അഫ്ഗാനിസ്താന് – ന്യൂസീലന്‍ഡ് ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ മത്സരവും ഒരു പന്തുപോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിച്ചതോടെ ഇന്ത്യ ഒരുക്കിയ വേദിയും സൗകര്യങ്ങളും വിവാദത്തില്‍. ഗ്രേറ്റര്‍ നോയിഡയിലെ ഷഹീദ് വിജയ് സിങ് പതിക് സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയമാണ് വിവാദത്തിലായിരിക്കുന്നത്. രണ്ട് രാജ്യാന്തര ടീമുകള്‍ക്കും ഒരു അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിനും ഒരുക്കിയ സൗകര്യങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കുന്ന ടെസ്റ്റ് മത്സരമാണിതെന്ന് ഓര്‍ക്കണം.
ആഭ്യന്തര സംഘര്‍ഷം കാരണം അഫ്ഗാനിസ്താനില്‍ കളിക്കാന്‍ ന്യൂസീലന്‍ഡ് ബുദ്ധിമുട്ട് അറിയിച്ചതിനെ തുടര്‍ന്നാണ് നിഷ്പക്ഷ വേദിയെന്ന നിലയില്‍ മത്സരം ഇന്ത്യയിലാക്കിയത്. അഫ്ഗാന് ടീമിന് നേരത്തേ തന്നെ ഇന്ത്യ പരിശീലനത്തിനും മറ്റും സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട്. എന്നാല്‍ പരമ്പരയിലെ ഒരേയൊരു ടെസ്റ്റ് മത്സരത്തിനായി അനുവദിച്ച വേദിയുടെ തിരഞ്ഞെടുപ്പ് പാളി.
ആദ്യ ദിനം മഴ പെയ്തതോടെ പിച്ചും ഔട്ട്ഫീല്‍ഡും മത്സരത്തിന് അനുയോജ്യമല്ലായിരുന്നു. എങ്കിലും ഔട്ട്ഫീല്‍ഡ് പൂര്‍ണമായും മൂടിയിടാന്‍ സാധിക്കാതിരുന്നതും പരിചയസമ്പന്നരായ ഗ്രൗണ്ട് സ്റ്റാഫിന്റെ അഭാവവും തിരിച്ചടിയായി. സൂപ്പര്‍ സോപ്പര്‍ പോലുള്ള ആധുനിക സൗകര്യങ്ങളൊന്നും തന്നെ ഒരു അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിന് ഒരുക്കാന്‍ സാധിച്ചില്ല. ഗ്രൗണ്ട് ഉണക്കാന്‍ പെഡസ്റ്റല്‍ ഫാന്‍ ഉപയോഗിക്കുന്ന ഗ്രൗണ്ട് സ്റ്റാഫിന്റെ ചിത്രം നാണക്കേടായി. മഴ പെയ്യാതിരുന്ന രണ്ടാം ദിവസം പോലും ഗ്രൗണ്ട് മത്സരത്തിന് സജ്ജമാക്കാന്‍ സ്റ്റാഫിന് സാധിച്ചില്ല. തലേന്ന് പെയ്ത മഴവെള്ളം പോലും പൂര്‍ണമായി നീക്കംചെയ്യാന്‍ ഗ്രൗണ്ട് സ്റ്റാഫിന് സാധിക്കാതിരുന്നത് അവരുടെ പരിചയക്കുറവിന്റെ നേര്‍സാക്ഷ്യമായി. ഇതിനിടെ ഇതിലും സൗകര്യങ്ങളുള്ള സ്റ്റേഡിയം അഫ്ഗാനിസ്താനിലുണ്ടെന്ന് അഫ്ഗാന് അധികൃതരില്‍ ഒരാള്‍ ഒരു മാധ്യമത്തോട് പ്രതികരിക്കുക കൂടി ചെയ്തതോടെ ഗ്രേറ്റര്‍ നോയിഡ അധികാരികള്‍ പ്രതിക്കൂട്ടിലായി. ഗ്രേറ്റര്‍ നോയിഡ ഇന്റസ്ട്രിയല്‍ ഡവലപ്മെന്റ് അതോറിറ്റിക്കാണ് ഗ്രൗണ്ടിന്റെ ചുമതലയുള്ളത്.
