കൊച്ചി: ബംഗാളി അഭിനേത്രി ശ്രീലേഖ മിത്രയുടെ പരാതിയില്‍ സംവിധായകന് രഞ്ജിത്തിനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതടക്കം ഐ.പി.സി 354 വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. മണിക്കൂറുകള്‍ക്ക് മുമ്പാണ് രഞ്ജിത്തിനെതിരെ കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് ശ്രീലേഖ പരാതി നല്‍കിയത്. ഇ-മെയില്‍ മുഖേനയായിരുന്നു പരാതി കൈമാറിയത്.
പ്രസ്തുത പരാതി എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിക്രമം നടന്നിരുന്ന കടവന്ത്രയിലെ ഫ്ളാറ്റ് എറണാകുളം നോര്‍ത്ത് സ്റ്റേഷന് പരിധിയിലാണ് വരുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ് മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെ ചുമത്തിയിരിക്കുന്നത്. ഈ പരാതി സിനിമാ മേഖലയിലെ ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്യും.
രഞ്ജിത്ത് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ശ്രീലേഖ മിത്ര പരാതി നല്‍കിയത്. കേസെടുക്കാന്‍ പരാതി വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അറിഞ്ഞു. അതുകൊണ്ടാണ് രേഖാമൂലം പരാതി നല്‍കുന്നതെന്നും ശ്രീലേഖ മിത്ര പറഞ്ഞു.
കടവന്ത്രയിലെ ഫ്ളാറ്റിൽ വെച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. അതിക്രമം ഉണ്ടായതിന്റെ അടുത്ത ദിവസം തന്നെ ഇക്കാര്യം ഡോക്യുമെൻ്ററി സംവിധായകന് ജോഷി ജോസഫിനെ അറിയിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു.
അതേസമയം നടനും എം.എല്‍.എയുമായ മുകേഷിനെതിരെ നാളെ (ചൊവ്വാഴ്ച) പരാതി നല്‍കുമെന്ന് അഭിനേത്രി മിന്നു മുനീര്‍ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയിട്ടുണ്ടെന്നും മിന്നു വ്യക്തമാക്കി. മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റില്‍ പ്രതികരിക്കവേയാണ് മിനു ഇക്കാര്യം അറിയിച്ചത്.
എം. മുകേഷില്‍ നിന്ന് മോശമായ പെരുമാറ്റം നേരിട്ടുവെന്ന് ഇന്നലയെയാണ് മിന്നു മുനീര്‍ വെളിപ്പെടുത്തിയത്. നടന് ജയസൂര്യയില്‍ നിന്നും അതിക്രമം നേരിട്ടുണ്ടെന്ന് മിന്നു പറഞ്ഞിരുന്നു.