ടെലഗ്രാം സ്ഥാപകന്‍ പാവെല്‍ ഡൂറോവിന്റെ അറസ്റ്റ് സാമൂഹികമാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ വലിയ ഞെട്ടലാണുളവാക്കിയത്. പാരിസിന് സമീപമുള്ള ലേ ബൂര്‍ജേ വിമാനത്താവളത്തില്‍ വെച്ച് ഓഗസ്റ്റ് 24 നായിരുന്നു ഡൂറോവിനെ ഫ്രഞ്ച് അധികൃതര്‍ അറസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിനുപിന്നാലെയാണ് ഡൂറോവിനെതിരേ ഫ്രഞ്ച് അധികൃതര്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ടെലഗ്രാം ആപ്പിലൂടെ കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നതാണ് കമ്പനി സി.ഇ.ഒ. കൂടിയായ ഡൂറോവിനെതിരായ പ്രധാന ആരോപണം.
ഒരുപക്ഷേ ഡൂറോവിന്റെ അറസ്റ്റിനേക്കാളും ചര്‍ച്ചയായിരിക്കുന്നത് യാത്രയില്‍ ഡൂറോവിനോടൊപ്പമുണ്ടായിരുന്ന ജൂലി വാവിലോവ എന്ന ഇരുപത്തിനാലുകാരിയാണ്. ഡൂറോവിന്റെ കാമുകിയാണ് ജൂലി വാവിലോവ എന്നാണ് അഭ്യൂഹങ്ങള്‍. ഡൂറോവിന്റെ യാത്രകളില്‍ എപ്പോഴും ഒപ്പമുണ്ടായിരുന്ന ജൂലിയുടെ സാമൂഹികമാധ്യമ പോസ്റ്റുകളിലൂടെയാണ് ഡൂറോവിന്റെ ലൊക്കേഷന്‍ കണ്ടെത്താന്‍ അധികൃതര്‍ക്ക് സഹായകമായത് എന്നാണ് സൂചന. ഡൂറോവിന്റെ അറസ്റ്റുമായി ജൂലി വാവിലോവിന് എന്തെങ്കിലും ബന്ധമുണ്ടോ അതോ യുവതി ഏതെങ്കിലും രഹസ്യഏജന്റാണോ എന്ന കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് സ്ഥിരീകരണം വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ജൂലി വാവിലോവയെ കുറിച്ച് നിരവധി കഥകളാണ് പ്രചരിക്കുന്നത്.
ജൂലി വാവിലോവയാണ് ഡൂറോവിന്റെ അറസ്റ്റിനുപിന്നിലെന്ന ബാപ്റ്റിസ്റ്റ് റോബര്‍ട്ട് എന്ന എക്സ് ഉപയോക്താവിന്റെ പോസ്റ്റോടെയാണ് ജൂലി വാവിലോവ ശ്രദ്ധാകേന്ദ്രമായത്. അറസ്റ്റിന് ദിവസങ്ങള്‍ക്കുമുമ്പ് ജൂലി വാവിലോവ ഡൂറോവിന്റെ കമ്പനിയില്‍ പലതവണ സന്ദര്‍ശനം നടത്തിയിരുന്നു. ഫ്രാന്സിലെത്തുന്നതിനുമുമ്പ് കസാക്കിസ്താന്‍, കിര്ഗിസ്താന്, അസെര്ബൈജാന് എന്നിവടങ്ങില്‍ ഇരുവരും യാത്ര ചെയ്തിരുന്നു. ശേഷം ഫ്രാന്‍സിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്.
ദുബായില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ജൂലി വാവിലോവ ക്രിപ്റ്റോ ഇന്‍സ്ട്രക്ടറും സോഷ്യല്‍ മീഡിയ ഇന്ഫ്ളുവന്സറുമാണെന്നാണ് അവരുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വ്യക്തമാക്കുന്നത്. ജൂലിയുടെ ആദ്യകാല സാമൂഹികമാധ്യമ പോസ്റ്റുകള്‍ പ്രധാനമായും യാത്ര, ഗെയ്മിങ്, വ്യായാമം, ക്രിപ്റ്റോകറന്‍സി എന്നിവയുമായി ബന്ധപ്പെട്ടുള്ളവയായിരുന്നു. ടെലഗ്രം, ഇന്‍സ്റ്റഗ്രാം, ട്വിച്ച്, ടിക്ടോക്, യൂട്യൂബ് തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകളില്‍ ജൂലി വാവിലോവ സജീവമായിരുന്നു. നിരവധി കണ്ടന്റുകള്‍ അവര്‍ ഷെയര്‍ ചെയ്തിരുന്നു. ഇംഗ്ലീഷ്, റഷ്യന്‍, സ്പാനിഷ്, അറബി തുടങ്ങിയ ഭാഷകളില്‍ ജൂലിയ്ക്ക് പ്രാവീണ്യമുണ്ട്.
സാമൂഹികമാധ്യമങ്ങളിലെ ചില കോണ്‍സ്പിറസി തിയറിസ്റ്റുകള് അഭിപ്രായപ്പെടുന്നത് ജൂലി വാവിലോവയ്ക്ക് ഇസ്രയേല്‍ ഇന്റലിജന്‍സ് ഏജന്‍സിയായ മൊസ്സാദുമായി ബന്ധമുണ്ടെന്നാണ്. ഈ ആരോപണം സ്ഥിരീകരിക്കുന്ന വിശദീകരണമൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഡൂറോവിന്റെ അറസ്റ്റില്‍ ജൂലി വാവിലോവയ്ക്ക് ബന്ധമുണ്ടോയെന്ന കാര്യത്തിലും ഇതുവരെ വ്യക്തതയില്ല. ഡൂറോവുമൊത്തുള്ള യാത്രകളുടെ ചിത്രങ്ങള്‍ ജൂലി സ്ഥിരമായി ഷെയര്‍ ചെയ്തിരുന്നത് ഇരുവരുടേയും ലൊക്കേഷന്‍ മനഃപൂര്‍വം വെളിപ്പെടുത്താനായിരുന്നുവെന്ന സംശയം ചിലര്‍ മുന്നോട്ടുവെച്ചു. ഡൂറോവിന്റെ അറസ്റ്റിനുശേഷം ജൂലി വാവിലോവയെ കുറിച്ച് യാതാരു വിവരവുമില്ലെന്ന് എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.
ഡൂറോവും ജൂലി വാവിലോവയുമായുള്ള ബന്ധം എത്തരത്തിലുള്ളതാണെന്ന കാര്യത്തില്‍ ഇതുവരേ വ്യക്തതയുണ്ടായിട്ടില്ല. കോടീശ്വരനായ പാവെല്‍ ഡൂറോവും ജൂലിയും ദുബായിലാണ് സ്ഥിരതാമസം. ഇരുവരും ചേര്‍ന്ന് വിവിധ രാജ്യങ്ങളില്‍ യാത്രകള്‍ നടത്തുന്നത് പതിവാണ്. യാത്രകളുടെ ചിത്രങ്ങള്‍ ജൂലി വാവിലോവ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതുകൊണ്ടുതന്നെ ജൂലി ഡൂറോവിന്റെ കാമുകിയായാണ് ഇവരുടെ ഫോളോവേഴ്സ് കരുതുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.