ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതിന് മുന്‍പ് വിരാട് കോലിയും രോഹിത് ശര്‍മയും പാകിസ്താന് സന്ദര്‍ശിക്കണമെന്ന് പാക് മുന്‍ താരം കമ്രാന്‍ അക്മല്‍. മറ്റെവിടെയുമില്ലാത്ത ആരാധകര്‍ പാകിസ്താനില്‍ ഇരുവര്ക്കുമുണ്ടെന്ന കാര്യം അനുഭവിക്കാന്‍ കഴിയും. കോലിയും രോഹിത്തും ജസ്പ്രീത് ബുംറയും പാകിസ്താന് സന്ദര്‍ശനം നടത്തിയാല്‍ അത് ഓരോ പാക് ആരാധകരിലും അതുല്യമായ വികാരമുണര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘വിരമിക്കുന്നതിന് മുന്‍പ് കോലിയും രോഹിത്തും പാകിസ്താന് സന്ദര്‍ശിക്കണം. ലോകക്രിക്കറ്റിലെ താരങ്ങളാണ് ഇരുവരും. ക്രിക്കറ്റ് കളിക്കാനായി ലോകതലത്തില്‍ സഞ്ചരിക്കുന്നവര്‍. മികച്ച ബാറ്റിങ്ങും മത്സരം കൈപ്പിടിയിലൊതുക്കാനുള്ള കഴിവും ഇരുവര്‍ക്കും നിരവധി ആരാധകരെ സൃഷ്ടിച്ചു. പാകിസ്താനില്‍ മറ്റെവിടെയും കാണാനാവാത്ത വിധത്തിലുള്ള ആരാധകവൃന്ദം അവര്‍ക്ക് അനുഭവിക്കാന്‍ കഴിയും. ആഗോളതലത്തിലെ മാതൃകാ പുരുഷനാണ് കോലി. രോഹിത് ലോകകപ്പ് വിജയിച്ച ക്യാപ്റ്റനാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച പേസറാണ് ബുംറ. മൂവരും പാകിസ്താന് സന്ദര്‍ശിച്ചാല്‍ അതുണര്‍ത്തുന്ന വികാരം അതുല്യമായിരിക്കും’, കമ്രാന്‍ അക്മല്‍ പറഞ്ഞു.
പാകിസ്താനില്‍ നിരവധി ആരാധകരാണ് വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും ഉള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളാല്‍ ഇരുവരും ഒരു അന്താരാഷ്ട്ര മത്സരംപോലും പാകിസ്താനില്‍ കളിച്ചിട്ടില്ല. എന്നാല്‍, വിരാട് കോലി അണ്ടര്‍-19 ടീമിലായിരിക്കേ പാകിസ്താന് സന്ദര്‍ശിച്ചിട്ടുണ്ട്. ടി20യില്നിന്ന് വിരമിച്ച ഇരുവരും ഇനി ടെസ്റ്റിലും ഏകദിനത്തിലും മാത്രമാണ് ഇന്ത്യക്കായി കളിക്കുക.