ആലപ്പുഴ: ചേര്‍ത്തലയില്‍ നവജാതശിശുവിനെ കൊന്ന് കുഴിച്ചിട്ട സംഭവം പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണംചെയ്തതെന്ന് നിഗമനം. കുഞ്ഞിനെ പ്രസവിച്ച ആശയും(35) കാമുകന് രതീഷും(38) പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നതായാണ് സൂചന. ഓഗസ്റ്റ് 31-ന് ആശുപത്രി വിട്ടതിന് പിന്നാലെ രതീഷ് കുഞ്ഞിനെ കൊണ്ടുപോയി. തുടര്‍ന്ന് കുഞ്ഞിനെ ഇയാള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു. അതിനിടെ, സംഭവം പുറത്തറിഞ്ഞതോടെ കഴിഞ്ഞദിവസം മൃതദേഹം പുറത്തെടുത്ത് കത്തിക്കാനും ഇയാള്‍ ശ്രമം നടത്തി.
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ടുപേരും വിവാഹിതരാണ്. ആശയ്ക്ക് രണ്ട് മക്കളും രതീഷിന് ഒരു കുട്ടിയുമുണ്ട്. കല്ലറ മുണ്ടാര്‍ സ്വദേശിനിയായ ആശയുടെ ഭര്‍ത്താവ് പല്ലുവേലി സ്വദേശിയാണ്. കാമുകനായ രതീഷ് ആശയുടെ അകന്നബന്ധുവാണ്.
കുഞ്ഞ് ജനിച്ചത് ഓഗസ്റ്റ് 26-ന്, ബിഗ്ഷോപ്പറിലാക്കി കൊണ്ടുപോയി…
ആശ ഗര്‍ഭിണിയായ വിവരം എട്ടാംമാസത്തില്‍ തന്നെ ആശ വര്‍ക്കര്‍മാരും ആരോഗ്യപ്രവര്‍ത്തകരും അറിഞ്ഞിരുന്നു. എന്നാല്‍, ഗര്‍ഭിണിയാണെന്ന് ആശ ആദ്യമൊന്നും സമ്മതിച്ചില്ല. മാത്രമല്ല, ഗര്‍ഭിണിയാണെന്നവിവരം പുറത്തുപറഞ്ഞാല്‍ നിങ്ങളുടെ പേരെഴുതിവെച്ച് ജീവനൊടുക്കുമെന്നും യുവതി ആശ വര്‍ക്കര്‍മാരെ ഭീഷണിപ്പെടുത്തിയിരുന്നു. മുതിര്‍ന്ന രണ്ട് കുട്ടികളുടെ അമ്മയായിരിക്കെ വീണ്ടും ഗര്‍ഭിണിയായതില്‍ യുവതിക്ക് നാണക്കേട് തോന്നിയിരിക്കാമെന്നും അതിനാലാകം ഇങ്ങനെ പറഞ്ഞതെന്നുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ കരുതിയിരുന്നത്.
ഓഗസ്റ്റ് 25-നാണ് ആശയെ പ്രസവത്തിനായി ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 26-ന് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി. മൂന്നുകിലോയിലേറെ ഭാരമുണ്ടായിരുന്ന കുഞ്ഞ് പൂര്‍ണ ആരോഗ്യവാനായിരുന്നു. പ്രസവസമയത്ത് കാമുകനായ രതീഷായിരുന്നു ആശയ്ക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നത്. എന്നാല്‍, മനോജ് എന്ന പേരാണ് ഇയാള്‍ ആശുപത്രിയില്‍ നല്‍കിയിരുന്നത്.
ഓഗസ്റ്റ് 31-ന് രാവിലെ ആശയെ ആശുപത്രിയില്‍നിന്ന് വിടുതല്‍ചെയ്തു. തുടര്‍ന്ന് രതീഷും ആശയും പള്ളിപ്പുറം വരെ ഒരുമിച്ചാണ് വന്നത്. ഇവിടെവെച്ച് ഇരുവരും അവരവരുടെ വീടുകളിലേക്ക് പോയി. ഈ സമയം ഒരു ബിഗ് ഷോപ്പറിലാക്കി രതീഷ് കുഞ്ഞിനെ കൊണ്ടുപോയി. അപ്പോഴെല്ലാം കുഞ്ഞിന് ജീവനുണ്ടായിരുന്നതായാണ് നിഗമനം. തുടര്‍ന്ന് വീട്ടിലെത്തിയ രതീഷ് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും വീട്ടുവളപ്പില്‍ രഹസ്യമായി കുഴിച്ചിടുകയുമായിരുന്നു.
മൊഴികള്‍ പരസ്പരവിരുദ്ധം, അടിമുടി ദുരൂഹത…
പ്രസവശേഷം ആശ വീട്ടില്‍ തിരിച്ചെത്തിയിട്ടും കുഞ്ഞിനെ ഒപ്പം കാണാതിരുന്നതാണ് ആശ വര്‍ക്കര്‍മാരിലും ആരോഗ്യപ്രവര്‍ത്തകരിലും സംശയം ജനിപ്പിച്ചത്. കുഞ്ഞ് എവിടെയാണെന്ന് ചോദിച്ചപ്പോള്‍ യുവതി പരസ്പരവിരുദ്ധമായ മറുപടികളാണ് നല്‍കിയത്. ഗര്‍ഭഛിദ്രം നടത്തിയെന്നും വളര്‍ത്താന്‍ നിര്‍വാഹമില്ലാത്തതിനാല്‍ കുഞ്ഞിനെ മറ്റൊരു ദമ്പതിമാര്‍ക്ക് നല്‍കിയെന്നും യുവതി ആദ്യം പറഞ്ഞിരുന്നു. ഇതോടെ സംശയം തോന്നിയ ആരോഗ്യപ്രവര്‍ത്തകര്‍ ജനപ്രതിനിധികളെയും തുടര്‍ന്ന് പോലീസിനെയും വിവരമറിയിച്ചു. ഇതോടെ പോലീസ് സംഘം സ്ഥലത്തെത്തി ആശയെ ചോദ്യംചെയ്തു. തുടര്‍ന്നാണ് കുഞ്ഞിനെ കാമുകന് കൊണ്ടുപോയെന്ന് യുവതി മൊഴി നല്‍കിയത്. അനാഥാലയത്തില്‍ നല്‍കാമെന്ന് പറഞ്ഞാണ് കാമുകന് കുഞ്ഞിനെ കൊണ്ടുപോയതെന്നും യുവതി പോലീസിനോട് പറഞ്ഞിരുന്നു. ഇതോടെ ആശയുടെ ഫോണില്‍നിന്ന് തന്നെ കാമുകനെ പോലീസ് വിളിച്ചുവരുത്തി. തുടര്‍ന്ന് രണ്ടുപേരെയും ഒരുമിച്ച് ചോദ്യംചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
അറസ്റ്റിലായ രണ്ട് പ്രതികളെയും മൃതദേഹം കുഴിച്ചിട്ട സ്ഥലത്തേക്ക് തെളിവെടുപ്പിനായി പോലീസ് കഴിഞ്ഞദിവസം കൊണ്ടുവന്നിരുന്നു. ഈ സമയത്തൊന്നും പ്രതികള്‍ക്ക് യാതൊരു കൂസലും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. ഇതിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ തയ്യാറാണെങ്കില്‍ മൃതദേഹം അവര്‍ക്ക് വിട്ടുകൊടുക്കും.