അഫ്ഗാനിസ്താന് ക്രിക്കറ്റ് ബോര്‍ഡും ഗ്രേറ്റര്‍ നോയിഡ അതോറിറ്റിയും പണം സമ്പാദിക്കാന്‍ ഒരു ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. മഴ പ്രശ്നമാകുമെന്ന കാര്യം അറിയാമായിരുന്നിട്ടും അത് കാര്യമാക്കിയില്ലെന്നും ബന്ധപ്പെട്ടവര്‍ ആരോപിക്കുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐക്ക് ഉത്തരവാദിത്തമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മത്സരത്തിനായി ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയമോ കാണ്‍പുരിലെ ഗ്രീന്‍ പാര്‍ക്കോ തിരഞ്ഞെടുക്കാമെന്ന് ബിസിസിഐ അഫ്ഗാനെ അറിയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഏറെ പരിചിതവും താരതമ്യേന ചെലവുകുറഞ്ഞതുമായ ഗ്രേറ്റര്‍ നോയിഡയിലെ ഷഹീദ് വിജയ് സിങ് പതിക് സ്പോര്‍ട്സ് കോംപ്ലക്സ് തിരഞ്ഞെടുത്തത് അഫ്ഗാന് ക്രിക്കറ്റ് ബോര്‍ഡാണ്.
ഒരുപക്ഷേ ഗ്രേറ്റര്‍ നോയിഡയിലെ ഈ സ്റ്റേഡിയത്തില്‍ നടക്കുന്ന അവസാന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരവും ഇതായേക്കും. രണ്ടു ദിവസത്തെ കളി ഉപേക്ഷിച്ചതോടെ മാച്ച് റഫറി ജവഗല്‍ ശ്രീനാഥിന്റെ റിപ്പോര്‍ട്ട് ഇക്കാര്യത്തില്‍ നിര്‍ണായകമായേക്കും. 2019 മുതല്‍ ബിസിസിഐ ആഭ്യന്തര മത്സരങ്ങള്‍ക്കു പോലും ഈ വേദി തിരഞ്ഞെടുത്തിട്ടില്ല. നേരിട്ട് ബിസിസിഐയുടെ കീഴില്‍ വരുന്ന സ്റ്റേഡിയവും അല്ല ഗ്രേറ്റര്‍ നോയിഡയിലേത്. ഇത്തരം നിലവാരമില്ലാത്ത സാഹചര്യത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചതു തന്നെ വേദിക്ക് ഭാവിയില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) വിലക്ക് വരാന്‍ കാരണമായേക്കും.
2023 നവംബറില്‍ പ്രാബല്യത്തില്‍ വന്ന ഐസിസി ‘പിച്ച് ആന്‍ഡ് ഔട്ട്ഫീല്‍ഡ് മോണിറ്ററിങ് പ്രോസസ്’ പ്രകാരം, രാജ്യാന്തര വേദികളിലെ ഓരോ മത്സരശേഷവും മാച്ച് റഫറി, പിച്ച്, ഔട്ട്ഫീല്‍ഡ് റിപ്പോര്‍ട്ട് ഫോം പൂരിപ്പിച്ച് ഐസിസി സീനിയര്‍ ക്രിക്കറ്റ് ഓപ്പറേഷന്‍സ് മാനേജര്‍ക്ക് അയക്കണം.
പിച്ചിന്റെയും ഔട്ട്ഫീല്‍ഡിന്റെയും റേറ്റിങ് അടങ്ങുന്നതായിരിക്കും പിച്ച് ആന്‍ഡ് ഔട്ട്ഫീല്‍ഡ് റിപ്പോര്‍ട്ട് ഫോം. ആവശ്യമെങ്കില്‍ കളിച്ച രണ്ട് ടീമുകളുടെയും ക്യാപ്റ്റന്മാര്, മത്സരം നിയന്ത്രിച്ച അമ്പയര്‍മാര്‍ എന്നിവരുടെ പിച്ചിനെയും ഔട്ട്ഫീല്ഡിനെയും കുറിച്ചുള്ള അഭിപ്രായങ്ങളും ഉള്‍പ്പെടുത്തും. പിച്ച് ആന്‍ഡ് ഔട്ട്ഫീല്‍ഡ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ഐസിസി സീനിയര്‍ ക്രിക്കറ്റ് ഓപ്പറേഷന്‍സ് മാനേജര്‍ക്ക് ആ വേദിക്ക് ഡീമെറിറ്റ് പോയന്റ് ചുമത്താം. മാച്ച് റഫറി പിച്ചോ ഔട്ട്ഫീല്‍ഡോ തൃപ്തികരമല്ലെന്നോ മത്സരത്തിന് യോഗ്യമല്ലെന്നോ വിലയിരുത്തി നല്കുന്ന റേറ്റിങ്ങും ഇതിന് അടിസ്ഥാനമാകും.
ഈ ഡീമെറിറ്റ് പോയന്റുകള്‍ അഞ്ചു വര്‍ഷത്തേക്ക് സജീവമായി തുടരും. ആറോ അതിലധികമോ ഡീമെറിറ്റ് പോയന്റ് ലഭിച്ചാല്‍ ആ വേദിയെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്ന് 12 മാസത്തേക്ക് വിലക്കും.