ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിന് മുന്നോടിയായി മെഗാ ലേലം നടക്കാനിരിക്കുകയാണ്. ഓരോ ടീമിലും വലിയ തോതിലുള്ള അഴിച്ചുപണികള്‍ ഉണ്ടായേക്കും. എത്ര പേരെ നിലനിര്‍ത്താനാവുമെന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. താരാധിക്യമുള്ള മുംബൈ ഇന്ത്യന്‍സിനെ ഉറ്റുനോക്കുന്ന നിരവധി പേരുണ്ട്. സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരെല്ലാം മുംബൈയിലാണ്. ഇവരില്‍ ആരൊക്കെ നിലനില്ക്കും, ആരെല്ലാം വിട്ടുപോവും എന്ന ആശങ്കയിലാണ് ആരാധകര്‍.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക, രോഹിത് ശര്‍മയെ ലക്ഷ്യംവയ്ക്കുന്നുണ്ടെന്നാണ് ഉയരുന്ന അഭ്യൂഹങ്ങള്‍. 50 കോടി രൂപ ശമ്പള പാക്കേജില്‍ അദ്ദേഹം രോഹിത് ശര്‍മയെ വിളിച്ചെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് ഉയരുന്ന അഭ്യൂഹങ്ങള്‍ ശരിയാണോ എന്ന ചോദ്യത്തിന്, രോഹിത് ലേലത്തില്‍ വരുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുചോദ്യം.
‘നിങ്ങള്‍ ഒരു കാര്യം പറയുന്നു. നിങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ അറിയുമോ, രോഹിത് ശര്‍മ ലേലത്തില്‍ വരുമോ ഇല്ലയോ എന്നത്? അകാരണമായിട്ടുള്ളതാണ് ഈ അഭ്യൂഹങ്ങളെല്ലാം. മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ വിട്ടുനല്‍കുമോ ഇല്ലയോ, രോഹിത് ലേലത്തില്‍ വരുമോ ഇല്ലയോ, ഇനി വന്നാല്‍ത്തന്നെ ആകെ തുകയുടെ പകുതി ഒരു താരത്തിന് നല്കിയാല്, മറ്റു താരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാനാവും? സഞ്ജീവ് ഗോയങ്ക ചോദിച്ചു.
ടീമില്‍ ആഗ്രഹിക്കുന്നവരുടെ പട്ടികയില്‍ രോഹിത്തുണ്ടോ എന്ന ചോദ്യത്തിന് എല്ലാ ടീമുകളും മികച്ച കളിക്കാരനെയും മികച്ച ക്യാപ്റ്റനെയും ആഗ്രഹിക്കുന്നുവെന്ന് മറുപടി നല്കി. എല്ലാ കളിക്കാരെയും കൊണ്ടുവരാന്‍ ആഗ്രഹം ഉണ്ട്. പക്ഷേ, എല്ലാവരെയും ലഭ്യമായിക്കൊള്ളണമെന്നില്ല. ലഭ്യമായത് തിരഞ്ഞെടുക്കണം. നമുക്കുള്ളതുപോലെത്തന്നെയുള്ള ആഗ്രഹങ്ങള്‍ എല്ലാ ഫ്രാഞ്ചൈസികള്ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.