തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ 12-ാം സമ്മേളനം ആരംഭിച്ചു. വയനാട്, കോഴിക്കോട് ജില്ലകളിൽ നടന്ന ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടായിരുന്നു സഭ ആരംഭിച്ചത്. ദുരിതബാധിതർക്കൊപ്പം സർക്കാർ ഉണ്ടാകുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. പ്രകൃതി സൗന്ദര്യം കൊണ്ട് എപ്പോഴും നമ്മെ മാടിവിളിച്ചിരുന്ന ചൂരൽമലയും മേപ്പാടിയുമടക്കമുള്ള വയനാടൻ ഗ്രാമങ്ങൾ താങ്ങാനാകാത്ത ഹൃദയവേദനയായി മാറിയെന്നും പുനരധിവാസ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
സമാനതകളില്ലാത്ത മഹാദുരന്തമാണ് മുണ്ടക്കൈ, ചൂരൽമല പ്രദേശത്തുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ഇന്നുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ഉരുൾപൊട്ടലുകളുടെ ഗണത്തിൽ പെടുന്നതാണ് ഈ ദുരന്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥവ്യതിയാനം മൂലം പ്രാദേശികമായി ഉണ്ടാകുന്ന അതിതീവ്രമഴയാണ് ഉരുൾപൊട്ടലിന്റെ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നീ സ്ഥലങ്ങളെ നേരിട്ട് ബാധിച്ച ഈ ദുരന്തത്തിൽ 231 ജീവനുകൾ നഷ്ടപ്പെടുകയും, 47 പേരെ കാണാതാവുകയും ചെയ്തു. 145 വീടുകൾ പൂർണ്ണമായും, 170 എണ്ണം ഭാഗികമായും തകർന്നു. 240 വീടുകൾ വാസയോഗ്യമല്ലാതാവുകയും, 183 വീടുകൾ ഒഴുകിപ്പോവുകയും ചെയ്തു. ശാസ്ത്രീയ പഠനത്തിന്റെ വെളിച്ചത്തിൽ വാസയോഗ്യമല്ല എന്ന് കണ്ടെത്തിയിരിക്കുന്ന സ്ഥലങ്ങളിലാകട്ടെ കൂടുതൽ വീടുകളുണ്ട്. കടകൾ, ജീവനോപാധികൾ, വാഹനങ്ങൾ, കൃഷി, വളർത്തുമൃഗങ്ങൾ എന്നിവയെല്ലാം ചേർന്ന് ചുരുങ്ങിയത് 1,200 കോടി രൂപയുടെ നഷ്ടം എങ്കിലും മേപ്പാടിയിൽ ഉണ്ടായിട്ടുണ്ട്.
ഇതേ ദിവസം തന്നെയാണ് കോഴിക്കോട് ജില്ലയിലെ വാണിമേൽ പഞ്ചായത്തിലെ വിലങ്ങാടിലും ഉരുൾപൊട്ടൽ ഉണ്ടായത്. കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക് പ്രകാരം 48 മണിക്കൂറിൽ 307 മില്ലിമീറ്റർ മഴയാണ് വിലങ്ങാടിൽ രേഖപ്പെടുത്തപ്പെട്ടത്. അവിടെ ഒരു വിലപ്പെട്ട ജീവനും വീടുകൾ, കടകൾ, ജീവനോപാധികൾ, വാഹനങ്ങൾ, കൃഷി, വളർത്തുമൃഗങ്ങൾ എന്നിവയും നഷ്ട്ടപ്പെട്ടിട്ടുണ്ട്. അവയെല്ലാം ചേർന്ന് ചുരുങ്ങിയത് 217 കോടി രൂപയുടെ നഷ്ടം എങ്കിലും വിലങ്ങാടിൽ ഉണ്ടായിട്ടുണ്ട്.
മനുഷ്യന്റെ ഇടപെടലുകൾ ഒട്ടും തന്നെയില്ലാത്തതും വനത്തിനകത്തുള്ളതുമായ പ്രഭവകേന്ദ്രത്തിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള പ്രദേശങ്ങളെ പോലും തകർത്ത് തരിപ്പണമാക്കിയാണ് മേപ്പാടിയിൽ ഉരുൾപൊട്ടിയിറങ്ങിയത്. വിലങ്ങാടിലും മേപ്പാടിയിലും ജനങ്ങളുടെയും, സന്നദ്ധ പ്രവർത്തകരുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, ജില്ലാ ഭരണ സംവിധാനങ്ങളുടെയും ജാഗ്രതയുടെ ഫലമായി നിരവധി ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്.
മേപ്പാടിയിലെ ദുരന്തത്തെ അതിജീവിച്ച 794 കുടുംബങ്ങൾ നിലവിൽ വാടക വീടുകളിലാണ് താമസിക്കുന്നത്. വിലങ്ങാടിൽ 30 കുടുംബങ്ങളാണ് വാടക വീടുകളിൽ കഴിയുന്നത്. മേപ്പാടിയിലെ അതിജീവിതർക്കായി സുരക്ഷിതമായ ടൗൺഷിപ്പ് നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. വിലങ്ങാടിലും സമഗ്രമായ പുനരധിവാസം ഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. രണ്ടിടങ്ങളിലെയും അതിജീവിതർക്കു വേണ്ട അടിയന്തര സഹായങ്ങൾ എല്ലാം തന്നെ സംസ്ഥാന സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്.
ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി അടിക്കടി പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന നാടായി കേരളം മാറുന്നു. ഇനിയും ആവർത്തിക്കപ്പെടാൻ സാധ്യതയുള്ള ഇത്തരം ദുരന്തങ്ങളെ പ്രതിരോധിക്കാനും അവയുടെ ആഘാതം പരമാവധി ലഘൂകരിക്കാനും സംസ്ഥാന സർക്കാർ ഒരു ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ മിഷൻ രൂപീകരിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിൻറെ പശ്ചാത്തലത്തിൽ കേരള കേന്ദ്രീകൃത ഗവേഷണങ്ങൾ നടത്താനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചിട്ടുമുണ്ട്- മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
വയനാട് ദുരന്തം എല്ലാവരുടേയും മനസ്സിനുണ്ടാക്കിയ നോവ് നമ്മുടെ ജീവിതവസാനം വരെ കൂടെ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സമീപകാലത്ത് നമ്മൾ കണ്ട ഏറ്റവും വലിയ സങ്കടങ്ങളാണ് വയനാട്ടിൽ നമ്മൾ കണ്ടത്. നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടു, ഒരുപാട് പേർ അനാഥരായി. ഓരോ കുടുംബത്തിനും ഓരോ സങ്കടങ്ങളാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർത്തിയാകും വരെ പ്രതിപക്ഷത്തിന്റെ പൂർണമായ പിന്തുണയുണ്ടാകും എന്ന് വി.ഡി. സതീശൻ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുമ്പോട്ടുകൊണ്ടുപോകണമെന്നും വിമർശനങ്ങൾ വലിച്ചു വരുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന്, പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം വലിയൊരു സഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ല – പ്രതിപക്ഷ നേതാവ് പറഞ്ഞു.