മലപ്പുറം: പ്രായം 75. എങ്കിലും പോരാട്ടവീര്യത്തിന് ഒട്ടും കുറവില്ല അഡ്വ. ആർ. മനോഹരന്. അദ്ദേഹം പറയുന്നു-ഞാൻ രാജ്യദ്രോഹിയല്ല, എനിക്ക് ‘രാജ്യസ്നേഹി’യായി മരിക്കണം’- അതിനായുള്ള പോരാട്ടത്തിലാണ് ഇപ്പോഴും അദ്ദേഹം. വാശിയോടെയുള്ള ഈ ആഗ്രഹത്തിന് പിന്നിൽ ഇക്കാലമത്രയും അദ്ദേഹം താണ്ടിയ അപമാനത്തിന്റെയും സഹനത്തിന്റെയും നീറ്റലുണ്ട്.
1969-ൽ ഇന്ത്യൻ ആർമിയുടെ മദ്രാസ് എൻജിനിയറിങ് വിഭാഗത്തിൽ ജോലിക്ക് കയറിയതാണ് കായംകുളത്തുകാരനായ മനോഹരൻ. പ്രമുഖ രാഷ്ട്രീയ സാംസ്കാരിക നേതാവായിരുന്ന കുമ്പളത്ത് ശങ്കുപിള്ളയുടെ കുടുംബാംഗമാണ്. കമ്യൂണിസ്റ്റ് ആഭിമുഖ്യമുണ്ടെന്ന് പറഞ്ഞ് രണ്ടു വർഷത്തിനുശേഷം കേന്ദ്രസർക്കാർ അദ്ദേഹത്തെ പുറത്താക്കി. യഥാർഥകാരണം പറയാതെ ‘സർവീസിന് ആവശ്യമില്ല, സെൻട്രൽ സർവീസസ് (താത്കാലിക സർവീസ്) റൂൾസ്, 1965 റൂൾ 5(1) പ്രകാരം’ എന്നായിരുന്നു വിശദീകരണം. ഫലമോ? പോകുന്നിടത്തൊക്കെയും രാജ്യദ്രോഹിയെന്ന ‘അലിഖിത പരിവേഷം’.
1972-ൽ ബോംബെ ആദായനികുതി വിഭാഗത്തിൽ ജോലികിട്ടി. അവിടെയും ഒമ്പതു മാസത്തെ സർവീസിന് ശേഷം രാജ്യദ്രോഹി മുദ്ര വീണതോടെ ജോലി പോയി. ഇത്തരത്തിൽ ആയിരക്കണക്കിനാളുകളെയാണ് അക്കാലത്ത് കേന്ദ്രസർക്കാർ പുറത്താക്കിയത്. 1977-ലെ ജനതാ സർക്കാർ ഈ കരിനിയമം പിൻവലിച്ചെങ്കിലും ഇരകളെ പുനർനിയമിക്കാനോ പുനരധിവസിപ്പിക്കാനോ തയ്യാറായില്ല. പിരിച്ചുവിട്ടവരിൽ പലരും ജീവിക്കാനാകാതെയും അപമാനഭാരത്താലും ആത്മഹത്യചെയ്തു. ചിലരെ നക്സൽ-തീവ്രവാദ ബന്ധം ആരോപിച്ച് പോലീസ് വേട്ടയാടി.
ജീവിക്കാൻവേണ്ടി പിന്നീട് നിരവധി ജോലികൾ ചെയ്ത മനോഹരൻ പഠിച്ച് അഭിഭാഷകനായി. എങ്കിലും അന്നുപതിഞ്ഞ രാജ്യദ്രോഹിയെന്ന മുദ്ര ഒഴിവാക്കിക്കിട്ടാൻ നിരന്തര പോരാട്ടത്തിലാണ് മനോഹരൻ. എസ്. രാമചന്ദ്രൻപിള്ള, എം.എ. ബേബി, പിണറായി വിജയൻ തുടങ്ങിയ നേതാക്കളെയൊക്കെ കണ്ട് പരാതി നൽകി. എം.പി.യായിരിക്കേ സീതാറാം യെച്ചൂരി വഴി രാജ്യസഭയിലും വിഷയം ഉന്നയിച്ചു. ഫലമുണ്ടായില്ല. പിരിച്ചുവിടപ്പെട്ട പലരും ഇതേ ആവശ്യവുമായി രംഗത്തുവന്നെങ്കിലും ആ ശബ്ദങ്ങൾക്കൊന്നും ആയുസ്സുണ്ടായില്ല.
അവകാശം നേടിയെടുക്കാനും ജനകീയപിന്തുണയ്ക്കുമായി കാൽനടയാത്ര തുടങ്ങിയിരിക്കുകയാണ് മനോഹരൻ. ‘ധർമസമരയാത്ര’ എന്ന പേരിൽ ഓഗസ്റ്റ് 15-ന് കാസർകോട് നിന്നാരംഭിച്ച യാത്ര ജില്ലാ ആസ്ഥാനങ്ങൾ വഴിയാണ് കടന്നുപോകുന്നത്. ദിവസം ശരാശരി 25 കിലോ മീറ്റർ നടക്കുന്ന അദ്ദേഹം വെള്ളിയാഴ്ച മലപ്പുറത്തെത്തി. നവംബർ ആദ്യവാരം തലസ്ഥാനത്തെത്തി മുഖ്യമന്ത്രിയെയും ഗവർണറെയും കണ്ട് പരാതികൾ ബോധ്യപ്പെടുത്താനുള്ള പരിശ്രമത്തിലാണ്. പോരാട്ടത്തിന് ഊർജമായി നിന്ന ഭാര്യ പി. ലളിത കഴിഞ്ഞവർഷം മരിച്ചു. കായംകുളം, മാവേലിക്കര കോടതികളിൽ വക്കീലാണ് മനോഹരൻ. മക്കൾ: രാഹുൽ, മൃദുൽ.