കൊച്ചി: എ.ഡി.ജി.പി.- ആര്.എസ്.എസ്. കൂടിക്കാഴ്ച വിവാദത്തില്‍ പ്രതികരിച്ച് ആര്.എസ്.എസ്. സമ്പര്‍ക്ക് പ്രമുഖ് എ. ജയകുമാര്‍. ഇത് ആദ്യമായിട്ടല്ല കേരളത്തിലെ ഒരു എ.ഡി.ജി.പി., ആര്.എസ്.എസ്. അധികാരിയെ കാണാന്‍ വരുന്നതെന്നും ഐ.എ.എസുകാരും ഐപിഎസുകാരും ചീഫ് സെക്രട്ടറിയും വരെ ആര്.എസ്.എസ്. നേതൃത്വവുമായി സംഭാഷണം നടത്തിയിട്ടുണ്ടെന്നും ജയകുമാർ ഫേയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
സമ്പര്‍ക്ക് പ്രമുഖ് എന്ന നിലയില്‍ ഇനിയും പ്രമുഖരുമായി കൂടിക്കാഴ്ചകള്‍ തുടരുമെന്നും ജയകുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. എ.ഡി.ജി.പി. എം.ആര്. അജിത് കുമാര്‍- ആര്.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കിയത് എ. ജയകുമാര്‍ ആയിരുന്നു എന്നാണ് പുറത്തെത്തുവന്ന വിവരം.
കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ജയകുമാറിന് സംസ്ഥാന പോലീസ് നോട്ടീസ് അയച്ചിരുന്നു. മൊഴി നല്കാന് ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തന്റെ പൊതുജീവിതത്തില്‍ താന്‍ ചെന്നുകണ്ടവരുടെയും തന്നെ വന്നുകണ്ടവരുടെയും തന്നോടൊപ്പംവന്ന് സംഘ അധികാരികളെ കണ്ട മറ്റ് ഉദ്യോഗസ്ഥരുടെയും ലിസ്റ്റ് തിരഞ്ഞുപോയാല്‍ അതില്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും മതവിഭാഗങ്ങളിലും പെടുന്ന നൂറുകണക്കിന് നേതാക്കളുണ്ടാകും. അതിനൊക്കെ നോട്ടീസ് അയക്കാന്‍ തുടങ്ങിയാല്‍ ഇതിനായി ഒരു പുതിയ ഡിപ്പാര്‍ട്മെന്റ് സര്‍ക്കാര്‍ ആരംഭിക്കേണ്ടി വരുമെന്ന പരിഹാസവും ജയകുമാര്‍ കുറിപ്പില്‍ നടത്തുന്നുണ്ട്.
എ.ഡി.ജി.പി.- ആര്.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ കൂടിക്കാഴ്ചയേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തിയത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഈ കൂടിക്കാഴ്ചയിലെ സാന്നിധ്യമായിരുന്നു ആര്.എസ്.എസ്. സമ്പര്‍ക്ക് പ്രമുഖ് എ. ജയകുമാര്‍.
സമ്പര്‍ക്ക് പ്രമുഖ് എന്ന നിലയില്‍ ഇനിയും പ്രമുഖരുമായ കൂടിക്കാഴ്ചകള്‍ തുടരുമെന്നും നോട്ടീസ് കിട്ടിയാലും ഇല്ലെങ്കിലും കൂടിക്കാഴ്ചകളിലെ അന്തസ്സാരം വഴിയേ ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും പറഞ്ഞാണ് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.