കണ്ണുർ: ഓൺലൈൻ ഷെയർ ട്രേഡിങ് വഴി കൂടുതൽ വരുമാനം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പുതിയതെരു സ്വദേശിയായ മുൻ പ്രവാസിയിൽനിന്ന് 29,25,000 രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ഹൈദരാബാദ് കാലാപത്തർ സ്വദേശി സയ്യിദ് ഇക്ബാൽ ഹുസൈനി (47) നെയാണ് കണ്ണൂർ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
ഷെയർ ട്രേഡിങ് നടത്താനായി വ്യാജ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ടെലിഗ്രാം ഗ്രൂപ്പിലൂടെ ഷെയർ ട്രേഡിങ്ങിനായി നിർദേശങ്ങൾ നല്കി. ഓരോതവണ ട്രേഡിങ് നടത്തുമ്പോഴും വലിയ ലാഭം കാണിച്ചായിരുന്നു തട്ടിപ്പ്. അക്കൗണ്ടിൽ കാണിച്ച തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പല സാങ്കേതികകാരണങ്ങളും പറഞ്ഞ് തുക പിൻവലിക്കാൻ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. തുടർന്ന് സൈബർ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് കണ്ണൂർ സൈബർ പോലീസ് ഹൈദരാബാദിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
30 ദിവസത്തിനുള്ളിൽ തട്ടിയത് എട്ടുകോടി
ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിലൂടെ 30 ദിവസത്തിനുള്ളിൽ തട്ടിയത് എട്ടുകോടിയിലധികം രൂപ. തട്ടിപ്പിലൂടെ നേടിയ പണം അന്താരാഷ്ട്ര ബാങ്കിങ് വഴി വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ടുതന്നെ പ്രതിയുടെ അക്കൗണ്ടിൽനിന്ന് പണം തിരിച്ചെടുക്കാൻ ബുദ്ധിമുട്ടാകുമെന്നാണ് പോലീസ് പറയുന്നത്. സയ്യിദ് ഇക്ബാൽ ഹുസൈനെതിരെ 15 സംസ്ഥാനങ്ങളിൽ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസുണ്ട്. കേരളത്തിൽ മാത്രം അഞ്ച് തട്ടിപ്പ് കേസുകളിൽ പ്രതിയാണ്.
ഹൈദരാബാദിലെത്തിയ സൈബർ സംഘം ദിവസങ്ങളോളം നിരീക്ഷിച്ചാണ് പ്രതിയെ വലയിലാക്കിയത്. പേര് മാറ്റിപ്പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഹൈദരാബാദ് പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പ് സംഘത്തിലെ ഏറ്റവും നിർണായക പങ്കുവഹിക്കുന്നത് സയ്യിദ് ഇക്ബാൽ ഹുസൈനാണെന്ന് കണ്ടെത്തി. സൈബർ പോലീസ് ഇൻസ്പെക്ടർ ടി.വി.ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്. സൈബർ ക്രൈം എസ്.ഐ. സി.സജേഷ്, പി.സിന്ധു, റയിസുദ്ദീൻ, സനൂപ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
ജൂവലറി കവർച്ച: പ്രതിയെ പിടിച്ചത് ബിഹാറിലെത്തി
കണ്ണൂർ: നഗരത്തിലെ ജൂവലറി കുത്തിത്തുറന്ന് എട്ടുകിലോ വെള്ളിയാഭരണങ്ങൾ കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. ബിഹാർ സ്വദേശി ധർമേന്ദ്ര സിങ് (34) ആണ് അറസ്റ്റിലായത്. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി കവർച്ചക്കേസിൽ പ്രതിയാണ് ഇയാൾ. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത്കുമാർ, അസി. കമ്മിഷണർ ടി.കെ. രത്നകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പിടിച്ചത്. ബിഹാറിലെ നേപ്പാൾ അതിർത്തി ഗ്രാമമായ സഹർസ ജില്ലയിലെ മഹറാസിൽ നിന്നാണ് പിടിച്ചത്.
