ബാബുൾ ഹുസൈൻ കൊല്ലപ്പെട്ട കേസിൽ അസമിൽനിന്ന് അറസ്റ്റ് ചെയ്ത പ്രതി സൈദ ഖാത്തുമിനെ മുടവൂരിലെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുക്കുന്നു
മൂവാറ്റുപുഴ : അസം സ്വദേശിയായ അതിഥിത്തൊഴിലാളി ബാബുള്‍ ഹുസൈന് (40) കൊല്ലപ്പെട്ട കേസില്‍ അസമില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്ത ഭാര്യ സൈദ ഖാത്തുമിനെ (ജയത ഖാത്തും-38) റിമാന്‍ഡ് ചെയ്തു. ഒക്ടോബര്‍ ഒന്നിന് വൈകീട്ട് ഇരുവരും തമ്മിലുണ്ടായ വഴക്കിനുശേഷം രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ബാബുളിനെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൈദയുടെ മൊഴി.
കൊല്ലപ്പെട്ട ബാബുള്‍ ഹുസൈനും പ്രതിയും ഉപയോഗിക്കുന്ന ഏക മൊബൈല്‍ ഫോണ്‍ സംഭവത്തിനുശേഷം സ്വിച്ച് ഓഫ് ചെയ്ത സൈദ, അടുത്തുതന്നെ താമസിച്ചിരുന്ന സഹോദരിയെയും കുട്ടിയെയും കൂട്ടി ബസില്‍ പെരുമ്പാവൂരിലെത്തി. അവിടെനിന്ന് ഓട്ടോറിക്ഷയില്‍ ആലുവയിലെത്തി ട്രെയിന്‍ മാര്‍ഗം അസമിലേക്ക് കടക്കുകയായിരുന്നു.
ഇരുവരും തമ്മില്‍ വാക്കേറ്റവും വഴക്കും പതിവായിരുന്നുവെന്നും ബാബുളില്നിന്ന് സൈദയ്ക്ക് മര്ദനമേല്ക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതിലെ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കൃത്യം നടത്താന്‍ ഉപയോഗിച്ച കത്തിയും ആ സമയത്ത് ധരിച്ചിരുന്ന ചോരപുരണ്ട വസ്ത്രങ്ങളും കണ്ടെടുത്തു.
കൃത്യം നടത്തിയ രീതിയും സ്ഥലത്തെത്തിച്ചു നടത്തിയ തെളിവെടുപ്പില്‍ പ്രതി പോലീസിനോട് വിശദീകരിച്ചു. കഴുത്തറത്തതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയതും പ്രതിയെ പിടികൂടിയതും. മുടവൂര്‍ കുന്നത്ത് ആള്‍പാര്‍പ്പില്ലാത്ത രണ്ടുനില വീടിന്റെ പിന്‍വശത്തെ ഒന്നാം നിലയിലെ ടെറസിലാണ് ആറു ദിവസം പഴകിയ മൃതദേഹം കണ്ടത്. ഇവിടെയാണ് പ്രതിയും ഭര്‍ത്താവും രണ്ട് മാസമായി കഴിഞ്ഞിരുന്നത്.
അതുവരെ ഇതേ ഉടമസ്ഥരുടെ തന്നെ ഈ വീടിനടുത്തുള്ള ഷെഡ്ഡിലായിരുന്നു താമസം. രണ്ട് മാസം മുന്‍പ് പ്രതിയുടെ സഹോദരിയും കുട്ടിയുമെത്തിയതോടെയാണ് ടെറസിലേക്ക് മാറിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ബാബുളും ഭാര്യയും അടുത്തുള്ള വീടുകളിലടക്കം കൂലിവേല ചെയ്ത് കഴിഞ്ഞുവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ഡിവൈ.എസ്.പി. പി.എം. ബൈജു, ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസ്, സബ് ഇന്‍സ്പെക്ടര്‍മാരായ മാഹിന്‍ സലീം, കെ.കെ. രാജേഷ്, എം.വി. ദിലീപ് കുമാര്‍, പി.സി. ജയകുമാര്‍, സീനിയര്‍ സി.പി.ഒ.മാരായ പി.എ. ഷിബു, കെ.എ. അനസ്, ബിബില്‍ മോഹന്‍, ധനേഷ് ബി. നായര്‍, സൂരജ് കുമാര്‍, വനിതാ സി.പി.ഒ. ബഷീറ, സി.പി.ഒ. രഞ്ജിത്ത് രാജന്, സൈബര്‍ സ്റ്റേഷന് സി.പി.ഒ. ആല്ബിന് പീറ്റര്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്.