കൊച്ചി: മുൻ ഭാര്യയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്ത നടൻ ബാലയുടെ ആരോഗ്യനില മോശമാണെന്ന് അഭിഭാഷക. മകളുമായി ബന്ധപ്പെട്ട് ഒരു പ്രശ്നത്തിനും ഉണ്ടാവില്ലെന്ന് വളരെ സങ്കടത്തോടെ ബാല പറഞ്ഞത് നിങ്ങളെല്ലാവരും കണ്ടിട്ടുണ്ടാവും. മകൾക്ക് തന്നെ വേണ്ടെങ്കിൽ തനിക്കും വേണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബാല നിയമലംഘനം നടത്തിയതായി തനിക്കറിയില്ലെന്നും അവർ പറഞ്ഞു.
ബാലയുടെ രക്തസമ്മർദം ഇപ്പോൾ കൂടിയ അവസ്ഥയിലാണുള്ളതെന്ന് അഭിഭാഷക മാധ്യമങ്ങളോട് പ്രതികരിച്ചു. അടിയന്തര വൈദ്യ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്. വുമൺ ആൻഡ് ചിൽഡ്രൻ കേസ് ആയതുകൊണ്ട് എഫ്.ഐ.ആറിന്റെ കോപ്പി കിട്ടാൻ ബുദ്ധിമുട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് സെക്ഷൻ 75 ഉണ്ടെന്നറിയാം. ബാക്കി വിവരങ്ങൾ എടുക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ബാക്കിയുള്ള വകുപ്പുകൾ ജാമ്യം ലഭിക്കാവുന്നവയാണെന്നാണ് മനസിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ കോടതിയിൽ ഹാജരാക്കേണ്ടിവരും. ചോദ്യം ചെയ്യലിന് സഹകരിക്കുന്നയാളാണ് ബാലയെന്നും അഭിഭാഷക പറഞ്ഞു.
“ഇത്തരത്തിലൊരു പരാതി വന്നുകഴിഞ്ഞാൽ പോലീസ് അതിന്റെ നടപടിക്രമങ്ങൾ ചെയ്യണം. ബി.എൻ.എസ് പ്രകാരമാണെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി നോട്ടീസ് വന്നുകഴിഞ്ഞാൽ പോലീസ് സ്റ്റേഷനിൽ ഹാജരാവുകയോ കംഫർട്ടായ ഒരിടത്തിരുന്ന് നമുക്കെതിരെയുള്ള പരാതിയെക്കുറിച്ച് നമുക്ക് പോലീസിനോട് പറയാനുള്ള കാര്യങ്ങൾ പറയാം. നിലവിൽ ബാല തളർന്ന അവസ്ഥയിലാണുള്ളത്. കരൾ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്നയാളെന്ന നിലയിൽ ഒരുപാട് മരുന്നുകൾ കഴിക്കാനുണ്ട് അദ്ദേഹത്തിന്. പ്രത്യേകരീതിയിലുള്ള ഭക്ഷണത്തിലും മരുന്നിലുമാണ് അദ്ദേഹം ജീവിച്ചുവരുന്നത്.”
സാധാരണഗതിയിൽ ഇങ്ങനെയൊരു പരാതി ലഭിച്ചുകഴിഞ്ഞാൽ മാനുഷിക പരിഗണനയനുസരിച്ച് ഒരു നോട്ടീസ് നൽകി വിളിക്കാമായിരുന്നു എന്ന് അഭിഭാഷകയെന്ന നിലയിൽ അഭിപ്രായമുണ്ട്. ഒരുഘട്ടത്തിലും പരാതിയേക്കുറിച്ച് ബാല അറിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം രാത്രി എട്ടുമണിക്കാണ് പരാതികിട്ടി, എഫ്.ഐ.ആർ ഇട്ടത്. ഇത് നിലനിൽക്കുന്ന കേസല്ലെന്നാണ് തനിക്ക് മനസിലാവുന്നത്. ഉപദ്രവിക്കുക എന്നൊരു ലക്ഷ്യംകൂടി ഇതിനുപിന്നിലുണ്ട്. അപ്പോൾ അതിനെതിരെയുള്ള നടപടികൾ സ്വീകരിക്കുകയുംചെയ്യുമെന്നും അവർ പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീര്‍ത്തിപ്പെടുത്തിയെന്ന മുന്‍ ഭാര്യയുടെ പരാതിയില്‍ കടവന്ത്ര പോലീസാണ് നടനെ അറസ്റ്റു ചെയ്തത്. മകളെയും തന്നെയും പിന്തുടര്ന്ന് ശല്യം ചെയ്തെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നുണ്ട്. നടനെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.