2022-ൽ താവക്കരയിലെ അർഷിത്ത് ജൂവലറി കുത്തിത്തുറന്ന് വെള്ളിയാഭരണങ്ങൾ കവർന്നത് ബിഹാറിലേക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ജൂൺ 30-ന് പുലർച്ചെ ഒന്നരയോടെ ഇതേ ജൂവലറിയിൽ വീണ്ടുമെത്തി കവർച്ചയ്ക്ക് ശ്രമിച്ചു. സ്ഥാപനത്തിലെ സി.സി.ടി.വി. ക്യാമറ തകർത്ത് അകത്ത് കടക്കുന്നതിനിടെ അലാറം മുഴങ്ങിയതിനാൽ ഓടിരക്ഷപ്പെട്ടു. കൂട്ടുപ്രതികളില്ലെന്നാണ് പോലീസ് കരുതുന്നത്. ആയുധങ്ങളുമായി ജൂവലറി കവർച്ചയ്ക്ക് പുറപ്പെടുമ്പോഴാണ് പോലീസിന്റെ വലയിലാകുന്നത്.
കുടുങ്ങിയത് സി.സി.ടി.വി. കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിൽ
പ്രതിയുടെ വിരലടയാളം പോലീസ് അന്വേഷണത്തിൽ ലഭിച്ചിരുന്നു. എന്നാൽ മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. 2011-ൽ വയനാട് വൈത്തിരിയിൽ ഒരു ജൂവലറിയിൽ കവർച്ച നടന്നപ്പോൾ വൈത്തിരി പോലീസ് ധർമേന്ദ്രയുടെ വിരലടയാളം തിരിച്ചറിഞ്ഞിരുന്നു. വൈത്തിരി പോലീസ് കേസെടുത്തുവെങ്കിലും പിടികൂടാനായില്ല.കണ്ണൂരിൽ വീണ്ടും കവർച്ചയ്ക്ക് എത്തിയപ്പോൾ സി.സി.ടി.വി. ദൃശ്യത്തിൽനിന്ന് മാസ്ക് ധരിച്ച മോഷ്ടാവിന്റെ ചിത്രം പോലീസ് തിരിച്ചറിയുകയായിരുന്നു.
മൊബൈൽ ഫോണുകളും സിം കാർഡുകളും മാറി ഉപയോഗിക്കും
ഓരോ കവർച്ച കഴിമ്പോഴും മൊബൈൽ ഫോണുകളും സിം കാർഡുകളും മാറി ഉപയോഗിക്കുകയാണ് ധർമേന്ദ്രസിങ്ങിന്റെ രീതി. അത് പ്രതിയിലേക്ക് പോലീസിന് എത്തുന്നതിനും തടസ്സമായി. ഏറ്റവും ഒടുവിലായി ഉപയോഗിക്കുന്ന ഫോൺ നമ്പർ കേന്ദ്രീകരിച്ച് രണ്ട് മാസമായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ബിഹാറിലെ പ്രതിയുടെ സങ്കേതം കണ്ടെത്താനായത്. കണ്ണപുരം എസ്.ഐ. രാജീവൻ, കണ്ണൂർ ടൗൺ എസ്.ഐ. അജയൻ, എ.എസ്.ഐ. രഞ്ജിത്ത്, സി.പി.ഒ. നിധീഷ് എന്നിവർ നേപ്പാൾ അതിർത്തിയായ ഖഗേരയിലെത്തി ഇയാൾക്കായി ഒരാഴ്ച നീണ്ട കാത്തിരിപ്പ് നടത്തിയാണ് പിടികൂടിയത്.
പ്രിയം വെള്ളിയാഭരണങ്ങളോട്
നിരവധി മോഷക്കേസിൽ പ്രതിയായ ധർമേന്ദ്ര സിങ്ങിന് വെള്ളി ആഭരണങ്ങളോടാണ് കമ്പം. വെള്ളി ആഭരങ്ങൾ മാത്രമാണ് കവർച്ച ചെയ്യുന്നതെന്ന് ചോദ്യം ചെയ്യലിൽ പോലീസിന് ബോധ്യമായി. ജൂവലറികളിൽ സ്വർണാഭരണങ്ങൾ പോലെ വെള്ളി ആഭരണങ്ങൾ ലോക്കറിൽ സൂക്ഷിക്കില്ല. അലമാരയിലോ അല്ലെങ്കിൽ കൗണ്ടറിനകത്തോ ആണ് സൂക്ഷിക്കുന്നത്. എളുപ്പത്തിൽ കവർച്ച നടത്താൻ സാധിക്കുന്നതോടൊപ്പം കാര്യമായ കേസുകളും പരാതികളും ഉണ്ടാവില്ലെന്ന് ധർമേന്ദ്ര സിങ് വിശ്വസിക്കുന്നതായി പോലീസ് പറയുന്നു.