തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി 20 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി കുടുംബശ്രീ. സംസ്ഥാനത്തെ കുടുംബശ്രീ അംഗങ്ങളും ജീവനക്കാരും ആദ്യ ഘട്ടമായി സ്വരൂപിച്ച 20,07,05,682 രൂപയാണ് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറിയത്.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ്, കുടുംബശ്രീ എക്സി. ഡയറക്ടര്‍ ജാഫര്‍ മാലിക്, എക്സി. ഡയറക്ടര്‍ എ. ഗീത തുടങ്ങിയവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിക്ക് പണം കൈമാറിയത്.
ഇതു കൂടാതെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി വിപുലമായ പദ്ധതികളും വയനാട് കേന്ദ്രീകരിച്ച് കുടുംബശ്രീ നടത്തി വരുന്നുണ്ട്. ‘ഞങ്ങളുമുണ്ട് കൂടെ’ എന്ന് പേരിട്ട ക്യാംപയിനിലൂടെ ഇനിയും ഫണ്ട് സമാഹണവും തുടരുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കുടുംബശ്രീയെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അഭിനന്ദിച്ചു.
മനുഷ്യസ്നഹേത്തിന്റെ മഹത്തായ ചരിത്രമാണ് കുടുംബശ്രീ രചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ക്യാംപയിനില്‍ പങ്കാളികളായ മുഴുവന്‍ കുടുംബശ്രീ, അയല്‍ക്കൂട്ട, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെയും മന്ത്രി അഭിനന്ദിച്ചു.
അതേസമയം മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിപുലമായ പദ്ധതികളാണ് കുടുംബശ്രീ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് പ്രദേശത്തെ മൂന്ന് വാര്‍ഡുകളിലെയും കുടുംബ സര്‍വേ പൂര്‍ത്തിയാക്കിയത്.
ജില്ല ഭരണകൂടത്തിന്റെ നിര്‍ദേശാനുസരണമായിരുന്നു ഈ പദ്ധതി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓരോ കുടുംബങ്ങള്‍ക്കും ആവശ്യമായ മൈക്രോപ്ലാന്‍ തയ്യാറാക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
കൂടാതെ ദുരന്തത്തില്‍ മരണപ്പെട്ട അയല്‍ക്കൂട്ട അംഗങ്ങളായ 9 പേരുടെ ബന്ധുക്കള്‍ക്ക് കുടുംബശ്രീയുടെ ഇന്‍ഷൂറന്‍സ് പദ്ധതിയായ കുടുംബശ്രീ ജീവന് ദീപ പ്രകാരം ഏഴ് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപ വീതം ലഭ്യമാക്കിയിട്ടുണ്ട്.
ദുരന്തമേഖലയില്‍ തൊഴിലന്വേഷകര്‍ക്കായി ജില്ല ഭരണകൂടത്തോടൊപ്പം ചേര്‍ന്ന് കുടുംബശ്രീ സംഘടിപ്പിച്ച തൊഴില്‍ മേള വഴി 59 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും കുടുംബശ്രീക്കായിട്ടുണ്ട്. 127 പേരുടെ അന്തിമ പട്ടിക തയ്യാറാക്കി ഇവര്‍ക്കാവശ്യമായ തൊഴില്‍ കണ്ടെത്തുന്നതിനുള്ള ശ്രമവും കുടുംബശ്രീ ആരംഭിച്ചിട്ടുണ്ട്.