സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കം നൂറുകണക്കിനാളുകള്‍ വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ലക്ഷദ്വീപ് കപ്പല്‍യാത്രാ കേന്ദ്രത്തിനുമുന്നില്‍ കാത്തു നിന്നു… ആരെങ്കിലുമൊരാള്‍ യാത്ര റദ്ദാക്കിയാല്‍ കയറിപ്പോകാമല്ലോ എന്ന പ്രതീക്ഷയില്‍. ‘എം.വി. കോറല്‍സ്’ കപ്പലിലേക്കുള്ള യാത്രക്കാരെല്ലാം കയറിയതോടെ വെള്ളിയാഴ്ച രാത്രി എട്ടുണിക്ക് പരിശോധനാ കേന്ദ്രം അടച്ചു. അത്രനേരം കാത്തു നിന്നവരെല്ലാം നിരാശയോടെ കൊച്ചിയിലെ ഹോട്ടല്‍ മുറികളിലേക്ക് മടങ്ങി. ലക്ഷദ്വീപിലേക്ക് എത്താനുള്ളവരുടെ ആഴ്ചകളായുള്ള അവസ്ഥയാണിത്.
ആവശ്യത്തിന് കപ്പലുകളില്ലാതെ ആയിരത്തോളം ദ്വീപുകാരാണ് കൊച്ചിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതിനൊപ്പം ലക്ഷദ്വീപില്‍ അവശ്യസാധന ക്ഷാമം രൂക്ഷമാവുകയാണ്. പച്ചക്കറിയോ ആട്ടയോ മൈദയോ പഞ്ചസാരയോ പോലും കിട്ടാനില്ലാത്ത സ്ഥിതി.
ലക്ഷദ്വീപിലേക്ക് അഞ്ചുകപ്പലുകളാണ് സര്‍വീസ് നടത്തിയിരുന്നത്. എഴുന്നൂറുപേര്ക്ക് സഞ്ചരിക്കാവുന്ന എം.വി. കവരത്തിയാണ് ഇതില്‍ ഏറ്റവും വലുത്. ഈ കപ്പല്‍ മുംബൈയില്‍ അറ്റകുറ്റപ്പണികള്‍ക്ക് കയറ്റിയിട്ട് രണ്ടുമാസമായി. പത്തുമാസമായി ‘ലക്ഷദ്വീപ് സീ’ എന്ന കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊച്ചി കപ്പല്‍ശാലയിലുണ്ട്. അറ്റകുറ്റപ്പണികള്‍ക്കായി ഇതുവരെ ‘സ്ലോട്ട്’ കിട്ടിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. വെള്ളിയാഴ്ച വരെ നാനൂറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന എം.വി. ലഗൂണ്‍സ്, 250 പേര്‍ക്ക് യാത്ര ചെയ്യാവുന്ന അറേബ്യന്‍സീ എന്നീ കപ്പലുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ നാനൂറുപേര്‍ക്ക് പോകാവുന്ന എം.വി. കോറല്‍സും സര്‍വീസ് തുടങ്ങിയിട്ടുണ്ട്.
ഓണം, നബിദിനം എന്നിവ ഒരുമിച്ചുവന്നതോടെ കേരളത്തില്‍ പഠിക്കുന്ന ദ്വീപിലെ വിദ്യാര്‍ഥികള്‍ അവധിക്കാലത്ത് നാട്ടിലെത്താന്‍ കഷ്ടപ്പെടുകയാണ്. ഇതോടൊപ്പം ആശുപത്രി ആവശ്യങ്ങള്‍ക്കായി കേരളത്തിലേക്ക് എത്തിയ ദ്വീപുകാരുമുണ്ട്. ആഴ്ചകളായി കൊച്ചി നഗരത്തില്‍ ഹോട്ടലുകളില്‍ വാടകയ്ക്ക് താമസിക്കുകയാണിവര്‍. കൊച്ചിയില്‍ നിന്നാണ് ലക്ഷദ്വീപുകളിലേക്കുള്ള പച്ചക്കറിയും പലവ്യഞ്ജനവും എത്തുന്നത്. കപ്പലുകള്‍ ആവശ്യത്തിന് ഇല്ലാതായതോടെ അവശ്യസാധനങ്ങളുടെ വരവും നിന്നു.
കപ്പല്‍ ടിക്കറ്റുകള്‍ ഇന്ന് കൊടുക്കും
അവധിക്കാലം വന്നതിന്റെ പ്രശ്നമാണിതെന്നും പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പ്രതിനിധികള്‍ പറഞ്ഞു. അറ്റകുറ്റപ്പണി കഴിഞ്ഞ് വെള്ളിയാഴ്ച പുറപ്പെട്ട എം.വി. കോറല്‍സ് 17-ന് തിരിച്ചെത്തും. 18-ന് വീണ്ടും പുറപ്പെടും. അതിനുള്ള ടിക്കറ്റുകള്‍ ഞായറാഴ്ച മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കും. കപ്പലുകളില്‍ യാത്രക്കാര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത് എന്നതിനാലാണ് സാധനങ്ങള്‍ അധികം കയറ്റാന്‍ സാധിക്കാത്തതെന്നും പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.