കാൻബറ: സാങ്കേതിക പിഴവ് കാരണം വലിയ അബദ്ധം പിണഞ്ഞ് ആസ്ത്രേലിയൻ വിമാനക്കമ്പനി. ഇവരുടെ വിമാനത്തിലെ നൂറ് കണക്കിന് ഫസ്റ്റ് ക്ലാസ് ടിക്കറ്റുകളാണ് ‘വൻ ഓഫറി’ൽ ഇതുവഴി യാത്രക്കാർക്ക് ലഭിച്ചത്. 300 ഓളം ടിക്കറ്റുകൾ ഈ രീതിയിൽ വിറ്റുപോയെന്നാണ് റിപ്പോർട്ട്. ആസ്ത്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടസ് എയർവേസിനാണ് സോ്ഫ്റ്റ് വെയറിലെ കോഡിങ് തകരാർ മൂലം വലിയ അബദ്ധം സംഭവിച്ചത്.
ഓസ്ട്രേലിയയിൽനിന്ന് യുഎസിലേക്കുള്ള വിമാനങ്ങളുടെ ടിക്കറ്റുകൾ കോഡിങ് പിഴവ് കാരണം സാധാരണയിലും 85 ശതമാനത്തോളം കുറവ് നിരക്കിൽ വെബ്സൈറ്റിൽ കാണിക്കുകയായിരുന്നു. സാധാരണ 12 ലക്ഷം രൂപവരെ വിലമതിക്കുന്ന ടിക്കറ്റുകൾ നാല് ലക്ഷം രൂപയിലും താഴെയുള്ള നിരക്കിന് ലഭ്യമായിരുന്നു.
എട്ട് മണിക്കൂറോളം പിഴവ് നിലനിന്നുവെന്നാണ് റിപ്പോർട്ട്. 300-ലധികം യാത്രക്കാർ ഈ സമയത്ത് ടിക്കറ്റെടുക്കുകയും ചെയ്തു. വിമാനത്താവളത്തിലെ ലോഞ്ച് ഉൾപ്പെടെ വലിയ സൗകര്യങ്ങളാണ് ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് എയർലൈൻസ് ലഭ്യമാക്കുന്നത്.
എന്നാൽ, ക്വാണ്ടസ് എയർലൈനസിന്റെ വ്യവസ്ഥകൾ അനുസരിച്ച് ഈ രീതിയിൽ പിഴവ് സംഭവിക്കുന്നപക്ഷം റീഫണ്ട് നൽകാനോ ബുക്കിങ് റദ്ദാക്കാനോ ഉള്ള അവകാശം കമ്പനിക്കുണ്ട്. കൂടാതെ, ആവശ്യമെങ്കിൽ ശരിയായ നിരക്കിൽ പുതിയ ടിക്കറ്റ് നൽകാനുമാകും.
അതേസമയം, യാത്രക്കാർക്ക് അധികച്ചെലവില്ലാതെ ബിസിനസ് ക്ലാസ് യാത്ര അനുവദിക്കാമെന്ന നിലപാടിലാണ് എയർലൈൻസ്. ഫസ്റ്റ് ക്ലാസിൽ യാത്ര അനുവദിക്കാനാവില്ല. ബിസിനസ് ക്ലാസ് യാത്രയാണെങ്കിലും സാധാരണയേക്കാൾ 65 ശതമാനത്തോളം കുറഞ്ഞ നിരക്കാണിതെന്നും എയർലൈൻസ് വ്യക്തമാക്കി.