ന്യൂഡൽഹി: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാൻ കോൺഗ്രസും സി.പി.എമ്മും ധാരണയായി. ഇതിന്റെ ഭാഗമായി ഒരുസീറ്റ് സി.പി.എമ്മിന് നൽകി ബാക്കി 89 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇടതുപക്ഷത്തിനും കർഷക സംഘടനകൾക്കും സ്വാധീനമുള്ള ഭിവാനി മണ്ഡലമാണ് സി.പി.എമ്മിന് നൽകിയത്. മുതിർന്നനേതാവ് ഓംപ്രകാശാണ് സ്ഥാനാർഥി.
അതേസമയം, സി.പി.ഐ.യുമായി കോൺഗ്രസിന് ധാരണയിലെത്താനായില്ല. കോൺഗ്രസ് വാഗ്ദാനംചെയ്ത സോഹ്ന സീറ്റ് വേണ്ടെന്ന നിലപാടിലായിരുന്നു സി.പി.ഐ. നേതൃത്വം. ആം ആദ്മി പാർട്ടിയുമായുള്ള കോൺഗ്രസിന്റെ ചർച്ചകളും പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് അഞ്ചാമത്തേതും അവസാനത്തേതുമായ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. ഇതോടെ സംസ്ഥാനത്തെ 89 മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളായി. ശേഷിക്കുന്ന ഭിവാനി സീറ്റ് സി.പി.എമ്മിനായി കോണ്‍ഗ്രസ് നീക്കിവെക്കുകയായിരുന്നു.
നേരത്തേ ബുധനാഴ്ച രാത്രി പുറത്തുവിട്ട നാലാമത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ അഞ്ച് സ്ഥാനാര്‍ഥികളുടെ പേരുകളാണുള്ളത്. മാധ്യമപ്രവര്ത്തകന് സര്‍വ മിത്ര കംബോജിനെ കോണ്‍ഗ്രസ് സിര്‍സ ജില്ലയിലെ റാനിയ മണ്ഡലത്തില്‍ മത്സരിപ്പിക്കും. അടുത്തിടെയാണ് കാംബോജ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.