സാഗര്‍: മധ്യപ്രദേശിലെ നഗരത്തില്‍ വന്‍ മോഷണം. കണ്ടെയ്നര്‍ ട്രക്കില്‍ നിന്ന് 11 കോടി രൂപ വിലമതിക്കുന്ന 1500-ഓളം ഐഫോണുകള്‍ മോഷ്ടിക്കപ്പെട്ടു. ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് ചെന്നൈയിലേക്ക് ഐഫോണുകള്‍ കൊണ്ടുപോകുന്നതിനിടയില്‍ നര്‍സിങ്പുര്‍ ജില്ലയില്‍ വെച്ചാണ് സംഭവം.
തങ്ങളെ ആക്രമിച്ചതിന് ശേഷം കവര്‍ച്ച നടത്തുകയായിരുന്നുവെന്നാണ് ട്രക്കിലുണ്ടായിരുന്നവര്‍ പറയുന്നത്. ഡ്രൈവറെ മയക്കുമരുന്ന് കുത്തിവെക്കുകയും വായ്മൂടിക്കെട്ടുകയും ചെയ്തുവെന്നും പറയുന്നു. ആഗസ്ത് 15-നാണ് മോഷണം നടക്കുന്നത്.
ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ കമ്പനി ഇതുവരെ പരാതിപ്പെട്ടിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം വൈകാതെ കേസെടുക്കുമെന്നും അഡിഷണല്‍ എസ്.പി സഞ്ജയ് പറഞ്ഞു. കേസില്‍ അലംഭാവം കാട്ടിയെന്ന് കാണിച്ച് മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയെടുത്തിട്ടുണ്ട്.
സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്. ട്രക്കിലുണ്ടായിരുന്നവരുടെ മൊഴികള്‍ ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ട്രക്കില്‍ നിന്നുള്ള ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.