തിരുവനന്തപുരം: പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ എത്തിച്ച യുവാവിന് അത്യാഹിത വിഭാഗത്തില്‍ തറയില്‍ കിടക്കേണ്ടിവന്നത് അരമണിക്കൂറോളം. തറയില്‍ ഉരുണ്ട് വേദനയില്‍ പുളഞ്ഞ യുവാവിനെ സഹായിക്കാന്‍ ആശുപത്രിജീവനക്കാരും എത്തിയില്ല. ഒടുവില്‍ കണ്ടുനിന്നവര്‍ പ്രതിഷേധിച്ചതോടെ സ്ട്രെച്ചര്‍ എത്തിച്ച് ഇയാളെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ആത്മഹത്യാശ്രമം നടത്തി പൊള്ളലേറ്റ നിലയിലാണ് കാച്ചാണി തറട്ട സ്വദേശി ബൈജു(42)വിനെ മെഡിക്കല്‍കോളേജില്‍ എത്തിച്ചത്.
ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. പൂജപ്പുര മഹിളാമന്ദിരത്തില്‍ അന്തേവാസിയായ ഭാര്യയെ കാണണമെന്ന ആവശ്യവുമായി മക്കള്‍ക്കൊപ്പമെത്തിയ ഇയാള്‍ ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നുവെന്ന് പൂജപ്പുര പോലീസ് പറഞ്ഞു.
ഭാര്യ സ്ഥലത്തില്ലെന്ന് അറിയിച്ചിട്ടും ബഹളംവെച്ച ഇയാള്‍ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൂജപ്പുര സ്റ്റേഷനിലെ സി.പി.ഒ. അഭിലാഷിനു പൊള്ളലേല്‍ക്കുകയും ചെയ്തു.
ശരീരമാകെ ആളിപ്പടര്‍ന്ന തീയുമായി ഇയാള്‍ നിലവിളിച്ച് റോഡിലേക്ക് ഓടി. അഗ്നിശമനാസേന യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. തുടര്‍ന്ന് ആംബുലന്‍സില്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പോലീസ് ഒപ്പംവരാതെ സ്വകാര്യ ആംബുലന്‍സിലാണ് ഇയാളെ കയറ്റിവിട്ടത്. ഇറങ്ങിയ ഉടന്‍ ഇയാള്‍ അത്യാഹിതവിഭാഗത്തിലെ നിലത്തു വീണു. വേദനയോടെ അരമണിക്കൂറോളമാണ് അവിടെ കിടക്കേണ്ടിവന്നത്. അറ്റെന്‍ഡര്‍മാര്‍ ആരും അവിടേക്കു വരുകയോ പ്രാഥമിക ചികിത്സകള്‍ നല്‍കുകയോ ചെയ്തില്ലെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. അവിടെയുണ്ടായിരുന്നവര്‍ക്കും അകലം പാലിച്ച് ആ നീറുന്ന കാഴ്ച കണ്ടുനില്ക്കാനേ കഴിഞ്ഞുള്ളൂ. ഇതിനിടെ ചിലര്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. 80 ശതമാനത്തിലേറെ പൊള്ളലേറ്റ ഇയാളുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്.