മുതുകുളം(ആലപ്പുഴ): വിവാഹത്തട്ടിപ്പിനും ആള്‍മാറാട്ടത്തിനും ശിക്ഷയനുഭവിക്കുന്നതിനിടെ ജാമ്യംനേടി ഒളിവില്പ്പോയയാള് 29 വര്‍ഷത്തിനുശേഷം പിടിയിലായി. മുതുകുളം തെക്ക് കൊല്ലംമുറിത്തറയില്‍ കോശി ജോണിനെ(സാജന്-57)യാണ് കനകക്കുന്ന് പോലീസ് അറസ്റ്റുചെയ്തത്.
1995, 1998 വര്‍ഷങ്ങളില്‍ ഇയാള്ക്കെതിരേയെടുത്ത രണ്ടു കേസുകളിലായി ഹരിപ്പാട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നരവര്‍ഷമാണ് തടവുശിക്ഷ വിധിച്ചത്. പിന്നീട്, ജാമ്യംനേടിയ പ്രതി എവിടെയാണെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. മരിച്ചതായും അഭ്യൂഹമുണ്ടായിരുന്നു.
മുന്‍ നാവിക ഉദ്യോഗസ്ഥനാണു പ്രതി. വിവിധ ഭാഷകള്‍ അറിയാം. വടക്കേ ഇന്ത്യയിലും കേരളത്തിലുമായി മാറിമാറി താമസിച്ചു. ചേര്‍ത്തല പോലീസ് സ്റ്റേഷനിലും സ്ത്രീയുടെ പരാതിയിന്മേല് പ്രതിക്കെതിരേ കേസുണ്ട്. കനകക്കുന്ന് ഇന്‍സ്പെക്ടര്‍ എസ്. അരുണിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ട്രെയിനില്‍നിന്ന് കസ്റ്റഡിയിലെടുത്തത്.
എസ്.പി. വി മോഹനചന്ദ്രന് നായരുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് കായംകുളം ഡിവൈ.എസ്.പി. ബാബുക്കുട്ടന് അന്വേഷണസംഘം രൂപവത്കരിച്ചത്. എസ്.ഐ. ധര്‍മരത്നം, എ.എസ്.ഐ. സുരേഷ് കുമാര്‍, സിവില്‍ പോലിസ് ഓഫീസര്‍മാരായ ഗിരീഷ്, അനില്‍കുമാര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.