തിരുവനന്തപുരം: മദ്യപിച്ച് വാഹമോടിച്ച് അപകടമുണ്ടാക്കിയതിന് നടൻ ബൈജുവിനെതിരേ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു. വൈദ്യപരിശോധനയ്ക്ക് നടൻ തയ്യാറായില്ലെന്നാണ് വിവരം. തുടർന്ന്, ബൈജുവിന് മദ്യന്റെ രൂക്ഷഗന്ധം ഉണ്ടായിരുന്നുവെന്ന് ഡോക്ടർമാർ പോലീസിന് റിപ്പോർട്ട് നൽകി. ബൈജുവിനെ പിന്നീല് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
അതേസമയം വണ്ടിയാകുമ്പോൾ തട്ടും എന്ന് ബൈജു പറഞ്ഞു. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് ബൈജു സ്വകാര്യ ചാനൽ ജീവനക്കാർക്കെതിരേ തട്ടിക്കയറിയത്. ‘സംഭവം എന്താണ്? വണ്ടി ഒക്കെ ആകുമ്പം തട്ടും. കുഴപ്പം എന്താ? നിങ്ങക്ക് അതൊക്കെ വല്യ വാർത്തയാണോ? ഇതൊന്നും കണ്ട് ഞാൻ പേടിക്കില്ല. വേറെ ആളെ നോക്കണം’ ബൈജു സ്വകാര്യ ചാനൽ സംഘത്തിനുനേരെ കയർത്തു.
ഞായറാഴ്ച രാത്രി 11.45-ഓടെ വെള്ളയമ്പലത്തുവെച്ചാണ് ബൈജുവിന്റെ കാർ സ്കൂട്ടർ യാത്രികനെ ഇടിച്ച് അപകടമുണ്ടായത്. ശാസ്തമംഗലം ഭാഗത്തുനിന്നാണ് ബൈജു വന്നത്. കവടിയാർ ഭാഗത്തുനിന്നാണ് സ്കൂട്ടർ യാത്രക്കാരൻ വന്നത്. പോലീസ് ഹെഡ്ക്വാർട്ടേഴ്സിന്റെ ഭാഗത്തേക്ക് പോകേണ്ടിയിരുന്ന ബൈജു തന്റെ വാഹനം തിരിക്കാൻ തുടങ്ങിയപ്പോഴാണ് ഇവിടെ റോഡ് നിർമാണത്തിനുവേണ്ടി തടസം സൃഷ്ടിച്ച് വഴിതിരിച്ചുവിടണമെന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നതായി മനസിലാക്കിയത്. പൊടുന്നനേ അദ്ദേഹം കാർ തിരിച്ചപ്പോൾ നിയന്ത്രണംവിട്ട് കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
സിഗ്നൽ പോസ്റ്റിലിടിച്ച ശേഷം വീണ്ടും മറ്റൊരു പോസ്റ്റിലിടിച്ചശേഷമാണ് ബൈജുവിന്റെ വാഹനം നിന്നത്. പരിക്കേറ്റയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.