കൽപ്പറ്റ: വയനാട് വെള്ളാരംകുന്നിൽ ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്കേറ്റു. ഉരുൾപൊട്ടലിൽ മാതാപിതാക്കളടക്കമുള്ള കുടുംബാംഗങ്ങൾ നഷ്ടമായ ചൂരൽമല സ്വദേശികളായ ലാവണ്യ, ശ്രുതി, ശ്രുതിയുടെ പ്രതിശ്രുത വരൻ അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസൺ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.
മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ജെൻസന്റെ ആരോഗ്യസ്ഥിതി ആശങ്കജനകമാണ്. തീവ്രപരിചരണവിഭാഗത്തിൽ വെന്റിലേറ്ററിലാണ് യുവാവുള്ളത്. ജെൻസന്റെ തലയ്ക്കാണ് പരിക്കേറ്റത്. ശ്രുതിയുടെയും ലാവണ്യയുടെയും ബന്ധുക്കളായ മാധവി, രത്നമ്മ, ആര്യ, അനിൽകുമാർ, അനൂപ്കുമാർ എന്നിവർക്കും പരിക്കേറ്റു. ശ്രുതിക്ക് കാലിനാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനുസമീപമായിരുന്നു അപകടം. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന ശ്രുതിയും കൂട്ടരും സഞ്ചരിച്ച വാനും കോഴിക്കോട്ടുനിന്ന് സുൽത്താൻബത്തേരിയിലേക്ക് വരികയായിരുന്ന ‘ബട്ടർഫ്ലൈ’ എന്ന ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് വാനിൽ കുടുങ്ങിയവരെ കല്പറ്റയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരുംചേർന്ന് വാൻ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. ജെൻസണായിരുന്നു വാൻ ഓടിച്ചിരുന്നത്.
ചൂരൽമലയിലെ സ്കൂൾ റോഡിലായിരുന്നു ശ്രുതിയുടെ വീട്. അച്ഛൻ ശിവണ്ണനെയും അമ്മ സബിതയെയും അനിയത്തി ശ്രേയയെയും ഉരുളെടുത്തു. കുടുംബത്തിലെ ഒമ്പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാൽ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടു. ദുരന്തത്തിന് ഒരു മാസം മുമ്പായിരുന്നു ജെൻസണും ശ്രുതിയും തമ്മിലുള്ള വിവാഹനിശ്ചയം. അതേ ദിവസം തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. എന്നാൽ ഒരു മാസത്തിനുശേഷം എല്ലാ സന്തോഷങ്ങളും തൂത്തുവാരിയാണ് ഉരുൾ ശ്രുതിയുടെ ജീവിതത്തിൽ ദുരന്തം വിതച്ചത്.
ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷം പ്രതിശ്രുതവരൻ ജെൻസണാണ് ശ്രുതിക്ക് താങ്ങും തണലുമായി കൂടെനിന്നത്. താത്കാലിക പുനരധിവാസത്തിൽ ശ്രുതി ഇപ്പോൾ മുണ്ടേരിയിലാണുതാമസം. ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്.
ശിവണ്ണയുടെ സഹോദരൻ സിദ്ദരാജിന്റെയും ദിവ്യയുടെയും മകളാണ് ലാവണ്യ. ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരൻ ലക്ഷ്വത് കൃഷ്ണയെയും ലാവണ്യക്ക് നഷ്ടമായി. പഠനത്തിനായി നവോദയ സ്കൂളിലുമായതിനാലാണ് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്.