കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരായ ലൈംഗികാധിക്ഷേപ കേസ് ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ കേസുമായി ബന്ധപ്പെട്ട നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. പരാതിക്കാരിയായ യൂത്ത് ലീഗ് നേതാവ് നജ്മ തബ്ഷീറ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് കാണിച്ച് നല്കിയ സത്യവാങ്മൂലത്തെ തുടര്‍ന്നാണ് കോടതി കേസ് റദ്ദാക്കിയത്.
നജ്മ തബ്ഷീറയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് വെള്ളയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സജല്‍ ഇബ്രാഹിം മുഖേനയാണ് പി.കെ. നവാസ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജിയിലാണ് ഇപ്പോള്‍ കേസ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവുണ്ടായിരിക്കുന്നത്.
2021 ജൂണ്‍ 22ന് നടന്ന എം.എസ്.എഫ് നേതൃയോഗത്തില്‍ വെച്ച് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ലൈംഗികമായി അധിക്ഷേപിച്ചു എന്നായിരുന്നു അന്നത്തെ ഹരിത നേതാക്കളായ നജ്മ തബ്ഷീറ ഉള്‍പ്പടെയുള്ളവരുടെ പരാതി. ഇതിനെ തുടര്‍ന്ന് മുസ്ലിം ലീഗിലും പോഷക സംഘടനകളിലും വലിയ വിവാദങ്ങളുമുണ്ടായി. ഹരിത കമ്മിറ്റി പിരിച്ചു വിടുന്നതിലേക്കും പരാതി നല്കിയ വനിത നേതാക്കള്‍ക്കെതിരെ സൈബര്‍ സ്പേസുകളിലടക്കം അധിക്ഷേപിക്കുന്നതിലേക്കും കാര്യങ്ങളെത്തി.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പരാതി നല്കിയ വനിത നേതാക്കള്‍ക്ക് യൂത്ത് ലീഗിലടക്കം പദവികള്‍ നല്‍കിയതോടെ നേരത്തെ നല്കിയ പരാതികള്‍ ഒത്തുതീര്‍പ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് ഒന്നാം ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നടക്കുന്ന കേസുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും കേസ് ഒത്തു തീര്‍പ്പാക്കിയെന്നും നജ്മ തബ്ഷീറ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇത് കോടതി സ്വീകരിക്കുകയും ചെയ്തു.
മുസ്ലിം ലീഗിലെ ഉന്നത നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ഒത്തുതീര്‍പ്പിലെത്തിയതെന്നും പാര്‍ട്ടിയുടെ ഉന്നതിക്ക് വേണ്ടി ഇരുകൂട്ടരും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നുമാണ് സത്യവാങ്മൂലത്തിലുണ്ടായിരുന്നത്. ജസ്റ്റിസ് ബദറുദ്ദീനാണ് കേസിലെ നടപടികള്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിട്ടത്.