എറണാകുളം: മലപ്പുറം ജില്ല പൊലീസ് മേധാവി ശശിധരനെതിരെ പരാതിയുമായി നടന് ബാബുരാജ് പീഡിപ്പിച്ചെന്ന് പരാതി നല്കിയ യുവതി. പീഡന വിവരം നേരത്തെ അറിഞ്ഞിട്ടും മലപ്പുറം എസ്.പി. അത് മറച്ചുവെച്ചു എന്നാണ് പരാതി. ശശിധരനെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ സമീപിച്ചിരിക്കുകയാണ് യുവതി.
ലൈഫ് ഭവന പദ്ധതിക്ക് തടസ്സം നില്ക്കുന്നു എന്ന് പി.വി. അന്‍വര്‍ എം.എല്‍.എ ആരോപിക്കുന്ന ഉദ്യോഗസ്ഥന് കൂടിയാണ് മലപ്പുറം എസ്.പി. ശശിധരന്. പിന്നാലെയാണ് ഇപ്പോള്‍ അതിജീവിതയും അദ്ദേഹത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്.
2024 സെപ്തബര്‍ ഒന്നിന് തിങ്കളാഴ്ചയാണ് ലൈംഗികാതിക്രമ ആരോപണത്തില്‍ നടന് ബാബുരാജിനെതിരെ പൊലീസ് കേസെടുത്തത്. അടിമാലി പൊലീസാണ് നടനെതിരെ കേസെടുത്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി.
ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഡി.ഐ.ജിക്ക് ഇ-മെയില്‍ മുഖേനയാണ് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് ഈ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു.
2019ല്‍ അടിമാലി ഇരുട്ട് കാനത്തുള്ള ബാബുരാജിന്റെ റിസോര്‍ട്ടിലും എറണാകുളത്തും വെച്ച് നടന് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയെ തുടര്‍ന്ന് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഇതിനുപിന്നാലെയാണ് നടനെതിരെ പൊലീസ് കേസെടുത്തത്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് പരാതി നല്കാന് യുവതി നേരത്തെ തയ്യാറായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് പരാതി നല്കാന് ധൈര്യം നല്‍കിയെന്നും യുവതി പറഞ്ഞു.
ഈ പരാതി നല്കിയ യുവതി തന്നെയാണ് ഇപ്പോള്‍ മലപ്പുറം എസ്.പി.ക്കെതിരെയും രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ നല്കിയ പരാതിക്കാധാരമായ സംഭവങ്ങള്‍ മലപ്പുറം എസ്.പിയായ ശശിധരന് അറിയാമായിരുന്നെന്നും എന്നാല്‍ അദ്ദേഹം അത് മറച്ചുവെച്ചു എന്നുമാണ് യുവതി ആരോപിക്കുന്നത്.
ശശിധരനെ മലപ്പുറം ജില്ല പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റണമെന്ന പി.വി. അന്‍വര്‍ ഉള്‍പ്പടെയുള്ളവരുടെ ആവശ്യം സര്‍ക്കാര്‍ നിരാകരിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്.
നേരത്തെ പൊലീസ് അസോസിയേഷന്റെ ജില്ല സമ്മേളനത്തില്‍ വെച്ച് പി.വി. അന്‍വര്‍ ജില്ല പൊലീസ് മേധാവിയെ പരസ്യമായി വിമര്‍ശിച്ചിരുന്നു. അദ്ദേഹം വേദിയിലിരിക്കെ തന്നെയായിരുന്നു വിമര്‍ശനം.