മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണു. 35 അടി ഉയരമുണ്ടായിരുന്ന പ്രതിമയാണ് തകര്‍ന്നത്. മാല്‍വാനിലെ രാജ്കോട്ട് കോട്ടയില്‍ മോദി അനാച്ഛാദനം ചെയ്ത പ്രതിമ ഓഗസ്റ്റ് 26ന് ഉച്ചയ്ക്ക് ഒരു മണിയോടെ തകരുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനാണ് പ്രധാനമന്ത്രി ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. നാവികസേനാ ദിനത്തോടനുബന്ധിച്ച് രാജ്കോട്ട് കോട്ടയില്‍ നടന്ന ആഘോഷങ്ങളില്‍ പങ്കെടുത്തതിന് ശേഷമായിരുന്നു ശിവജി പ്രതിമയുടെ അനാച്ഛാദനം. മോദിക്ക് പുറമെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, എന്‍.സി.പി നേതാവ് അജിത് പവാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
കോടികള്‍ ചെലവഴിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പണികഴിപ്പിച്ച പ്രതിമയാണ് ഇപ്പോള്‍ തകര്‍ന്നുവീണിരിക്കുന്നത്. നിലവില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. കോടികള്‍ ചെലവഴിച്ചിട്ടും എന്തുകൊണ്ടാണ് പ്രതിമ തകര്‍ന്നതെന്നും ഇത് അഴിമതിയാണെന്നും പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തി.
പ്രതിമയുടെ തകര്‍ച്ചയില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും നിര്‍മാണത്തിന്റെ നിലവാരം സര്‍ക്കാര്‍ ഗൗനിച്ചില്ലെന്നും എന്‍.സി.പി എസ്.പി അധ്യക്ഷനും മുന്‍ മന്ത്രിയുമായ ജയന്ത് പാട്ടീല്‍ പറഞ്ഞു. പ്രധാനമന്ത്രിയെ വെച്ച് പരിപാടി നടത്തുന്നതില്‍ മാത്രമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
തകര്‍ച്ചയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ശിവസേന (യു.ബി.ടി) എം.എല്‍.എ വൈഭവ് നായിക് ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തത്തില്‍ നിന്ന് ഇനിയും സര്‍ക്കാര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചേക്കുമെന്നും പ്രതിമയുടെ തകര്‍ച്ചയില്‍ സമഗ്രമായി അന്വേഷണം നടത്തുമെന്നും വൈഭവ് നായിക് പറഞ്ഞു.
അതേസമയം പ്രതിമ തകരാനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. മാല്‍വാനില്‍ കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയും ശക്തമായ കാറ്റുമാണ് തകര്‍ച്ചയ്ക്ക് കാരണമായതെന്നാണ് നിഗമനം. സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി രവീന്ദ്ര ചവാന് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രതിമ തകര്‍ന്നതിനെ തുടര്‍ന്ന് പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.