തെന്മല(കൊല്ലം): പുനലൂർ-ചെങ്കോട്ട റെയിൽപ്പാതയിൽ അർധരാത്രി തീവണ്ടിയിൽനിന്നുവീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുനെൽവേലി അയ്യാപുരം സ്വദേശി മധുസൂദനാ(19)ണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ഒറ്റക്കൽ-ഇടമൺ സ്റ്റേഷനുകൾക്കിടയിൽ ഉദയഗിരി ഭാഗത്താണ് അപകടം. ഇവിടം വന്യമൃഗശല്യം രൂക്ഷമായ മേഖലയാണ്.
തൂത്തുക്കുടിയിലേക്കുള്ള പാലരുവി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് യുവാവ് അപകടത്തിൽപ്പെട്ടത്. മധുസൂദൻ ശൗചാലയത്തിൽപോയി തിരികെ വരുന്നതിനിടെ തീവണ്ടിയുടെ കതകുതട്ടി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുക്കൾ റെയിൽവേ സംരക്ഷണസേനയെ വിവരമറിയിച്ചു.
വീണുകിടന്ന സ്ഥലത്തിന്റെ ലൊക്കേഷൻ യുവാവ് മൊബൈൽ ഫോൺവഴി ബന്ധുക്കൾക്ക് അയച്ചുകൊടുത്തു. ഇതുപയോഗിച്ചു നടത്തിയ തിരച്ചിലിൽ അരമണിക്കൂറിനുശേഷം യുവാവിനെ കണ്ടെത്തി. കാലിനു പരിക്കേറ്റ യുവാവിനെ ആനപെട്ടകോങ്കൽ ഭാഗത്തേക്ക് എത്തിക്കുകയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. ഓച്ചിറയിൽനിന്ന് തിരുനെൽവേലിയിലേക്ക് ബന്ധുക്കൾക്കൊപ്പം ഓണാവധിക്ക് പോകുകയായിരുന്നു മധുസൂദൻ.
പുനലൂർ-ചെങ്കോട്ട റെയിൽപ്പാതയിൽ സ്ഥിരമായി അപകടം നടക്കുന്ന സ്ഥലത്താണ് മധുസൂദൻ വീണത്. തെറിച്ചുവീണഭാഗത്ത് പുല്ലും വള്ളിപ്പടർപ്പും നിറഞ്ഞതിനാലാണ് ജീവൻ തിരിച്ചുകിട്ടിയത്. ആർ.പി.എഫ്. ഉദ്യോഗസ്ഥനായ ജയകുമാർ, പ്രിയേഷ് ബാബു, ബോഡ ശിവജി എന്നിവരാണ് തിരച്ചിലിനു നേതൃത്വം നൽകിയത്.