ശ്രീകണ്ഠപുരം (കണ്ണൂർ): റബ്ബറിന് വില കൂടിയിട്ടും ടാപ്പിങ് തൊഴിലാളികളില്ലാത്തത് പ്രതിസന്ധിയാകുന്നു. നിലവിൽ 200 രൂപയ്ക്ക് മുകളിൽ വിലയുള്ളതിനാൽ തൊഴിലാളികൾക്ക് മെച്ചപ്പെട്ട കൂലി നൽകാൻ കർഷകർ തയ്യാറാണെങ്കിലും പുതുതലമുറയിലുള്ളവർ ഈ മേഖലയിലേക്ക് വരുന്നില്ല.
പുതുക്കിയ നിരക്കനുസരിച്ച് ഒരു റബ്ബർ ടാപ്പ് ചെയ്ത് ഷീറ്റടിക്കുന്നതിന് മൂന്നുരൂപ തൊഴിലാളിക്ക് ലഭിക്കും. 300 മുതൽ 1000 മരങ്ങൾ വരെ ടാപ്പ് ചെയ്യുന്ന തൊഴിലാളികളുണ്ട്. പ്രതിമാസം ചുരുങ്ങിയത് 30,000 രൂപയോളം ലഭിക്കുന്ന ഈ ജോലിയിൽ 40 വയസ്സിന് താഴെയുള്ള നാമമാത്ര തൊഴിലാളികൾ മാത്രമാണുള്ളത്.
റബ്ബറിന് വിലയില്ലാതെ പ്രതിസന്ധി നേരിട്ട സമയത്ത് ഈ മേഖലയെ ഉപേക്ഷിച്ച കർഷകരും തൊഴിലാളികളും തിരിച്ചുവന്നില്ല. വില ഇടിഞ്ഞതും പഴയപോലെ സ്ഥിരതയില്ലാത്തതും ഉത്പാദനച്ചെലവ് കൂടിയതുമൊക്കെയാണ് റബ്ബറിന് ‘ഗ്ലാമർ’ പോകാനുള്ള കാരണങ്ങൾ. കാട്ടുപന്നിയടക്കമുള്ള വന്യമൃഗശല്യം രൂക്ഷമായതും തൊഴിലാളികളെ മറ്റു ജോലികൾ നോക്കാൻ പ്രേരിപ്പിച്ചു. സ്വയം ടാപ്പിങ് നടത്തിയാണ് ചെറുകിട തോട്ടം ഉടമകൾ പിടിച്ചുനിൽക്കുന്നത്.
റബ്ബർ ടാപ്പേഴ്സ് ബാങ്ക്
റബ്ബർ കർഷക സംഘങ്ങളുടെ കീഴിൽ ടാപ്പിങ് തൊഴിലാളികൾക്കായി റബ്ബർ ടാപ്പേഴ്സ് ബാങ്ക് എന്ന പേരിൽ അസോസിയേഷനുകളുണ്ട്. തുടക്കകാലത്ത് ഉണ്ടായിരുന്നവരല്ലാതെ പുതിയ അംഗങ്ങൾ സംഘടനയിൽ എത്തുന്നില്ല. പണ്ട് ഉന്നത വിദ്യാഭ്യാസമുള്ളവർ പോലും റബ്ബർ ബോർഡ് നടത്തുന്ന ടാപ്പിങ് പരിശീലന കോഴ്സിൽ പങ്കെടുക്കാറുണ്ടായിരുന്നു.
ഇപ്പോൾ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻപോലും ആളില്ല. കാടുവെട്ടിത്തെളിക്കലും വളമിടലും തുരിശിടിക്കലും മഴക്കുട ഒരുക്കുന്നതുമെല്ലാം ഉടമകൾ തന്നെ ചെയ്താണ് കൃഷി മുന്നോട്ട് കൊണ്ടുപോകുന്നത്. പല കർഷകരും റബ്ബർ മരങ്ങൾക്ക് വളപ്രയോഗം പോലും നടത്തുന്നില്ല.
തൊഴിലാളിക്ഷേമ പദ്ധതികൾ
തൊഴിലാളികളുടെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തി ടാപ്പിങ് മേഖല സുരക്ഷിതമാക്കാൻ റബ്ബർ ബോർഡിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി, ഹൗസിങ് സബ്സിഡി, ടാപ്പിങ് തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സഹായം, വനിതാ ടാപ്പിങ് തൊഴിലാളികൾക്കുള്ള സഹായങ്ങൾ തുടങ്ങിയ പദ്ധതികളുണ്ട്. എന്നാൽ ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. പദ്ധതികൾ കൂടുതൽ ആകർഷകമാക്കി ഈ മേഖലയിലേക്ക് തൊഴിലാളികളെ എത്തിക്കണമെന്ന ആവശ്യമുയരുന്നുണ്ട്.