുടുംബത്തെ ധരിപ്പിച്ചിരുന്നത്. ഏറെ ദുരൂഹതയുള്ളയാളാണ് ശര്‍മിളയെന്ന് മാത്യൂസിന്റെ പിതാവ് ക്ലീറ്റസ് പറഞ്ഞു.
മകനു ശിക്ഷ ഉറപ്പാക്കണമെന്ന് മാത്യൂസിന്റെ അമ്മ ഗ്രേസി മാധ്യമങ്ങളോടു പറഞ്ഞു. നേരത്തേ ഇയാള്‍ വീട്ടുകാര്‍ക്ക് തലവേദനയായിരുന്നു. വിവാഹശേഷം അവരുമായി വഴക്കിട്ടാണ് വാടകയ്ക്കു താമസം തുടങ്ങിയത്.
സുഭദ്രയെ കാണാനില്ലെന്ന പരാതിയില്‍ സ്റ്റേഷനില്‍ ഹാജരാകണമെന്ന നിര്‍ദേശം അവഗണിച്ച് ഇരുവരും ഓഗസ്റ്റ് ഒന്പതിനു മുങ്ങിയെന്നാണു സൂചന. അന്നാണ് ഫോണുകള്‍ സ്വിച്ച് ഓഫ് ആയത്. എന്നാല്‍, ഇവര്‍ക്ക് കലവൂരില്‍ വാടക വീടെടുത്തു കൊടുത്ത ബന്ധു റെയ്നോള്‍ഡിനെ 11-നും 12-നും മാത്യൂസ് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിട്ടുണ്ട്.
മാലിന്യം മൂടാനെന്നുപറഞ്ഞ് മാത്യൂസ് വിളിച്ചതനുസരിച്ച് ഓഗസ്റ്റ് ഏഴിനു കുഴിയെടുക്കാന്‍ ചെന്നപ്പോള്‍ സുഭദ്രയെ കണ്ടിരുന്നെന്ന് മണ്ണഞ്ചേരി കാട്ടൂര്‍ കിഴക്കേവെളിയില്‍ വീട്ടില്‍ ഡി. അജയന് (39) പോലീസിനു മൊഴി നല്കി. പിറ്റേന്ന് കുഴി പൂര്‍ത്തിയാക്കാന്‍ ചെന്നപ്പോള്‍ മൂടിയിരുന്നതായും മൊഴി നല്കി. അതിനാല്‍, ഏഴിനു കൊലപാതകം നടന്നുവെന്നാണ് പോലീസ് കരുതുന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത അജയന് ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മൃതദേഹം സംസ്കരിച്ചു
കൊച്ചി: സുഭദ്രയുടെ മൃതദേഹം ബുധനാഴ്ച വൈകീട്ട് നാലിന് എറണാകുളം രവിപുരം ശ്മശാനത്തില്‍ സംസ്കാരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ബുധനാഴ്ച ഉച്ചയോടെയാണ് മക്കളായ രാജീവും രാധാകൃഷ്ണനും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങിയത്.
ശര്‍മിള സുഭദ്രയ്ക്കു മകളെപ്പോലെ
കലവൂര്‍ : മകളോടുള്ള സ്നേഹവും വാത്സല്യവുമായിരുന്നു സുഭദ്രയ്ക്ക് ശര്മിളയോടുണ്ടായിരുന്നതെന്ന് വാടകവീടെടുത്തു നല്കിയ റെയ്നോള്‍ഡ് പറഞ്ഞു. ശര്‍മിളയുടെ ഭര്‍ത്താവ് മാത്യൂസിന്റെ അകന്ന ബന്ധുവാണ് കാട്ടൂര്‍ പാനേഴത്ത് റെയ്നോള്‍ഡ്. ആദ്യഘട്ടത്തില്‍ പോലീസ് ഇയാളെ ചോദ്യംചെയ്തിരുന്നു. ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞമാസം ആറിന് സുഭദ്ര, മാത്യൂസ്, ശര്‍മിള എന്നിവര്‍ക്കൊപ്പം താനും പോയാണ് ആലപ്പുഴയിലെ സ്വര്‍ണക്കടയില്‍ സുഭദ്രയുടെ വള വിറ്റതെന്നു റെയ്നോള്‍ഡ് പറഞ്ഞു. ഇതു ശരിയാണെങ്കില്‍, സുഭദ്ര കൊല്ലപ്പെടും മുന്‍പുതന്നെ ഇവരുടെ കുറച്ചു സ്വര്‍ണം വിറ്റിരുന്നു. മാത്യൂസിനും ശര്മിളയ്ക്കുമുള്ള സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കിയാകാം സുഭദ്ര ഇതിനു തയ്യാറായത്.
അതിനും മാസങ്ങള്‍ക്കുമുന്‍പ് ശര്‍മിളയുടെ വെട്ടേറ്റ് മാത്യൂസിന്റെ കൈക്കു മാരകമായി മുറിവേറ്റിരുന്നു. അതിനുശേഷം മാത്യൂസിനു ജോലിക്കുപോകാന്‍ സാധിച്ചില്ല. ശര്‍മിളയാണ് കൂടുതല്‍ ക്രൂരത കാണിച്ചിരുന്നത്. പണത്തിനായാകാം സുഭദ്രയെ കൂട്ടിക്കൊണ്ടുവന്ന് ആഭരണം വിറ്റത്. – റെയ്നോള്‍ഡ് പറഞ്ഞു.
പെട്ടെന്നു മനസ്സലിയുന്ന പ്രകൃതക്കാരിയായിരുന്നു സുഭദ്രയെന്ന് മക്കള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഓഗസ്റ്റ് എട്ടിന് വീട്ടില്‍ച്ചെന്നപ്പോള്‍ സുഭദ്ര അവശയായി കിടക്കുന്നതുകണ്ട് അന്വേഷിച്ചപ്പോള്‍ പനിയാണെന്നു ശര്‍മിള പറഞ്ഞതായും റെയ്നോള്‍ഡ് പറഞ്ഞു. എന്നാല്‍, ഓഗസ്റ്റ് എട്ടിനു ചെന്നപ്പോള്‍ തലേന്നു തുടങ്ങിവെച്ച കുഴി മൂടിയതു കണ്ടെന്നാണ് അജയന്റെ മൊഴി. എന്നാല്‍, എട്ടിനു സുഭദ്രയെ ജീവനോടെ കണ്ടെന്ന് റെയ്നോള്‍ഡും പറയുന്നു. മൊഴികളിലെ വൈരുധ്യം പോലീസ് പരിശോധിക്കും.