ജറുസലേം: ലെബനനിലെ സായുധസംഘവും രാഷ്ട്രീയശക്തിയുമായ ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്രള്ളയെ കൊലപ്പെടുത്താൻ ഇസ്രയേൽ ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചതായി ഇറാൻ ആരോപണം. 5000 പൗണ്ട് ബങ്കർ ബസ്റ്റർ ബോംബ് ഉപയോഗിച്ചതായാണ് ആരോപണം. യു.എസ് നൽകിയ ബോംബുകളാണ് ഇസ്രയേൽ ഉപയോഗിച്ചതെന്നും ഇറാൻ പറയുന്നു.
യു.എസ് സൈന്യം വികസിപ്പിച്ചെടുത്ത ആയുധങ്ങളാണ് ബസ്റ്റർ ബോംബുകൾ. സൈനിക ബങ്കറുകൾ, ഭൂഗർഭ നിർമിതികൾ തുടങ്ങി പരമ്പരാഗത യുദ്ധോപരണങ്ങൾക്ക് നശിപ്പിക്കാൻ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങൾ തകർക്കുന്നതിനാണ് ബസ്റ്റർ ബോംബുകൾ ഉപയോഗിക്കുന്നത്. കാലക്രമേണ, ഇവ യുദ്ധത്തിൽ അത്യന്താപേക്ഷിതമായി മാറുകയായിരുന്നു. നിർണായകമായ ലക്ഷ്യസ്ഥാനങ്ങൾ നിർവീര്യമാക്കുന്നതിന് ഇവ സേനകളെ പ്രാപ്തരാക്കുന്നു.
മണ്ണ്, പാറ മുതൽ കോൺക്രീറ്റ് പോലും തുളച്ചുകയറാൻമാത്രം ശക്തിയുള്ളതാണ് ബങ്കർ ബസ്റ്റർ ബോംബുകൾ. അതുതന്നെയാണ് ഇവയുടെ പ്രത്യേകതയും. ശക്തമായ വസ്തുക്കൾ ഉപയോഗിച്ചാണ് ബോംബിന്റെ കേയ്സുകൾ (Case) നിർമിച്ചിട്ടുള്ളത്. ലക്ഷ്യസ്ഥാനത്തേക്ക് ആഴത്തിൽ കടന്നുകയറി വൻ ആഘാതമുണ്ടാക്കാൻ പോന്നതാണ് ഇത്തരം ബോംബുകൾ.
ലക്ഷ്യസ്ഥാനം ഉറപ്പാക്കുന്നതിന് ലേസർ ഗൈഡഡ്, അല്ലെങ്കിൽ ജി.പി.എസ് സംവിധനം ഉപയോഗപ്പെടുത്തുന്ന ബോംബുകളുമുണ്ട്. അൽപം വൈകിമാത്രം പ്രവർത്തിക്കുന്നവയാണ് ഇത്തരം ബോംബുകളുടെ ഫ്യൂസ്. ലക്ഷ്യസ്ഥാനത്തേക്ക് തുളച്ചെത്തിയതിന് ശേഷം മാത്രമേ ഇവ പൊട്ടിത്തെറിക്കാൻ പാടുള്ളൂ എന്നതാണ് ഉദ്ദേശ്യം.
ശനിയാഴ്ച പുലർച്ചെയായിരുന്നു ബയ്റുത്തിലെ വ്യോമാക്രമണത്തിൽ നസ്രള്ള കൊല്ലപ്പെട്ടത്. ലോകത്തെ ഭീതിപ്പെടുത്താൻ നസ്രള്ള ഇനിയില്ലെന്ന ആമുഖത്തോടെ ഇസ്രയേൽ സൈന്യമാണ് മരണവാർത്ത അറിയിച്ചത്. പിന്നീടിത് ഹിസ്ബുള്ളയും ഇക്കാര്യം സ്ഥിരീകരിച്ചു. നസ്രള്ളയെ വധിച്ചെന്ന പ്രഖ്യാപനത്തിനു പിന്നാലെ തങ്ങളെ ഭീക്ഷണിപ്പെടുത്തുന്ന ആരിലേക്കും എത്തുമെന്ന് ഇസ്രയേൽ സൈനികമേധാവി പറഞ്ഞു. ബയ്റുത്ത് ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടെന്നും 91 പേർക്ക് പരിക്കേറ്റെന്നും ലെബനൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആറുകെട്ടിടങ്ങൾ തകർന്നു.